കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത ഫുൾബെഞ്ചിന് വിട്ട രണ്ടംഗബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ മടിച്ച് ഹൈക്കോടതി. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ എസ് ശശികുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേയ്ക്ക് മാറ്റി. ഹർജി നിലനിൽക്കുന്നതാണോയെന്ന കാര്യത്തിൽ ലോകായുക്ത ഫുൾബെഞ്ച് ജൂൺ 5നാണ് വാദം കേൾക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധി ദുർവിനിയോഗം നടത്തിയെന്ന ഹർജി നിലനിൽക്കുന്നതാണോയെന്ന് പരിശോധിക്കാനാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് ഫുൾബെഞ്ചിന് വിട്ടത്. മന്ത്രിസഭയുടെ തീരുമാനത്തിൽ ഇടപെടാനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ഫുൾബെഞ്ചിന് വിട്ടത്. ഇത് ചോദ്യം ചെയ്താണ് ശശികുമാറിന്റെ ഹർജി.
ദുരിതാശ്വാസനിധി ദുർവിനിയോഗത്തിൽ നേരത്തെ ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തുകയും ഹർജി നിലനിൽക്കുന്നതാണെന്ന് കണ്ടെത്തി 2019 ജനുവരി 14ന് ഫുൾബെഞ്ച് ഉത്തരവിട്ടതുമാണ്. വീണ്ടും ഹർജിയുടെ സാധുത പരിശോധിക്കുന്നത് ആ ഉത്തരവിനെതിരാണ്. ഇത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. വാദം കേട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചുതന്നെ ഹർജിയിൽ ഉത്തരവ് പറയാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |