തിരുവനന്തപുരം: കാറിൽ ലോറിയിടിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ പിന്നീട് കുഴഞ്ഞുവീണതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് സ്വദേശി ഷാഹിനെയാണ് (30) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 3ഓടെ പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
പൊലീസ് പറയുന്നതിങ്ങനെ; പൂജപ്പുര പള്ളിമുക്കിൽ വച്ച് വേട്ടമുക്ക് സ്വദേശിയുടെ കാറിന് പിന്നിൽ മീൻ ലോറി ഇടിച്ചു. തുടർന്ന് പൊലീസെത്തി ഇരുവാഹനങ്ങളും സ്റ്രേഷനിലേക്ക് മാറ്റി. ഇതിനിടെ ഷാഹിൻ സ്റ്റേഷനിലെത്തി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. സ്റ്റേഷനിൽ ജി.ഡിയുടെ ചുമതലയുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് ഇതു തടഞ്ഞു. തുടർന്ന് രഞ്ജിത്തും ഷാഹിനുമായി വാക്കുതർക്കമുണ്ടായി. രഞ്ജിത്തിന് കൈയ്ക്കും കാലിനും പരിക്കേറ്റു. തുടർന്ന് ഷാഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ കാര്യമായി പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ രഞ്ജിത്ത് പേരൂർക്കട ആശുപത്രിയിൽ ചികിത്സതേടി. പൊലീസുകാരനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ഷാഹിനെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |