SignIn
Kerala Kaumudi Online
Tuesday, 07 May 2024 12.15 AM IST

ലോക കേരളസഭ; ചില വിചാരങ്ങൾ

photo

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ പുറപ്പെടുകയാണ്. വിപുലമായ പരിപാടിയാണ്. ഈ മാസം എട്ടിന് തുടങ്ങും. പതിനൊന്നിന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ,​ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ,​ സ്പീക്കർ എ.എൻ. ഷംസീർ,​ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി,​ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം തുടങ്ങിയവരാണ് വി.ഐ.പികൾ. പ്രവാസികാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നോർക്കയുടെ വൈസ് ചെയർമാനായ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കാലേകൂട്ടി ന്യൂയോർക്കിലേക്ക് പുറപ്പെട്ടു.

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദി എന്ന നിലയ്ക്കാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റശേഷം ലോക കേരളസഭയെ വിഭാവനം ചെയ്തത്. ആ സർക്കാരിന്റെ ഭാവനയായിരുന്നു ലോക കേരളസഭ. അതായത്,​ ഇന്ത്യയിലെയും വിദേശത്തെയും പ്രവാസികളായ മലയാളികളുടെ സമ്മേളനം സംഘടിപ്പിച്ച് നാടിന്റെ വികസനകാര്യങ്ങളും പ്രവാസികളുടെ സംഭാവനകളും അവരുടെ ക്ഷേമവുമൊക്കെ അഡ്രസ്സ് ചെയ്യുന്ന സംവിധാനം. നല്ലതുതന്നെ. കേരളത്തിന്റെ വരുമാനത്തിന്റെ ഗണ്യമായപങ്ക് പ്രവാസികളുടെ നിക്ഷേപത്തിൽ നിന്നാകുമ്പോൾ,​ അവർക്ക് കേരളീയ പൊതുമണ്ഡലത്തിൽ സവിശേഷ പരിഗണന നൽകി ആദരിക്കുന്നത് നല്ല കാര്യമാണ്. അവരെ കേരളം പരിഗണിക്കുന്നുവെന്ന തോന്നൽ പ്രവാസികളുടെ വിശ്വാസം പുഷ്ടിപ്പെടുത്തും. അവർക്ക് നാടിനോടുള്ള താത്‌പര്യം കൂടും. അങ്ങനെയൊക്കെയാണ് കാര്യങ്ങൾ വിലയിരുത്തപ്പെട്ടത്.

ഒന്നാം ലോക കേരളസഭ കേരള നിയമസഭയിൽ കെങ്കേമമായി നടന്നു. പ്രവാസികളെ വരവേൽക്കാനായി നിയമസഭാമന്ദിരവും ലോകകേരള സഭ നടന്ന നിയമസഭയുടെ താഴത്തെ നിലയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചും മോടിപിടിപ്പിച്ചു. ഇരിപ്പിടങ്ങളൊക്കെ കോടികൾ മുടക്കി നവീകരിച്ചു. പ്രവാസികളുടെ കാര്യം പൊതുകാര്യമായതിനാലും പ്രതിപക്ഷ കക്ഷിനേതാക്കൾക്കും പ്രിയങ്കരരായ ഒട്ടേറെ പ്രവാസി മലയാളികൾ ഉള്ളതിനാലും ഇതിലാരും കക്ഷിരാഷ്ട്രീയം നോക്കിയില്ല. സർക്കാരും കക്ഷിരാഷ്ട്രീയം നോക്കാതെയാണ് കാര്യങ്ങൾ നീക്കിയത്. ഒന്നാം ലോക കേരളസഭയിൽ പ്രതിപക്ഷം നന്നായി സഹകരിച്ചു.

എന്നാൽ രണ്ടാം ലോക കേരളസഭയുടെ ഘട്ടം,​ സർക്കാരിനെതിരായ പ്രതിഷേധം പ്രതിപക്ഷം കടുപ്പിച്ച് തുടങ്ങിയ വേളയായിരുന്നു. ലോക കേരളസഭയ്ക്കായി നിയമസഭയിൽ വീണ്ടും മോടിപിടിപ്പിക്കൽ പരിപാടി ആരംഭിച്ചതോടെ പ്രതിപക്ഷം സംശയാലുക്കളായി. അവർ ഇതിനെതിരെ രംഗത്തുവന്നു. സർക്കാർ അത് ഗൗനിച്ചില്ല. നിയമസഭയിൽ കോടികൾ മുടക്കിയുള്ള നവീകരണം കൃത്യം രണ്ട് വർഷത്തിന്റെ ഇടവേളയിൽത്തന്നെ നടന്നു. പ്രവാസികളുടെ പേരിന്റെ മറവിലാണ് നവീകരണം എന്നതിനാൽ എതിർപ്പുണ്ടാവില്ലെന്ന് കരുതിക്കാണണം. പക്ഷേ പ്രതിപക്ഷം എതിർത്തു. ലോക കേരളസഭയെ തന്നെ പ്രതിപക്ഷം സംശയിച്ച് തുടങ്ങി. ആർഭാടം,​ ധൂർത്ത് തുടങ്ങിയ കാര്യങ്ങൾ അവർ കണ്ടെത്തിത്തുടങ്ങി.

പക്ഷേ സംസ്ഥാനസർക്കാർ ഇത് പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയായുധമാക്കി. പ്രവാസികളെ അവർ അപമാനിക്കുന്നു,​ അവഹേളിക്കുന്നു,​ അധിക്ഷേപിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ സർക്കാരിനെ നയിക്കുന്ന സി.പി.എം കേന്ദ്രങ്ങൾ നിരത്തി. പ്രതിപക്ഷനിരയിലെ രണ്ടാം കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് പ്രവാസികൾ പരമപ്രധാനമാണ്. പ്രത്യേകിച്ച് ഗൾഫ് മലയാളികൾ. എന്നാൽ,​ പ്രത്യേക സാഹചര്യത്തിൽ രണ്ടാം ലോക കേരളസഭയെ അവരും ശക്തിയുക്തം എതിർക്കുകയുണ്ടായി. യു.ഡി.എഫ് ഒന്നായി അതിനെ ബഹിഷ്കരിച്ചു.

മൂന്നാം ലോക കേരളസഭ കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞ വേളയിലായിരുന്നു. മഹാമാരി തകർത്തെറിഞ്ഞ സാമ്പത്തിക കാലാവസ്ഥയിൽ ലോക കേരളസഭ ഇങ്ങനെ ആർഭാടമായി നടത്തണോ എന്ന ചോദ്യമുയർന്നു. പ്രതിപക്ഷം തന്നെയാണ് ശക്തിയായി ഇത് ചോദിച്ചത്. സർക്കാരിനെതിരെ ആരോപണമുയർത്തി അവർ മൂന്നാം ലോക കേരളസഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. പക്ഷേ മുസ്ലിം ലീഗിന് 'വേണ്ടണം' എന്ന നിലപാടായിരുന്നു. ലീഗിനകത്ത് ചിലർക്കൊക്കെ ബഹിഷ്കരണത്തോട് യോജിപ്പുമില്ലായിരുന്നു. എന്തായാലും പ്രതിപക്ഷത്ത് ഭിന്നിപ്പ് വേണ്ടെന്ന ചിന്തയാൽ അവരും ബഹിഷ്കരണത്തോടൊപ്പം നിന്നു.

ഇക്കാര്യം മനസ്സിലാക്കിയ സി.പി.എം കേന്ദ്രങ്ങൾ ഇതുവച്ച് മുതലെടുപ്പിന് നോക്കി. യു.ഡി.എഫിനകത്ത് തിരയിളക്കത്തിന് അവർ കാതോർത്തു. ഭാഗ്യവശാൽ കാര്യമായ കുഴപ്പമില്ലാതെ ബഹിഷ്കരണം വിജയകരമായി പര്യവസാനിച്ചു. ആ ലോക കേരളസഭയിൽ വച്ചാണ് വിദേശത്തും സഭയുടെ മേഖലാ സമ്മേളനങ്ങൾ എന്ന ആശയം അംഗീകരിക്കപ്പെട്ടത്. അതിന്റെ ആദ്യപടിയായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ലണ്ടനിൽ ലോക കേരളസഭയുടെ മേഖലാ സമ്മേളനം ചേർന്നു. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും പരിവാരങ്ങളും അതിൽ പങ്കുകൊണ്ടു.

മൂന്നാം ലോക കേരളസഭയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്ത് പറഞ്ഞു: "ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അസാമാന്യ വിഭവശേഷിയാണ് നമ്മുടെ കൂട്ടായ്മക്കുള്ളത്. ഈ കൂട്ടായ്മയെ ഊട്ടിയുറപ്പിച്ച് കേരളത്തെ പുതിയ സഹസ്രാബ്ദത്തിലൂടെ പുതിയ നൂറ്റാണ്ടിലൂടെ കാലത്തിന് ചേരുംവിധം ആധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമസമൂഹവും വികസിതനാടും യാഥാർത്ഥ്യമാക്കുമെന്ന മഹത്തായ സന്ദേശമാണ് മൂന്നാം ലോക കേരളസഭ മുന്നോട്ടു വയ്ക്കുന്നത്."

പ്രവാസികൾക്ക് ആവേശവും പ്രോത്സാഹനവും ആദരവും നൽകിക്കൊണ്ട് കേരളത്തിൽ അവരുടെ നിക്ഷേപകസംരംഭങ്ങൾ ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തെ കൂടുതൽ വികസനപാതയിലേക്കെത്തിക്കുകയും ചെയ്യുകയെന്ന നല്ല ഉദ്ദേശ്യശുദ്ധിയാണ് ലോക കേരളസഭ മുന്നോട്ടുവച്ചത്. പക്ഷേ ഒന്നും രണ്ടും ലോക കേരളസഭയ്ക്ക് ശേഷമാണ് കണ്ണൂർ തളിപ്പറമ്പിലെ സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ നമ്മെ നോക്കി കൊഞ്ഞനം കുത്തിയത്. ലോക കേരളസഭകൾ കെങ്കേമമായി നടത്തിയെങ്കിലും നമ്മൾ അതിന്റെ അനന്തരഫലങ്ങളെപ്പറ്റി പിന്നീടുള്ള കാലം എന്തെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ടോ? അഥവാ നടത്താറുണ്ടോ? ആ ചോദ്യം സമൂഹത്തിൽ നിലനിൽക്കുമ്പോഴാണ് മേഖലാ സമ്മേളനങ്ങളും കെങ്കേമമായി കൊണ്ടാടപ്പെടുന്നത് .

സംസ്ഥാന ഖജനാവിൽനിന്ന് കോടികൾ പൊടിച്ചിട്ടാണല്ലോ വി.വി.ഐ.പികൾ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാനെത്തുന്നത്. ഇനി ഇവർക്കെല്ലാമൊരു വിദേശകാഴ്ചാ കൗതുകസാഫല്യത്തിന് വേണ്ടിയാണോ മേഖലാസമ്മേളനങ്ങളെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല

അമേരിക്കൻ

സ്പോൺസർഷിപ്പ്

വിവാദം

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ നടത്തിപ്പിനെ ചൊല്ലി കാലേകൂട്ടി വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. അവിടെ പ്രാദേശികമായ സംഘാടകസമിതിയാണ് സമ്മേളന നടത്തിപ്പിന്റെ ചെലവ് വഹിക്കുന്നത്. ഏകദേശം അഞ്ചരക്കോടി ചെലവ് വരുമെന്നാണ് അവരുടെ കണക്ക്. അതിന് പ്രത്യേക താരിഫ് കാർഡുകളിറക്കി സംഭാവന പിരിക്കാൻ സംഘാടകർ ഒരുമ്പെട്ടതോടെ വിവാദവുമായി.

82 ലക്ഷം രൂപ മുടക്കിയാൽ കേരളത്തിൽ നിന്നെത്തുന്ന വി.ഐ.പികൾക്കൊപ്പമിരിക്കാനും ഒരുമിച്ച് ഡിന്നർ കഴിക്കാനും അവസരം എന്നതാണ് ഗോൾഡ് കാർഡിലെ ഓഫർ. സ്റ്റേജിൽ കസേര,​ വി.ഐ.പികൾക്കൊപ്പം വേദി പങ്കിടൽ,​ അവർക്കൊപ്പമിരുന്ന് ഭക്ഷണം,​ ആഡംബര വാഹനത്തിൽ യാത്ര,​ സ്വീറ്റ് മുറികൾ,​ രണ്ട് പേജ് നോട്ടീസിൽ പരസ്യം എന്നിങ്ങനെയാണ് ഈ കാ‌ർഡിലെ ഓഫർ. സിൽവർ പാസിന് 41 ലക്ഷം രൂപ. സ്റ്റേജിൽ കസേര,​ വി.ഐ.പികൾക്കൊപ്പമിരുന്ന് ഭക്ഷണം,​ ആഡംബര വാഹനത്തിൽ യാത്ര,​ ഒരു സ്വീറ്റ് മുറി,​ നോട്ടീസിൽ ഒരു പേജ് പരസ്യം. ബ്രോൺസ് പാസിന് 20.5ലക്ഷം രൂപയാണ്. വി.ഐ.പികൾക്കൊപ്പമിരുന്നുള്ള ഡിന്നർ,​ സ്റ്റേജിൽ ഇരിപ്പിടം എന്നിവയില്ല. ബാക്കി സിൽവർ പാസിലെ സൗകര്യങ്ങൾ.

എല്ലാ പ്രവാസികളുടേതും എല്ലാ കേരളീയരുടേതുമായ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ പണത്തിന്റെ പേരിലുള്ള തരംതിരിവ് അഥവാ വിവേചനം എന്ത് വിചിത്രമായ രീതിയാണെന്ന് ഇതുകേട്ട ജനാധിപത്യ ബോധമുള്ള ആരും പെട്ടെന്ന് അന്ധാളിക്കുക സ്വാഭാവികം. അതുതന്നെയുണ്ടായി. കൊടിയ വിവാദമായി. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ പ്രത്യേക പണപ്പിരിവ് എന്നതൊക്കെ വെറും പ്രചാരണമാണെന്ന് നോർക്ക വ്യക്തമാക്കി. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി പ്രാദേശികമായാണ് സമ്മേളനം നടത്തുന്നതെന്നും സംസ്ഥാനസർക്കാരിന് ഒരു ചെലവുമില്ലെന്നും അവിടെ നടക്കുന്ന പണപ്പിരിവിൽ ഓഡിറ്റിംഗുണ്ടാകുമെന്നുമൊക്കെ നോർക്കയും വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയെങ്കിലും വിശദീകരണം അത്രയെളുപ്പത്തിൽ ദഹിക്കുന്നതായില്ല.

പ്രതിപക്ഷം ഏറ്റുപിടിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണോ ആളുകളെ പണത്തിന്റെ പേരിൽ തരംതിരിച്ച് കാണുന്നതെന്ന് അവർ ചോദ്യമുയർത്തി. പക്ഷേ,​ വിവാദത്തെ ഗൗനിക്കാനില്ലെന്ന മട്ടിൽ സർക്കാർ മുന്നോട്ട് നീങ്ങുക തന്നെയാണ്. അവിടെ മേഖലാസമ്മേളനം പൊടിപൊടിക്കാൻ തന്നെയാണ് തീരുമാനം. സമ്മേളനത്തിൽ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന പ്രബന്ധം അമേരിക്കൻ മേഖലയിൽ ലോക കേരളസഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ,​ വിപുലീകരണ സാദ്ധ്യതകളും വെല്ലുവിളികളും എന്നതാണ്. ഡോ.കെ.എം. എബ്രഹാമിന്റെ പ്രബന്ധം നവകേരളം എങ്ങോട്ട്- അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണവും സാദ്ധ്യതകളും എന്നതാണ്. മലയാളഭാഷ,​ സംസ്കാരം,​ പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണസാദ്ധ്യതകളും എന്ന വിഷയത്തിൽ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയുടെ പ്രബന്ധം. മലയാളികളുടെ അമേരിക്കൻ കുടിയേറ്റം- ഭാവിയും വെല്ലുവിളികളും എന്നതാണ് ലോക കേരളസഭാ സെക്രട്ടറി ഡോ.കെ. വാസുകിയുടെ പ്രബന്ധം. ​

പ്രബന്ധങ്ങളെല്ലാം ഗംഭീരം. ലോക കേരളസഭയുടെ മേഖലാ സമ്മേളനം പൊടിപൊടിക്കുമെന്നുറപ്പ്. പക്ഷേ എല്ലാം വീക്ഷിക്കുന്ന സാധാരണജനങ്ങളിൽ ചില്ലറ സംശയങ്ങൾ നിലനി‌ല്ക്കുന്നിടത്തോളം ഈ മേഖലാ സമ്മേളനംകൊണ്ട് എന്താണ് ഗുണം. തിരുവനന്തപുരത്ത് ലോക കേരളസഭ വിളിച്ചുകൂട്ടി പ്രവാസികളെ ആദരിക്കുന്നത് നല്ലതുതന്നെ. പക്ഷേ അമേരിക്കയിൽ അല്ലെങ്കിൽ ലണ്ടനിൽ പോയി ഇങ്ങനെയൊരു സമ്മേളനം നടത്തിയതുകൊണ്ട് പ്രവാസികൾക്കോ നാടിനോ പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ. കിട്ടേണ്ടഗുണം അല്ലാതെയും കിട്ടും. ഇങ്ങനെ ആർഭാടമായി വി.വി.ഐ.പികളുടെ ആഘോഷവും മറ്റും ആവശ്യമില്ല. ഇനി ഇതുകൊണ്ട് അമേരിക്കയിലെന്തെങ്കിലും മാറ്റം സംഭവിക്കുമോ? അതുമില്ല. അത് നന്നാക്കാൻ അവിടത്തെ ഭരണകൂടം തന്നെ വിചാരിക്കണം.

മേഖലാ സമ്മേളനം കൊണ്ട് മാത്രമായി പ്രത്യേകിച്ചെന്തെങ്കിലും ഗുണം ലണ്ടൻ സമ്മേളനം കഴിഞ്ഞിട്ടിന്നേവരെ കേരളത്തിന് അനുഭവപ്പെട്ടതായി സൂചനയില്ല. പിന്നെയെന്തിന് എന്നാകും. ആർക്കെങ്കിലുമൊക്കെ പ്രാഞ്ചിയേട്ടന്മാരും മറ്റുമായി പരിലസിക്കാൻ അവസരമാകുന്നെങ്കിൽ ആവട്ടെ എന്നാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKA KERALA SABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.