കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആർജവ് മോഹൻദാസിന് കരുതലിൻ മുത്തം നൽകി മന്ത്രി അഹമ്മദ് ദേവർ കോവിൽ. 'ആരൊരാളെൻ കുതിരയെ കെട്ടുവാൻ, ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ" എന്ന വയലാറിന്റെ 'അശ്വമേധം" കവിതയിലെ വരികൾ ആർജവ് മന്ത്രിക്കായി ചൊല്ലി. കേരള സർക്കാരിന്റെ ഹൊസ്ദുർഗ് താലൂക്ക് തല പരാതി പരിഹാര അദാലത്താണ് വേദി.
അമ്മ കെ.പി ചിത്രയ്ക്കൊപ്പമാണ് ആർജവ് എത്തിയത്. അദാലത്ത് വേദിയിലേക്ക് കടക്കുമ്പോൾ തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ കണ്ടു പരാതി അറിയിച്ചു. സ്‌കൂളിലേക്ക് സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. റോഡും അരികും ഒരേ ലെവലിൽ അല്ലാത്തതിനാൽ സൈക്കളോടിച്ച് യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നതാണ് പരാതി. ആർജവിന്റെ അപേക്ഷ ആർജവമുള്ളതാണെന്നും വിഷയത്തിൽ വേഗത്തിൽ തുടർനടപടി കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കാഞ്ഞങ്ങാട് നഗരസഭയിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കുമെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പും നൽകി.
കോഴിക്കോട് വടകരയിൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന എ. മോഹൻദാസിന്റെയും കെ.പി ചിത്രയുടെയും രണ്ടുമക്കളിൽ ഇളയവനാണ് ആർജവ്. ഇവരുടെ രണ്ടു മക്കളും ഭിന്നശേഷിക്കാരാണ്. രണ്ടു മക്കളെയും ഒറ്റയ്ക്ക് ശ്രദ്ധിക്കാൻ അമ്മയ്ക്ക് മാത്രമായി സാധിക്കുന്നില്ല. അതിനാൽ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റം നൽകണമെന്ന അപേക്ഷയുമായാണ് ചിത്ര അദാലത്തിലെത്തിയത്. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നേതൃത്വത്തിലാണ് പ്രശ്ന പരിഹാരം കണ്ടത്. ഡി.എം.ഒയുമായി കൂടിചേർന്ന് എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണാൻ മന്ത്രി നിർദ്ദേശം നൽകി. കൂടാതെ ഈ കുടുംബത്തിന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |