SignIn
Kerala Kaumudi Online
Thursday, 21 September 2023 9.42 PM IST

കാനഡ കാട്ടുതീയിൽ പുകഞ്ഞ് അമേരിക്ക

new-york

ന്യൂയോർക്ക്: കാനഡയിൽ നാനൂറ് ഇടങ്ങളിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയിൽ ശ്വാസം മുട്ടി അമേരിക്കൻ നഗരങ്ങൾ. ന്യൂയോർക്ക്,​ വാഷിംഗ്ടൺ,​ ഫിലാഡെൽഫിയ തുടങ്ങിയ വൻ നഗരങ്ങളിലുൾപ്പെടെ തുടർച്ചയായ മൂന്നാം ദിവസവും പുക നിറഞ്ഞ് വായു മലിനീകരണം രൂക്ഷമാകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

വായുവിന്റെ ഗുണനിലവാരം അപകടകരമായി താഴുന്ന ആശങ്കാജനകമായ അവസ്ഥ ഒരാഴ്ച തുടരും.1960ന് ശേഷം അമേരിക്കയിലെ ഏറ്റവും ഗുരുതരമായ വായു മലിനീകരണമാണിത്.

ഭീമൻ കെട്ടിടങ്ങളും സ്റ്റാച്യു ഒഫ് ലിബർട്ടി അടക്കമുള്ള ചരിത്ര സ്മാരകങ്ങളും കട്ടിപിടിച്ച ഓറഞ്ച് പുകയിൽ മൂടി. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ എൻ 95 മാസ്ക് ധരിക്കാൻ ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.

അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്. 400ലേറെ കാട്ടുതീയാണ് കാനഡയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 150 എണ്ണവും ക്യൂബക് പ്രവിശ്യയിലാണ്. അവിടെ നിന്നുള്ള പുകയാണ് അമേരിക്കയിൽ വ്യാപിക്കുന്നത്.

പകൽ പോലും രാത്രിയുടെ പ്രതീതിയാണ്. റോഡുകളിൽ പുക നിറയുന്നത് വാഹനാപകടങ്ങൾക്കും കാരണമാകും. ചില വിമാന സർവീസുകൾ റദ്ദാക്കി. ന്യൂയോർക്കിൽ സൗജന്യ മാസ്ക് വിതരണം ആരംഭിച്ചു.

നഗരത്തിൽ നിന്ന് യു.എസിന്റെ കിഴക്കൻ തീരത്തേക്കും പുക വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോർക്ക് സിറ്റിയിൽ ബസുകളിലും ട്രെയിനുകളിലും ഉന്നത നിലവാരമുള്ള എയർ ഫിൽട്രേഷൻ സിസ്റ്റം ഉണ്ടെന്നും ഇത് യാത്രക്കാർക്ക് സുരക്ഷ നൽകുന്നതായും അധികൃതർ അറിയിച്ചു. മൃഗശാലകളിലെ ജീവികളെ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് മാറ്റി.

ന്യൂയോർക്കിലെ വണ്ടിക്കുതിര സവാരിയും നിറുത്തിവച്ചു. വ്യായാമം കുറച്ചുദിവസത്തേക്ക് വീട്ടിലാക്കാനും നിർദ്ദേശമുണ്ട്.

പെൻസിൽവേനിയയിലെ നഗരങ്ങളിൽ ഇന്നലെ വായുനിലവാരം അപകടകരമാം വിധം താഴ്ന്നു. യു.എസിന്റെ തെക്കൻ മേഖലകളിലും മദ്ധ്യപടിഞ്ഞാറൻ ഭാഗങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. പലർക്കും ശ്വാസതടസവും കണ്ണിൽ അസ്വസ്ഥതകളും നേരിടുന്നതായും റിപ്പോർട്ടുണ്ട്.

അതേ സമയം, കാനഡയിലെ ടൊറന്റോയിലടക്കം സ്ഥിതി ഇന്നലെ കൂടുതൽ മോശമായി.ഇതുവരെ 38 ലക്ഷം ഹെക്ടർ വനമാണ് കാനഡയിൽ കാട്ടുതീയിൽ നശിച്ചത്. സഹായിക്കാൻ 600ലേറെ അഗ്നിരക്ഷാ സേനാംഗങ്ങളെ യു.എസ് അയച്ചു. ഫ്രഞ്ച് അഗ്നിരക്ഷാസേനാംഗങ്ങളും രംഗത്തുണ്ട്. പത്ത് വർഷത്തിനിടെ കാനഡയിലുണ്ടാകുന്ന ഏറ്റവും വലിയ കാട്ടുതീ സീസണാണ് ഇത്തവ.

 മുഖ്യമന്ത്രിയുടെ പരിപാടിക്കും ആശങ്ക

ന്യൂയോർക്കിലെ മോശം കാലാവസ്ഥ ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെ ന്യൂയോർക്കിലേക്ക് തിരിച്ചിരുന്നു. നാളെ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യുന്ന ടൈം സ്ക്വയറിലും പുക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, UNITED STATES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.