ന്യൂഡൽഹി : സുപ്രീംകോടതി മരവിപ്പിച്ചിരിക്കുന്ന രാജ്യദ്രോഹക്കുറ്റം (ഐ.പി.സി 124 എ ) നിലനിറുത്തണമെന്നും ദുരുപയോഗം തടയാൻ നിയമം ഭേദഗതി ചെയ്യണമെന്നും 22ാം ലാ കമ്മിഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്‌തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ രാജ്യദ്രോഹക്കുറ്റം നിലനിറുത്തുക തന്നെ വേണം. കൊളോണിയൽ നിയമമാണെന്നതും അതിന്റെ ദുരുപയോഗവും നിയമം പിൻവലിക്കാൻ മതിയായ കാരണങ്ങളല്ല.
2022 മേയിൽ രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച സുപ്രീംകോടതി 124 എ ചുമത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യരുതെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. നിലവിലുള്ള അന്വേഷണങ്ങളും മരവിപ്പിച്ചിരുന്നു. സർക്കാരിനെതിരെയുളള വിയോജിപ്പുകൾ അടിച്ചമർത്താൻ വകുപ്പ് ഉപയോഗിക്കുന്നുവെന്ന ഹർജികളിലാണ് നടപടി. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടി ചട്ടത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും ഭേദഗതി പരിഗണനയിലാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കർണാടക മുൻ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്‌തി അദ്ധ്യക്ഷനും ജസ്റ്റിസ് കെ.ടി. ശങ്കരൻ, പ്രൊഫസർ ഡോ. ആനന്ദ് പലിവാൽ, പ്രൊഫസർ ഡി.പി. വർമ്മ എന്നിവർ അംഗങ്ങളുമായ കമ്മിഷനോട് 124എ വകുപ്പിന്റെ പ്രയോഗം പഠിച്ച് ഭേദഗതികൾ നിർദ്ദേശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. വേനലവധിക്ക് ശേഷം സുപ്രീംകോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട്.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അക്രമത്തിലൂടെയും നിയമവിരുദ്ധ മാർഗങ്ങളിലൂടെയും പുറത്താക്കാനുളള ദേശവിരുദ്ധ, വിഘടനവാദ ശക്തികളുടെ ശ്രമങ്ങൾ തടയാൻ നിയമം നിലനിറുത്തണം. യു.എ.പി.എയും ദേശീയ സുരക്ഷാ നിയമവും പകരമാകുന്നില്ല. 124 എ പ്രകാരമുള്ള എല്ലാ കുറ്റങ്ങളും ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നില്ല. 124 എ ഇല്ലെങ്കിൽ വിധ്വംസക പ്രവർത്തനങ്ങൾ ഭീകര വിരുദ്ധ നിയമം പോലുള്ളവ കൊണ്ട് പ്രകാരം കൈകാര്യം ചെയ്യേണ്ടി വരുമെന്നും കമ്മിഷൻ പറയുന്നു.
ശിക്ഷ ഉയർത്തണം
ഇൻസ്‌പെക്‌ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പ്രാഥമിക അന്വേഷണം നടത്തണം. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്റെയോ, സംസ്ഥാന സർക്കാരിന്റെയോ അനുമതിയോടെ മാത്രമേ രാജ്യദ്രോഹത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ
പ്രതിയുടെ സുരക്ഷ ഉറപ്പാക്കാൻ ക്രിമിനൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. കുറഞ്ഞത് മൂന്ന് വർഷം തടവും പിഴയും പരമാവധി ജീവപര്യന്തം കഠിനതടവും പിഴയും ആണ് രാജ്യദ്രോഹത്തിന് നിലവിലെ ശിക്ഷ. കുറഞ്ഞ ശിക്ഷ ഏഴ് വർഷം തടവും പിഴയുമാക്കണം.
അക്രമത്തിന് പ്രേരിപ്പിക്കുകയും സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നവർക്കും ജീവപര്യന്തം കഠിനതടവ് ഉറപ്പാക്കാൻ 124 എ ഭേദഗതി ചെയ്യണം
പലതും അവശിഷ്ടം
ചില രാജ്യങ്ങൾ രാജ്യദ്രോഹ നിയമം ഉപേക്ഷിച്ചു എന്നത് ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ലാ കമ്മിഷൻ പറയുന്നു. ഇന്ത്യൻ നിയമവ്യവസ്ഥയുടെ ചട്ടക്കൂട് അപ്പാടെ കൊളോണിയൽ അവശിഷ്ടമാണ്. ഇന്ത്യൻ സിവിൽ സർവീസും പൊലീസ് സേനയും അതേ. കൊളോണിയൽ ആയതുകൊണ്ട് അവയൊന്നും കാലഹരണപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |