മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് വിട്ട ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസേമ സൗദി ലീഗിലെ ചാമ്പ്യൻ ക്ലബ്ബ് അൽ-ഇത്തിഹാദിൽ ചേക്കേറി. റയൽ മാഡ്രിഡുമായുള്ള 14 വർഷത്തെ ബന്ധത്തിനാണ് കരിം ബെൻസേമ വിരാമമിട്ടത്. ഫ്രീ ട്രാൻസ്ഫർ ഏജന്റായാണ് ബെൻസേമ വിടപറഞ്ഞത് .2025 വരെയാണ് അൽ ഇത്തിഹാദുമായി ബെൻസേമ കരാർ ഒപ്പിട്ടിരിക്കുന്നത്. ഒരു സീസണിൽ 200 ദശലക്ഷം യൂറോയാണ് (എകദേശം 882 കോടി രൂപ) ക്ലബ്ബ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
തന്റെ 21-ാം വയസിൽ ഫ്രഞ്ച് ക്ളബ് ലിയോണിൽ നിന്നാണ് ബെൻസേമ റയലിലെത്തിയത്. 14 വർഷത്തെ കരിയറിലെ റയലിന്റെ 25 കിരീടനേട്ടങ്ങളിൽ പങ്കാളിയായാണ് ബെൻസേമ പടിയിറങ്ങുന്നത്. ഇതിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ക്ളബ് ലോകകപ്പുകളും നാലുവീതം ലാ ലിഗ കിരീടങ്ങളും സൂപ്പർ കപ്പുകളും മൂന്ന് കിംഗ്സ് കപ്പുകളും ഉൾപ്പെടുന്നു. എല്ലാ ടൂർണമെന്റുകളിലുമായി 647 മത്സരങ്ങളിൽ റയലിന്റെ കുപ്പായമണിഞ്ഞ ബെൻസേമ 353 ഗോളുകൾ നേടിയിട്ടുണ്ട്. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും റയലിന്റെ ഗോൾ വേട്ടയിലെ രണ്ടാം സ്ഥാനക്കാരനാണ് ബെൻസേമ. നിലവിലെ ബാലൻ ഡി ഓർ പുരസ്കാരജേതാവായ ബെൻസേയ്ക്കായിരുന്നു കഴിഞ്ഞ വർഷത്തെ യുവേഫ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരവും.
സൗദി പ്രോ ലീഗിലെ ഇത്തവണത്തെ ചാമ്പ്യന്മാരാണ് അൽ-ഇത്തിഹാദ്. ഇതോടെ സൗദി ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ - ബെൻസേമ പോരിന് കളമൊരുങ്ങി. ലീഗിലെ രണ്ടാം സ്ഥാനക്കാരായ അൽ നസ്‌റിന്റെ താരമാണ് ക്രിസ്റ്റ്യാനോ.
ബെൻസേമയ്ക്ക് യാത്ര അയപ്പ്
റയൽ മാഡ്രിഡിന്റെ കുപ്പായത്തിലെ അവസാനമത്സരത്തിനിറങ്ങിയ കരിം ബെൻസേമയ്ക്ക് യാത്ര അയപ്പ് നൽകി സഹതാരങ്ങളും ആരാധകരും. അത്‌ലറ്റിക് ക്ളബിനെതിരെ സ്പാനിഷ് ലാ ലിഗയിലെ ഈ സീസണിലെ റയലിന്റെ അവസാനമത്സരമായിരുന്നു ബെൻസേമയുടെ വിടവാങ്ങൽ വേദി. മത്സരത്തിൽ റയൽ 1-1ന് സമനില വഴങ്ങിയിരുന്നു. 72-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ റയലിന്റെ സമനില ഗോൾ നേടിയതും ബെൻസേമയാണ്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണ് റയൽ ഈ സീസൺ അവസാനിപ്പിച്ചത്. ബാഴ്സലോണയാണ് ചാമ്പ്യന്മാരായത്. അവസാനമത്സരത്തിൽ ബാഴ്സലോണ പക്ഷേ സെൽറ്റ വിഗോയോട് 1-2ന് തോറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |