ന്യൂയോർക്ക്: കാനഡയിലെ കനത്ത കാട്ടുതീ കാരണം പുകയിൽ മൂടി ന്യൂയോർക്ക് നഗരം. പട്ടാപ്പകൽ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഭരണകൂടം സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യുന്നുണ്ട്. മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഓറഞ്ച് നിറത്തിൽ കട്ടിയുള്ള പുക നഗരത്തെ മൂടിയത് ഗതാഗതത്തെയും ബാധിച്ചു. ഡ്രൈവർമാർക്ക് കാഴ്ച മങ്ങുന്നത് അപകടങ്ങൾക്ക് കാരണമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുക വ്യോമഗതാഗത്തെയും ബാധിച്ചു. ചില വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി.
അതിനിടെ, കാനഡയിലെ കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടർന്നുപിടിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തീ അണയ്ക്കാനുള്ള എല്ലാ സഹായവും അമേരിക്ക കാനഡയ്ക്ക് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ തീ അണയ്ക്കാനാവും എന്നാണ് കനേഡിയൻ അധികൃതർ പറയുന്നത്.
ന്യൂയോർക്കിലെ ഇപ്പോഴത്തെ സ്ഥിതി ശനിയാഴ്ച നടക്കുന്ന ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി ഇന്നുരാവില മുഖ്യമന്ത്രിയും സംഘവും ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചിട്ടുണ്ട്. ധനമന്ത്രി കെ എൻ ബാലഗോപാൽ, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും സ്പീക്കറുടെ ഭാര്യയും മകനും സംഘത്തെ അനുഗമിക്കുന്നുണ്ട്.
അമേരിക്കൻ സന്ദർശനത്തിന് ശേഷം ക്യൂബയിലേക്ക് പോകുന്ന സംഘത്തിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വീണ ജോർജുമുണ്ടാകും. ജൂൺ19ന് മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |