തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ഉറപ്പാക്കാൻ ബാദ്ധ്യസ്ഥരായ കോർപ്പറേഷന്റെ ആസ്ഥാനത്ത് തന്നെ അനധികൃത നിർമ്മാണം തകൃതി. മൂന്നു നിലകെട്ടിടമാണ് നിയമങ്ങൾ കാറ്റിൽ പറത്തി പണിതുയർത്തുന്നത്. ഹെറിട്ടേജ് സോണിൽ ഉൾപ്പെടുന്ന മേഖലയിലാണ് കോർപ്പറേഷൻ ആസ്ഥാനം. റോഡിൽ നിന്നും 9മീറ്റർ അകലം പാലിച്ചേ നിർമ്മാണം പാടൂള്ളൂ. രണ്ടു നിലയിൽ കൂടുതൽ പണിയാനും സാധിക്കില്ല. ഈ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കോർപ്പറേഷൻ ആസ്ഥാനത്ത് നടക്കുന്നത്. ഈ പ്രദേശത്ത് വീടുവയ്ക്കാനായി അനുമതി തേടിയവരോട് നിയമം കർശനമായി പാലിച്ചേ മതിയാകൂവെന്ന് കോർപ്പറേഷൻ നിർദ്ദേശിച്ചതോടെ ആറ് സെന്റ് ഉള്ളവർ പോലും വീട് നിർമ്മാണം ഉപേക്ഷിച്ചിരുന്നു. കവടിയാർ കൊട്ടാരം മുതൽ പാളയം രക്തസാക്ഷിമണ്ഡപം വരെയാണ് കവടിയാർ ഹെറിട്ടേജ് സോണിൽ ഉൾപ്പെടുന്നത്. പ്ലാൻ പ്രകാരം കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്റെ പാർക്കിംഗ് ഏരിയായിലാണ് നിർമ്മാണം നടക്കുന്നത്. ഇതിന് അഗ്നിശമന സേന,മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കെട്ടിടനിർമ്മാണ ചട്ടപ്രകാരം ഒരുവസ്തുവിന്റെ ആകെ വിസ്തീർണത്തിൽ പരമാവധി 65 ശതമാനം മാത്രമേ നിർമ്മാണം പാടുള്ളൂ. 35ശതമാനം ഒഴിച്ചിട്ടാൽ മാത്രമേ അഗ്നിശമന സേന,മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതി ലഭിക്കൂ.നിലവിൽ കോർപ്പറേഷൻ ആസ്ഥാനവളപ്പിൽ 85ശതമാനവും നിർമ്മാണങ്ങളായി കഴിഞ്ഞു. മുൻകാലങ്ങളിൽ കോർപ്പറേഷൻ ഓഫീസ് വളപ്പിൽ സമാനമായ അനധികൃത നിർമ്മാണങ്ങൾ നടന്നതായി ആക്ഷേപമുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററാണ് ഇവിടെ ഇപ്പോൾ പണിയുന്നത്. നഗരത്തിലെ ട്രാഫിക്ക് ക്യാമറ,വൈദ്യുതി,വാട്ടർ അതോറിട്ടി തുടങ്ങി വകുപ്പുകളുടെ എല്ലാം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഇൻഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ.
എല്ലാ സർക്കാർ കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് കെട്ടിടനിർമ്മാണ ചട്ടം ബാധകമാണ്. അതിന് വിരുദ്ധമായ നിർമ്മാണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാറും സെക്രട്ടറി മഹേഷ്.കെ.പിള്ളയും പറഞ്ഞു.
സർക്കാരിനോടും
അനുമതി തേടിയില്ല
ഒഴിവാക്കാനാകാത്ത നിർമ്മാണമാണെങ്കിൽ മുൻകൂറായി സർക്കാരിൽ അനുമതി തേടി നിയമസഭയിൽ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെ പ്രത്യേക നിർമ്മാണ അനുമതി നൽകാം. ഇതിന് കെട്ടിടനിർമ്മാണ ചട്ടത്തിൽ വകുപ്പുണ്ട്. എന്നാൽ കോർപ്പറേഷൻ അതിനും ശ്രമിക്കാതെ അനധികൃത നിർമ്മാണത്തിന് ഇറങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |