കോഴിക്കോട്:ഐസിയുവിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴി മാറ്റാനായി ഭീഷണിപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കില്ല. ഇവരുടെ സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ് പിൻവലിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ മല്ലികാ ഗോപിനാഥ് അറിയിച്ചു.
ആരോപണ വിധേയരായ അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്. സസ്പെൻഷൻ വിധിച്ച ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയതായുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ അറിവില്ലാതെയാണ് സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കാനുള്ള നീക്കമുണ്ടായതെന്നാണ് ആരോഗ്യമന്ത്രി നിലവിൽ നൽകുന്ന വിശദീരണം.
അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജേ് ഐസിയുവിൽ പ്രവേശിപ്പിച്ച യുവതി ലൈംഗിക പീഡനത്തിനിരയായത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ ശശീന്ദ്രന് അറസ്റ്റിന് പിന്നാലെ അതിജീവിതയെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചതായി പരാതി ലഭിച്ചതോടെ അഞ്ച് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെ മാർച്ച് 23-നാണ് സസ്പെൻഡ് ചെയ്തത്. കുറ്റാരോപിതരിൽ താത്ക്കാലിക ജീവനക്കാരിയായ ദീപയെ നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു. എന്നാൽ സസ്പെൻഷനിലായവെര തിരിച്ചെടുക്കുന്നതായി കഴിഞ്ഞയാഴ്ചയാണ് അറിയിപ്പുണ്ടായത്.
ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനാകാത്തതിനാൽ സസ്പെൻഷൻ പിൻവലിക്കുന്നു എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. സംഭവത്തിന് പിന്നാലെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |