ഒരേസമയം ഉണ്ടാവുക 2 പേർ മാത്രം
ക്ഷേത്ര സുരക്ഷ കൂട്ടാൻ നടപടിയില്ല
കൊച്ചി: നൂറോളം ഇന്ദ്രനീലം, മാണിക്യം, വൈഢൂര്യം, ഗോമേദകം തുടങ്ങിയ രത്നങ്ങൾ, വെള്ളി ശേഖരം, ആനക്കൊമ്പുകൾ. നിത്യപൂജയ്ക്കും ഉത്സവങ്ങൾക്കുമായുള്ളത് 64.5 കിലോ സ്വർണ ഉരുപ്പടികൾ. വിശാലമായ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വിലമതിക്കാനാവാത്തതും അമൂല്യവുമായ വസ്തുക്കളുടെ കാവലിന് ഒരേസമയം ഡ്യൂട്ടിയിലുണ്ടാവുക നിരായുധരായ രണ്ട് വിമുക്തഭടന്മാർ മാത്രം. ആകെയുള്ളത് നാലുപേർ. ഡ്യൂട്ടി ടേൺ അനുസരിച്ച് രാത്രിയും പകലുമായാണ് രണ്ടുപേർ മാറിമാറി വരുന്നത്. നാലുപേരും താത്കാലിക ജീവനക്കാർ.
ക്ഷേത്രത്തിലെ രണ്ട് കല്ലറകളിലും ശ്രീകോവിലിലുമായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. കൊച്ചി രാജകുടുംബം കൊച്ചിൻ ദേവസ്വം ബോർഡിന് ക്ഷേത്രം കൈമാറിയപ്പോൾ ഉണ്ടായിരുന്ന രത്നങ്ങളും വൈരങ്ങളുമടക്കം നല്ലൊരു ഭാഗം നഷ്ടപ്പെട്ടിട്ടും സുരക്ഷ കൂട്ടാൻ നടപടിയില്ല. ക്ഷേത്ര സ്വർണക്കോലത്തിലെ അരക്കിലോ തൂക്കമുള്ള സ്വർണമകുടം മുക്കുപണ്ടമായ വിവരം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ.പി. സുധീർ വിദഗ്ദ്ധരുമായി ചേർന്ന് പരിശോധിച്ച് 2021 നവംബർ 26ന് സമർപ്പിച്ച റിപ്പോർട്ടിലാണ് ക്ഷേത്രത്തിലെ സ്വർണത്തിന്റെ കണക്കുള്ളത്. വൃശ്ചികോത്സവത്തിന് ഉപയോഗിക്കുന്ന സ്വർണക്കോലവും നെറ്റിപ്പട്ടവും വ്യാജമാണെന്ന പരാതികളെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കവേ 2016ൽ ഹൈക്കോടതി ഉത്തരവുപ്രകാരം ഇവ ഉരുക്കി ബോർഡിന്റെ സ്വർണം ഉപയോഗിച്ച് പുനർനിർമ്മിച്ചിരുന്നു.
ഇതിനെ എതിർത്ത് രാജകുടുംബാംഗങ്ങൾ നൽകിയ കേസിൽ അമൂല്യ വസ്തുക്കളുടെ കണക്കെടുക്കാൻ ദേവസ്വം ബോർഡിന് സുപ്രീംകോടതി നിർദ്ദേശം നൽകി. ഇത് പാലിക്കാത്തതിനാലാണ് സുപ്രീംകോടതി നേരിട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ നിയോഗിച്ചത്.
അന്വേഷണത്തെ
കുറിച്ച് മിണ്ടാട്ടമില്ല
2006ൽ അന്നത്തെ ദേവസ്വം ഓഫീസർ കല്ലറയിൽ നിന്ന് 58 രത്നങ്ങളും നൂറോളം കല്ലുകളും രാത്രി കടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണമുണ്ടായില്ല
തൃപ്പൂണിത്തുറ ഗ്രൂപ്പിലെ എല്ലാ സ്വർണ, അമൂല്യസാമഗ്രികളും ഗൗരവമായി പരിശോധിക്കണമെന്നതും ഉദ്യോഗസ്ഥർ ചാർജെടുക്കും മുമ്പ് പരിശോധിക്കണമെന്നതും നടപ്പായില്ല
എല്ലാ വസ്തുക്കളുടെയും ഗുണപരിശോധന നടത്തുക, കല്ലറകൾ വൈദ്യുതീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നടപ്പാക്കിയില്ല
ക്ഷേത്ര സ്വർണം
(അളവ് കിലോയിൽ)
മേൽശാന്തിക്ക് ചുമതലയുള്ള ചുറ്റമ്പലത്തിൽ........17.861
സംയുക്ത ചുമതലയുള്ള കല്ലറയിൽ......................... 37.766
ദേവസ്വം ഓഫീസർക്ക് ചുമതലയുള്ള കല്ലറയിൽ......08.88
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |