മുംബയ്: സാമ്പത്തിക പ്രതിസന്ധിയിലായ സഹാറ ഇന്ത്യ ലൈഫ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡുമായി ലയനമില്ലെന്ന് എസ്.ബി.ഐ ലൈഫ് വ്യക്തമാക്കി. സഹാറയുടെ പോളിസി ഉടമകളുമായി ബന്ധപ്പെട്ട ആസ്തികളും ബാധ്യതകളും ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കമ്പനി അറിയിച്ചു. പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാതെ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐ.ആർ.ഡി.എ.ഐ) വിലക്ക് നേരിടുകയാണ് സഹാറയിപ്പോൾ. ഏകദേശം രണ്ട് ലക്ഷത്തോളം പോളിസികളുടെ ബാധ്യതകൾ അവയുടെ ആസ്തികൾക്കൊപ്പം ഏറ്റെടുക്കാൻ വെള്ളിയാഴ്ച ഇൻഷ്വറൻസ് വിപണി നിയന്ത്രകരായ ഐ.ആർ.ഡി.എ.ഐ എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസിന് നിർദ്ദേശം നൽകിയിരുന്നു.
ഐആർഡിഎഐ ഉത്തരവിന് ശേഷം, സഹാറ ലൈഫ് രണ്ട് ലക്ഷം പോളിസി ഉടമകൾക്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനവും പ്രതിബദ്ധതയും എസ്.ബി.ഐ ലൈഫ് ഉറപ്പ് നൽകി. ഈ പോളിസി ഹോൾഡർമാരെയെല്ലാം തങ്ങളുടെ സിസ്റ്റങ്ങളിൽ സംയോജിപ്പിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിൽ നടപ്പാക്കുകയാണെന്നും കമ്പനി അറിയിച്ചു.
വിവരങ്ങളുടെ പൂർണമായ സംയോജനത്തിന് കുറച്ച് സമയമെടുത്തേക്കും. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ പോളിസി ഉടമകൾക്ക് ഹെൽപ്പ് ലൈൻ നമ്പറായ 1800 267 9090-ലോ ഇ-മെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണെന്നും എസ്.ബി.ഐ ലൈഫ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ പ്രതിനിധികൾ ഉടൻ തന്നെ ഈ പോളിസി ഹോൾഡർമാരെ സമീപിക്കും. സുഗമമായ പരിവർത്തനത്തിനായി വിവിധ ടച്ച് പോയിന്റുകളെക്കുറിച്ചും സേവന രീതികളെക്കുറിച്ചും അറിയിക്കുമെന്നും എസ്.ബി.ഐ ലൈഫ് അറിയിച്ചു.
മാനദണ്ഡങ്ങൾ പാലിച്ചില്ല
സഹാറയ്ക്ക് 2004ലാണ് ഐ.ആർ.ഡി.എ.ഐയിൽ നിന്ന് ഇൻഷ്വറൻസ് ബിസിനസിനുള്ള ലൈസൻസ് ലഭിക്കുന്നത്. സഹാറ ഇന്ത്യ ഫിനാൻഷ്യൽ കോർപ്പറേഷന് 50 ശതമാനം, സഹാറ കെയറിന് 40 ശതമാനം, സഹാറ ഇന്ത്യ കൊമേഴ്‌സ്യൽ കോർപ്പറേഷന് 4.37 ശതമാനം, സഹാറ ഇൻഫ്രാസ്ട്രക്ചറിന് 3.82 ശതമാനം എന്നിങ്ങനെയുള്ള ഓഹരി പങ്കാളിത്തത്തോടെയാണ് സഹാറ ഇന്ത്യ ലൈഫ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് (എസ്.ഐ.എൽ.ഐ.സി) രൂപീകരിച്ചത്.
കമ്പനിയുടെ പ്രവർത്തനം സുതാര്യമല്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും 2016 മാർച്ചിൽ ഐ.ആർ.ഡി.എ.ഐ കണ്ടെത്തി. അനധികൃത പണമിടപാടുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |