SignIn
Kerala Kaumudi Online
Thursday, 25 April 2024 2.03 AM IST

കടമെടുത്ത് കള്ളം വിളമ്പുന്ന ധനവകുപ്പ്; വിമർശനവുമായി ശൂരനാട് രാജശേഖരൻ

congress

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇല്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഇതിൽ ഏതാണു ശരി, ആരെയാണു വിശ്വസിക്കേണ്ടത്? രണ്ടു പേരും പറഞ്ഞതിൽ ശരിയുണ്ടെങ്കിലും രണ്ടും വിശ്വസനീയമല്ല. പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കാനുള്ള അടവ് നയമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിക്കുന്ന ഇരു മന്ത്രിമാരും നിരത്തുന്നത്. ഒരു കാര്യം സത്യമാണ്.


ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ കഴിയാത്ത വിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് നികുതി പിരിവ് മന്ദഗതിയിലാണ്. അധികവരുമാന മാർഗങ്ങളൊന്നുമില്ല. ചെലവാകട്ടെ ഓരോ ദിവസവും കൂടിവരുന്നു. എന്നിട്ടും ധൂർത്തിനും അഴിമതിക്കും ഒരു കുറവുമില്ല. സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കുന്നതെല്ലാം കമ്മിഷൻ പദ്ധതികളായി മാറി.അതും അടങ്കലിന്റെ 80 ശതമാനം വരെ കമ്മിഷൻ പറ്റുന്ന തീവെട്ടിക്കൊള്ള. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എഐ ക്യാമറകളിലും കെ ഫോണിലുമൊക്കെ നടന്നത് അതാണ്. ഒരുവശത്ത് അഴിമതി കൊടികുത്തുമ്പോൾ മറുവശത്ത് ജനങ്ങൾ വീർപ്പു മുട്ടുന്നു.

ആശ്വാസ കിരൺ പോലുള്ള അതിദരിദ്ര ക്ഷേമ പെൻഷനുകൾ മുടങ്ങി.കെട്ടിട നിർമാണ ക്ഷേമ പെൻഷൻ കിട്ടാതെ ആയിരങ്ങളാണു വലയുന്നത്. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് 870 കോടിയുടെ കുടിശിക. സ്‌കൂൾ തുറന്നിട്ടും പട്ടിക ജാതി പട്ടിക വർഗ- പിന്നാക്ക വിദ്യാർഥികളുടെ ഇ ഗ്രാൻഡ് മുടങ്ങി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20,000 കോടിയുടെ ആനുകൂല്യങ്ങൾ മരവിപ്പിച്ചു നിർത്തി. ഇതെല്ലാം മാറ്റിവച്ചാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും അടങ്ങുന്ന വലിയൊരു പട ലോക കേരള സഭയെന്നു പറഞ്ഞ് അമേരിക്കയിലേക്കു പറന്നത്.


കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നത്. കേരളത്തിന്റെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ 3.5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കേന്ദ്രം കുറച്ചു. 32,442 കോടി രൂപയുടെ കടമെടുപ്പ് പ്രതീക്ഷിച്ച സ്ഥാനത്ത് 15,390 കോടി രൂപയായി കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു.ബാലഗോപാലിന്റെ കണക്കിൽ ഇത് അദ്ദേഹത്തിന്റെ ബഡ‌്ജറ്റ് നിർദേശങ്ങൾക്കുള്ളിൽ വരുന്ന കണക്കാണ്. എന്നാൽ അതിനു പുറത്ത് വേറൊരു കണക്ക് കൂടിയുണ്ട്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡും (കിഫ്ബി), കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും (കെഎസ്എസ്പിഎൽ) ചേർന്ന് 30,000 കോടി രൂപ വേറെയും എടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടമായി തരംതിരിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ ഓപ്പൺ മാർക്കറ്റ് വായ്പകളുടെ പരിധി കുറഞ്ഞു എന്നാണ് കേന്ദ്രം പറയുന്നത്. അതാണു കൂടുതൽ ശരി.

കിഫ്ബി വഴി 17,677.22 കോടി രൂപയും കെഎസ്എസ്പിഎൽ വഴി മറ്റൊരു 14,000 കോടി രൂപയും സംസ്ഥാനം കടമെടുത്തിട്ടുണ്ട്. ഇതു കൂടി പൊതുകടത്തിന്റെ പരിധിയിൽ വരണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. പക്ഷേ, ബാങ്ക് വായ്പയായി എടുത്തതു മാത്രമേ കടമായി കണക്കാക്കാവൂ എന്നും കൊള്ളപ്പലിശയ്ക്ക് നാട്ടുകാരുടെ കൈയിൽ നിന്നു വാങ്ങിയത് കടമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതാണ് കിഫ്ബി ബില്ലിന്റെ ചർച്ചകളിൽ പോലും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ പച്ചപരമാർഥം.
2023-24 ലെ വായ്പാ പരിധിയും റവന്യൂ കമ്മി ഗ്രാന്റും വെട്ടിക്കുറച്ചതിനാൽ സംസ്ഥാനത്തിന് ഏകദേശം 20,000 കോടി രൂപ നഷ്ടമാകുമെന്നാണ് മന്ത്രി ബാലഗോപാൽ പറയുന്നത്.


സംസ്ഥാനം തനിച്ചെടുത്ത 30,000 കോടി രൂപയുടെ അധികവായ്പയെക്കുറിച്ചു മന്ത്രി മിണ്ടുന്നതുമില്ല. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയ കേന്ദ്ര സർക്കരിനെതിരേ സംസ്ഥാന സർക്കാർ എന്തു ചെയ്തു? സംസ്ഥാന ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിന് ഒരു കത്തയച്ചു.ആ കത്ത് ഡൽഹി സെൻട്രൽ സെക്രട്ടേറയിറ്റിൽ എത്തിയതിന്റെ ഒരു മറുപടിയും ആർക്കും കിട്ടിയില്ല. ഡൽഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ച് 500ൽപ്പരം ഉദ്യോഗസ്ഥലോബിയുണ്ട്. അവരാരും ഇതേക്കുറിച്ച് കമാന്നു മിണ്ടിയില്ല. ഒരു ഫോൺ കോൾ പോലും ചെയ്തില്ല.


കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി വേഗം തീർപ്പാക്കാൻ നിയോഗിക്കപ്പെട്ട കേരളത്തിന്റെ ക്യാബിനറ്റ് പദവിയുള്ള പ്രത്യേക പ്രതിനിധിയും ചെറുവിരലനക്കിയില്ല. ലാവ്ലിൻ കേസിൽ തന്നെ കൈയയച്ചു സഹായിക്കുന്ന കേന്ദ്ര സർക്കാരിനോടുള്ള ഉപകാര സ്മരണയിൽ മുഖ്യമന്ത്രിയും മൗനത്തിലാണ്.

ചുരുക്കത്തിൽ ധനമന്ത്രിയുടെ കണക്കിൽ കേരളത്തിന് നഷ്ടമായ 20,000 കോടി രൂപയിൽ ചില്ലിക്കാശു പോലും കിട്ടാനുള്ള ഒരു സാദ്ധ്യതയും കാണുന്നില്ല. രണ്ടു മാസം മാത്രം അപ്പുറത്തു നിൽക്കുന്ന ഓണമടക്കമുള്ള ദിവസങ്ങളിൽ കേരളം സാമ്പത്തികമായി ഞെരിപിരി കൊള്ളും. ഇതിനു പരാഹരമില്ലേ? തീർച്ചയായുമുണ്ട്. പക്ഷേ, സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണം.

സ്വർണക്കടകളിൽ നിന്നും ബാർ ഹോട്ടലുകളിൽ നിന്നും വർഷാവർഷം 10,000 കോടി രൂപയുടെ നികുതി വരുമാനം കിട്ടാനുണ്ട്. നാളിതു വരെ അതു പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സംസ്ഥാന ധനവകുപ്പ് ചെയ്യുന്നില്ല. ആവശ്യമായ തെളിവ് സഹിതം ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. പരിശോധിക്കാം എന്ന ഒഴുക്കൻ മറുപടിയല്ലാതെ ആരും ഒന്നും പരിശോധിച്ചില്ല.


കേന്ദ്രം ജിഎസ് ടി നടപ്പാക്കുന്നതിന് തൊട്ടുമുൻപുള്ള നികുതി കുടിശിക പിരിച്ചെടുക്കാൻ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആവിഷ്‌കരിച്ച ആംനെസ്റ്റി പദ്ധതിയും ആവിയായി. 2017-18 സാമ്പത്തിക വർഷം മുതൽ 2022-23 വരെ 6,731.10 കോടി രൂപയാണ് ആംനെസ്റ്റി ഇനത്തിൽ കിട്ടേണ്ടിയുരുന്നത്. കിട്ടിയത് 744.75 കോടി രൂപയും. ഈ ഇനത്തിൽ മാത്രം കുറവ് 5,986.35 കോടി രൂപ. ബാലഗോപാൽ പറയുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വർണം, ബാർ, ആംനെസ്റ്റി ഇനത്തിലെ കുടിശിക പിരിച്ചാൽ മാത്രം മതിയെന്നു ചുരുക്കം. കിഫ്ബി വഴി എടുത്തിരിക്കുന്ന വായ്പയും കേരളത്തിന്റെ നികുതിപ്പണം കൊണ്ട് നികത്തേണ്ടതാണ്. അതുകൊണ്ടു തന്നെ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ പൊതു കടമെടുപ്പ് പരിധിയിൽ വരില്ലെന്ന ബാലഗോപാലിന്റെയും അദ്ദേഹത്തിന്റെ മുൻഗാമി ഡോ. തോമസ് ഐസക്കിന്റെയും ക്യാപ്‌സൂൾ എകെജി സെന്ററിലല്ലാതെ വേറേ എവിടെയും ചെലവാകില്ല. ആദ്യം പ്രതിപക്ഷവും പിന്നീട് സിഎജിയും ഇപ്പോൾ കേന്ദ്ര സർക്കാരും തെളിയിക്കുന്നത് അതാണ്.

ഓരോ ദിവസവും കടം കയറി മുടിയുകയാണ് കേരളം. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തി ഇതുവരെ 1,07,476.83 കോടി രൂപയാണ് കേരളത്തിന്റെ വായ്പാ പലിശ മാത്രം വരുന്നത്. യുഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞ ആദ്യ വർഷം 12,116.50 കോടി ആയിരുന്ന പലിശ 2021-22 ൽ 23,302. 82 കോടിയായി വളർന്നു. ഈ സാമ്പത്തിക വർഷം ഇത് 25,000 കോടി കടക്കും. വരുമാനം കൂട്ടിയും ആഡംബരം കുറച്ചും ചെലവ് ചുരുക്കിയും മാത്രമേ കേരളത്തിനു മുന്നോട്ടു പോകാനാവൂ. അതിന് സംസ്ഥാന സർക്കാർ തയാറല്ല.


കുറഞ്ഞ പക്ഷം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിശദമാക്കുന്ന ഒരു ധവളപത്രമെങ്കിലും ജനങ്ങളുടെ മുന്നിൽ വയ്ക്കണം. അല്ലാതെ ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു വിശദമാക്കുന്നത് ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ അഴിമതി ഭരണത്തിനും ആഡംബര ധൂർത്തിനും മാത്രമായി തുറന്നിട്ടുകൊടുക്കാനുള്ളതല്ല കേരളത്തിന്റെ ഖജനാവെന്ന തിരിച്ചറിവെങ്കിലും വേണം, ധനമന്ത്രി ബാലഗോപാലിന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, ECONOMY, CONGRESS, LEADER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.