SignIn
Kerala Kaumudi Online
Friday, 26 April 2024 1.09 PM IST

വെള്ളത്തിലായ ഹൗസ് ബോട്ട് സുരക്ഷ

വിനോദ സഞ്ചാരരംഗത്ത് രാജ്യാന്തര പുരസ്കാരങ്ങളും ശ്രദ്ധേയമായ നേട്ടങ്ങളും കരസ്ഥമാക്കി ലോക ശ്രദ്ധയാകർഷിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിൽ ടൂറിസം മേഖലയിൽ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്നതും വരുമാനമുണ്ടാക്കുന്നതുമായ മേഖലയാണ് ഹൗസ് ബോട്ട് ടൂറിസം. കേരളത്തിൽ ഹൗസ് ബോട്ട് വ്യവസായത്തിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രമാണ് ആലപ്പുഴ. ശിക്കാരകൾ മുതൽ വഞ്ചിവീടുകൾ വരെ ഓളപ്പരപ്പുകളിൽ ഒഴുകി നടക്കുന്ന ആലപ്പുഴയിലുൾപ്പെടെ സംസ്ഥാനത്തെ ഹൗസ് ബോട്ട് വ്യവസായരംഗം അതിഗുരുതരമായ സുരക്ഷാ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. മലപ്പുറം താനൂരിൽ രൂപമാറ്റം വരുത്തിയ ഹൗസ് ബോട്ട് അപകടത്തിലും കൂട്ടമരണത്തിലും ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചശേഷവും ബോട്ടുയാത്രകൾ സുരക്ഷിതമാക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം.

താനൂർ ദുരന്തത്തിന് ശേഷവും ആലപ്പുഴയിൽ റിലാക്‌സിംഗ് കേരള എന്ന ഹൗസ് ബോട്ട് മുങ്ങി. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളും അവരുടെ കുട്ടിയുമാണ് ബോട്ടിലുണ്ടായിരുന്നത്. അവരെ മ​റ്റൊരു ബോട്ടിൽ രക്ഷിച്ചു. ഹൗസ് ബോട്ടിന്റെ അടിപ്പാളിയിലെ പലക ഇളകിയാണ് വെള്ളം കയറിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ . താനൂർ ദുരന്തശേഷം പരിശോധന ശക്തമാണെന്ന് സർക്കാർ അവകാശപ്പെട്ടപ്പോഴാണ് ആലപ്പുഴയിൽ റിലാക്‌സിംഗ് കേരള എന്ന ഹൗസ്‌ബോട്ട് വീണ്ടും അപകടത്തിനിടയാക്കിയത്. എന്തുതരം 'പരിശോധന'യാണ് നടക്കുന്നതെന്ന സംശയത്തിനാണ് ഇത് ഇടയാക്കുന്നത്.

കേരളത്തിലെ ആവർത്തിക്കപ്പെടുന്ന ബോട്ട് ദുരന്തങ്ങളുടെ യഥാർത്ഥ കാരണം അന്വേഷിച്ചാൽ, ചെന്നെത്തുക, സർക്കാർ സംവിധാനങ്ങളുടെ കു​റ്റകരമായ അനാസ്ഥയിലാകും. ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ സമിതി വിദഗ്ദൻ മുരളി തുമ്മാരുകുടി

രണ്ടുമാസം മുമ്പ് നൽകിയ മുന്നറിയിപ്പിനെപ്പോലും അവഗണിച്ചതാണ് താനൂരിൽ ഒരപകടത്തിന് കൂടി അവസരമൊരുക്കിയത്. സംസ്ഥാനത്താകെയുള്ള പതിനായിരക്കണക്കിന് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനും പരിശോധിക്കാനും രണ്ടേരണ്ട് സർവേയർമാർ മാത്രമുള്ള തുറമുഖവകുപ്പിനെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളോടെ ശക്തമാക്കാത്തപക്ഷം കേരളം ഇനിയും ജല ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടിവരുമെന്നതാണ് വാസ്തവം.

...........................

അപകടകാരണങ്ങൾ

പലത് ഒന്നിനും

പരിഹാരമില്ല

കേരളത്തെ നടുക്കിയ ഡസൻ കണക്കിന് ബോട്ടപകടങ്ങൾക്ക് ഓരോന്നിനും ഓരോ തരം കാരണങ്ങളാണുണ്ടായതെങ്കിലും അത്തരം കാരണങ്ങളിൽ പലതും പരിഹാരമില്ലാതെ ഇപ്പോഴും തുടരുന്നതാണ് ദുരന്തങ്ങൾ തുടർക്കഥയാകാൻ കാരണമാകുന്നത്. ഹൗസ് ബോട്ടുകൾ സർവീസിന് പുറപ്പെടും മുമ്പ് അവയുടെ സുരക്ഷ പരിശോധിക്കാനോ പോരായ്മകൾ ഉണ്ടെങ്കിൽ അത്തരം ബോട്ടുകൾ പിടിച്ചെടുക്കാനോ ഉള്ള സംവിധാനം ഒരിടത്തുമില്ല. യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിനെ ജലാശയങ്ങളിൽ തടഞ്ഞ് രേഖകൾ പരിശോധിച്ച് പിഴയീടാക്കുകയാണ് ആകെ ചെയ്യുന്നത്. യാത്ര പുറപ്പെടും മുമ്പ് ബോട്ടിന്റെ ഫിറ്റ്നസ് ഉറപ്പാക്കാനോ യാത്രക്കാരെ സുരക്ഷാ കാര്യങ്ങളിൽ ബോധവത്‌കരിക്കാനോ പോർട്ട് വകുപ്പിൻ്റെയോ ടൂറിസം പൊലീസിന്റെയോ സ്ഥിരം സംവിധാനമില്ല. ആഹാരം പാചകം ചെയ്യാവുന്ന അടുക്കളകളുൾപ്പെടെയുളള ബോട്ടുകളിൽ കുറ്റമറ്റ സുരക്ഷാ പരിശോധനയ്ക്ക് സംവിധാനമുണ്ടായാലേ ആളുകളെ കുത്തിനിറച്ചും ലൈഫ് ജാക്കറ്റുപോലും ധരിക്കാതെയുമുള്ള അരക്ഷിത ജലവിനോദ യാത്രകൾക്ക് മൂക്കുകയറിടാനാകൂ. രണ്ട് പതിറ്റാണ്ട് മുമ്പാണ് ടൂറിസം മേഖലയിൽ നൂതന ഉത്‌പന്നമെന്ന നിലയിൽ വഞ്ചിവീടുകളുടെ വരവ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി ആയിരത്തോളം വഞ്ചിവീടുകളുണ്ടെന്നാണ് കണക്ക്. കാലപ്പഴക്കമാണ് പല ഹൗസ് ബോട്ടുകളിലും അപകട കാരണം. സമയാസമയം അറ്റകുറ്റപ്പണി നടത്തിയാൽ ഓരോ വഞ്ചിവീടും വർഷങ്ങളോളം ഉപയോഗിക്കാം. വെള്ളം തട്ടിയാൽ അലിയുന്ന അടിപ്പലകയും ചട്ടക്കൂടുമുള്ള ജലയാനങ്ങൾ വെള്ളത്തിലിറക്കാതെ കണ്ടം ചെയ്യുകയാണ് വേണ്ടത്.

ഫയലിൽ ഉറങ്ങുന്ന

കമ്മിഷൻ റിപ്പോർട്ടുകൾ

മഹാകവി കുമാരനാശാൻ്റെ മരണത്തിനിടയാക്കിയ പല്ലന ദുരന്തം മുതൽ തട്ടേക്കാട്, തേക്കടി ദുരന്തങ്ങളിൽ വരെ അന്വേഷണകമ്മിഷനുകളെ നിയോഗിക്കുകയും റിട്ട. ജസ്റ്റിസുമാർ തലവനായുള്ള കമ്മിഷനുകൾ ദുരന്തങ്ങൾ തടയുന്നതിനുള്ള ശുപാർശകൾ സഹിതം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ലെന്നതാണ് വാസ്തവം. കേരളത്തിൽ ഉൾനാടൻ ഗതാഗതം സംബന്ധിച്ച നിയമനിർമ്മാണവും സ്‌കൂളുകളിൽ നീന്തൽ പരിശീലനവുമുൾപ്പെടെ സമഗ്രമായ റിപ്പോർട്ടാണ് സമർപ്പിച്ചതെങ്കിലും അതെല്ലാം ഫയലിൽ ഒതുങ്ങി. ബോട്ടുകളിൽ ജീവൻ രക്ഷാ ഉപാധികൾ ഒരുക്കുന്നതും യഥാകാലം അ​റ്റകു​റ്റപണി നടത്തുന്നതും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാക്കണം, കാലപ്പഴക്കം ചെന്ന ബോട്ടുകൾ റദ്ദാക്കണം, ഇത്തരം ബോട്ടുകൾ സർവ്വീസ് നടത്തുന്നത് തടയണം, വൈകിട്ട് അഞ്ചിന് ശേഷം ബോട്ട് സവാരി വേണ്ട തുടങ്ങിയ ശുപാർശകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. എന്നാൽ ഇതൊന്നും കാര്യക്ഷമമായി നടപ്പിലാക്കപ്പെട്ടില്ല. വൈകിട്ട് അഞ്ചിന് ശേഷം ബോട്ട് സവാരിയ്ക്ക് വിലക്കുണ്ടെങ്കിലും ഇപ്പോഴും ബോട്ടുകൾ സവാരി നടത്താറുണ്ട്. താനൂരിലെ അപകടം ഇതിന് തെളിവാണ്. മാരിടൈം ബോർഡ് രൂപീകരിക്കാനുള്ള ശുപാർശ നടപ്പാക്കിയെങ്കിലും ബോട്ട് രൂപ കൽപ്പനയും യാത്രയും സംബന്ധിച്ച് ഏകീകൃത പരിശോധനാ സംവിധാനമൊന്നും നടപ്പായിട്ടില്ല. റിപ്പോര്‍ട്ടുകളിലെല്ലാം ഏകദേശം ഒരേ കാരണങ്ങള്‍ തന്നെയാണ് ബോട്ടപകടങ്ങൾക്ക് കാരണമായി പറയുന്നത്. ബോട്ട് ജീവനക്കാരുടെ അശ്രദ്ധയും അസൗകര്യങ്ങളും അനുവദിച്ച പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതുമായ നിരവധി കാരണങ്ങള്‍ അപകടങ്ങളില്ലെല്ലാം ആവര്‍ത്തിക്കുന്നുണ്ട്. സഞ്ചാരപാത കൃത്യമായി അടയാളപ്പെടുത്താത്തതും ആഴം, വീതി എന്നിവ പരിപാലിക്കാത്തതും അപകടസാധ്യത കൂട്ടുന്നതായി കമ്മിഷനുകള്‍ കണ്ടെത്തിയിരുന്നു.

ബോട്ടപകടങ്ങൾ

കേരളത്തിൽ

1924 ൽ ആലപ്പുഴ പല്ലനയിൽ ബോട്ടപകടത്തിൽ മഹാകവികുമാരനാശാൻ അടക്കം 24 പേർ മരിച്ചു.
1971ൽ തിരുവനന്തപുരത്ത് കരമനയാ​റ്റിൽ11 പേർ മരിച്ചു
1980 ൽ എറണാകുളത്തെ കണ്ണമാലി കായലിൽ നടന്ന ബോട്ടപകടത്തിൽ 29 പേർ മരിച്ചു.
1983 ൽ കൊച്ചിയിലെ വല്ലാർപാടത്ത് നടന്ന ബോട്ടു ദുരന്തത്തിൽ മരണം 18 .
1990ൽ കൊച്ചിയിൽ നടന്ന ബോട്ടപകടത്തിൽ അഞ്ചുപേർ മരിച്ചു.
1990ൽ തിരുവനന്തപുരത്തെ പേപ്പാറ ഡാം റിസർവോയറിൽ നടന്ന ബോട്ടപകടത്തിൽ മരിച്ചത് ഏഴുപേർ.
1991ൽ കണ്ണൂരിലെ ഇരിട്ടിയിൽ നടന്ന അപകടം നാലുപേരുടെ മരണത്തിനിടയാക്കി.
1991ൽ ആലപ്പുഴ പുന്നമടയിൽ നടന്ന അപകടത്തിൽ മരണം മൂന്ന്.
1991ൽ തിരുവനന്തപുരത്ത് കല്ലാറിൽ എട്ട് മരണം,
1992ൽ എറണാകുളം മുനമ്പത്ത് മൂന്ന് മരണം
1993ൽ എറണാകുളത്തുണ്ടായ മ​റ്റൊരു അപകടത്തിൽ അഞ്ച് മരണം
1994ൽ കോഴിക്കോട് വെള്ളായിക്കോട് ആറുപേർ മരിച്ചു
1997ൽ കോഴിക്കോട് കാപ്പാട് ബീച്ചിൽ നാലുപേർ മരിച്ചു
1997ൽ ആലുവയിലുണ്ടായ അപകടം മരണം നാല്.
2002ൽ കോട്ടയം കുമരകത്ത് 29 പേർ മരിച്ചു.
2007ൽ തട്ടേക്കാട് പിഞ്ചുകുട്ടികളടക്കം 18 പേർ മരണമടഞ്ഞു.
2009 ൽ തേക്കടിയിൽ 11 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 46 യാത്രികർ മരിച്ചു.
2011ൽ ആലപ്പുഴയിലെ കുത്തിയതോടിൽ ബോട്ടുമറിഞ്ഞ് രണ്ട് മരണം.
2013ൽ ആലപ്പുഴയിലെ പുന്നക്കാട് മേഖലയിൽ യാത്രാ ബോട്ട് മറിഞ്ഞ് നാല് മരണം
2013ൽപുന്നക്കാട് തന്നെ ശിക്കാരവള്ളം മുങ്ങി രണ്ടുപേർ മരിച്ചു
2015ൽ ഫോർട്ട് കൊച്ചി വൈപ്പിൻ ബോട്ടപകടത്തിൽ11 മരണം
2023ൽ മലപ്പുറം താനൂർ തൂവൽത്തീരത്ത് ബോട്ട് മറിഞ്ഞ് 22 മരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOUSEBOATS SAFETY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.