SignIn
Kerala Kaumudi Online
Saturday, 27 April 2024 10.23 AM IST

അകലുക, മരണപ്പുകയിൽ നിന്ന്

photo

'നമുക്ക് വേണ്ടത് ഭക്ഷണം പുകയില അല്ല' എന്നതാണ് ഈ വർഷത്തെ ലോക പുകയിലവിരുദ്ധദിന സന്ദേശം. ഈ ദിനത്തിന്റെ ലക്ഷ്യം പുകയില കൃഷിക്ക് ബദൽ കൃഷിമാർഗങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണവും പോഷകപ്രദാനമായ കൃഷിയുമാണ്. ബദൽ കൃഷിരീതികൾക്ക് പുകയില വ്യവസായലോബി തടസം നിൽക്കുന്നതിനെക്കുറിച്ചും സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. പുകയില വളർത്തുന്നതിന് വർഷം പ്രതി രണ്ടുലക്ഷം ഹെക്ടർ ഭൂമിയിൽ വനനശീകരണം നടത്തുന്നു. പുകയില കൃഷിക്കായി വൻതോതിൽ ഉപയോഗിക്കുന്ന കീടനാശിനികളും വളങ്ങളും മണ്ണിന്റെ ഗുണം നഷ്ടപ്പെടുത്തുകയും മറ്റ് കൃഷിക്കുള്ള സാദ്ധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. ചോളം വളർത്തുന്നതിനേക്കാളും നാൽക്കാലി വളർത്തുന്നതിനേക്കാളും കൂടുതൽ നശീകരണഫലമുള്ള ഈ രംഗത്ത് ഇടപെടലുകൾ ആവശ്യമാണ്‌.

പുകയിലകൃഷി കുറയ്ക്കുന്നതിന് നിയമപരമായ ഇടപെടലുകൾ വേണം. കർഷകർ മറ്റ് ഗുണപ്രദമായ കൃഷിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയും മനസിലാക്കേണ്ടതുണ്ട്. പുകയിലയുടെ ഉപയോഗം നിമിത്തമുണ്ടാവുന്ന രോഗങ്ങളിൽ ശ്വാസകോശ കാൻസർ, വായിലെ കാൻസർ, ആമാശയത്തിൽ പുണ്ണ്, പാൻക്രിയാസ് ഗ്രന്ഥിയിലെ കാൻസർ, പക്ഷാഘാതം, ഹൃദ്രോഗം, ത്രോംബോ ആൻജിറ്റിസ് ഒബ്‌ളിറ്ററൻസ് (TAO), മൂത്രാശയ കാൻസർ എന്നിവ ഉൾപ്പെടുന്നു. ഹൃദ്രോഗം ബാധിക്കുന്ന മദ്ധ്യവയസ്‌കരിൽ ബഹുഭൂരിപക്ഷവും പുകവലിക്കാരാണ്. പുകയില മാത്രമല്ല, ഉയർന്ന കൊളസ്ട്രോൾ (പ്രത്യേകിച്ച് എൽ.ഡി.എൽ കൊളസ്ട്രോൾ), വ്യായാമക്കുറവ്, മാനസികസമ്മർദ്ദം എന്നിവയും ഹൃദ്രോഗത്തിന് കാരണമാവുന്നു. സ്ഥിരമായ പുകവലി നിമിത്തം രക്തക്കുഴലുകളുടെ എൻഡോതീലിയത്തിന് സംഭവിക്കുന്ന തകരാറ് മൂലവും ഇതിൽ കൊളസ്ട്രോൾ നിക്ഷേപിക്കുന്നതു മൂലവും ഹൃദ്രോഗ സാദ്ധ്യത വർദ്ധിക്കുന്നു. 13നും 18നും വയസിനിടയിലാണ് പലരും പുകവലി എന്ന ദുശ്ശീലം ആരംഭിക്കുന്നത്. സ്‌കൂൾ ഹെൽത്ത് ക്ലബുകളിലും ഗ്രാമസഭകളിലും അതിശക്തമായ ബോധവത്കരണം ആവശ്യമാണ്. നിക്കോട്ടിനാണ്
പ്രധാനമായും പുകയിലയിലെ ദോഷകരമായ ഘടകം. മാത്രമല്ല,​ മയക്കുമരുന്നിന്റെ ദൂഷ്യവലയത്തെക്കുറിച്ചും ബോധവത്കരണം വേണം. പുകയിലയുടെ നിരന്തരമായ ഉപയോഗം സമീപത്തുള്ള പുകവലിക്കാത്തവരിലും ശ്വാസകോശ കാൻസർ, ഹൃദ്രോഗം എന്നിവ വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിൽ ആസ്‌ത്‌മ കൂടുന്നതും മുതിർന്നവരുടെ പുകവലി കാരണമാകാം. ബാഹ്യരക്തക്കുഴൽ രോഗികളിൽ 90 ശതമാനം പുകവലിക്കാരാണ്. 18 വയസിൽ താഴെയുള്ളവർക്കുള്ള പുകയില വില്‌പന നിരോധനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്തുള്ള പുകയില വസ്തുക്കളുടെ വില്‌പന നിരോധനം, പൊതുഇടങ്ങളിലെ പുകവലി നിരോധനം, പുകവലിക്കുന്ന ചിത്രമുള്ള സിനിമാ പോസ്റ്റർ പ്രദർശന നിരോധനം എന്നിവയ്ക്കു പുറമേ ബോധവത്‌കരണവും ശക്തിപ്പെടുത്തേണ്ടതുണ്ട്. പുകവലി എന്ന ദുശ്ശീലത്തെ മറികടക്കാൻ സംഗീതാസ്വാദനവും വ്യായാമവും നല്ലതാണ്.
ഇന്ത്യയിൽ ആദ്യ പുകയിലരഹിത നഗരമായി ചണ്ഡിഗഢിനെ പ്രഖ്യാപിച്ചെങ്കിലും 2013ൽ അവിടെ നിയമം ലംഘിച്ച 78 പേർക്കെതിരെ നടപടിയെടുക്കേണ്ടിവന്നു. 2007 മുതൽ അകത്തളങ്ങൾ പുകയിലരഹിതമാക്കാൻ ഭരണകൂടം, പുകയിലരഹിത നഗരമായി പ്രഖ്യാപിച്ചു. നാഗാലാൻഡിലെ ഗരിഫിമ വില്ലേജാണ് 2014 ജൂൺ ഒന്നു മുതൽ പുകയിലരഹിതമായി പ്രഖ്യാപിക്കപ്പെട്ടത്. 2004 മുതൽ ഭൂട്ടാൻ ലോകത്തെ ആദ്യ പുകയിലരഹിത രാജ്യമാണ്. ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റുകുറ്റി വലിയ മാലിന്യപ്രശ്‌നമാണ് ഉണ്ടാക്കുന്നത്. പുകയില കൃഷിക്ക് ധാരാളം വെള്ളം ഉപയോഗിക്കേണ്ടിവരുന്നു. ടുബാക്കോ കമ്പനികൾ ഉത്‌പാദിപ്പിക്കുന്ന പുകയില ഉത്‌പന്നങ്ങൾ 84 മെഗാ ടൺ കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് കടത്തിവിടുന്നതിന് കാരണമാകുന്നു. പരിസരം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2002 ലെ ലോക പുകയില വിരുദ്ധദിനം വിവിധ രാജ്യങ്ങളിൽ മേയ് 31 ന് സമുചിതമായി ആചരിച്ചു. ഭൂമിയിലെ മലിനീകരണത്തോത് വർദ്ധിപ്പിക്കുന്നു എന്നതും എല്ലാ ജനങ്ങളുടേയും ആരോഗ്യം നശിപ്പിക്കുന്നു എന്നതും ജനങ്ങളുടെ ശ്രദ്ധയിലെത്തിക്കുകയാണ് ഈ ദിനത്തിന്റെ പ്രസക്തി.

പുകയിലക്കമ്പനികളുടെ പരസ്യങ്ങളുടെ സ്വാധീനത്തിൽ അകപ്പെടാതെ ജനങ്ങൾ ജാഗ്രത പാലിക്കാനും കൂടിയാണ് ലോക പുകയിലവിരുദ്ധ ദിനം ആചരിക്കുന്നത്. പുകയിലയുടെ ദൂഷ്യഫലങ്ങൾ, പ്രത്യേകിച്ച് കാൻസർ പോലുള്ള മാരകമായ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. വികസ്വരരാജ്യങ്ങളിൽ ഫലപ്രദമായ പുകയിലനിയന്ത്രണ നിയമങ്ങളും ബോധവത്‌കരണവും അതീവ പ്രധാനമാണ്. നയരൂപീകരണം നടത്തുന്നവരും സർക്കാരുകളും മാത്രമല്ല പൊതുജനങ്ങളും ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൂർണബോധവാന്മാരാകേണ്ടതുണ്ട്. പുകയില ശീലമുള്ളവർക്ക് പുകവലി നിറുത്താനായി കൗൺസിലിംഗും ചികിത്സയും ശക്തിപ്പെടുത്താനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്.

(ലേഖകൻ നീലേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഫിസിഷ്യനാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD TOBACCO DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.