കോഴിക്കോട്: ഹോട്ടൽ വ്യാപാരിയായ തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത് ഫർഹാനയുടെ ഫോൺവിളി. കൃത്യം നടത്തിയ ശേഷം ചെന്നൈയിലേക്ക് കടന്ന ഫർഹാന ഒറ്റപ്പാലത്തുള്ള ബന്ധുവിനെ ഫോണിൽ വിളിച്ചിരുന്നു. ഇതുവഴി ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് മൂന്ന് പ്രതികളെയും കുടുക്കിയത്.
ഫർഹാനയെ കൂടാതെ പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി ഷിബിലി (22), വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖ് എന്ന ചിക്കു (26) എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ ഇന്ന് അട്ടപ്പാടി ചുരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വച്ചാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹം വെട്ടിമുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരം വളവിലെ കൊക്കയിൽ തള്ളുകയായിരുന്നു. ഹണിട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം രൂപ കൈക്കലാക്കാൻ വേണ്ടി ഫർഹാന, സിദ്ദിഖിനെ ഡി കാസ ഇൻ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഈ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് അധികൃതർ പറഞ്ഞു.
കോഴിക്കോട് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. മലിനജലം ഒഴുക്കിയതിന് മുൻപ് കോർപറേഷൻ അധികൃതർ ഈ ഹോട്ടൽ പൂട്ടിച്ചിരുന്നുവെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |