
ലക്‌നൗ: ഭാര്യയുടെ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോയ്ക്കൊപ്പം കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് കണ്ട് അയാൾ ഞെട്ടി. 'ഡ്രമ്മും സിമന്റും".
രാജ്യം ഞെട്ടിയ കൊലപാതകമായിരുന്നു മീററ്റ് സ്വദേശി മുസ്‌കാൻ റസ്‌തോഗി കാമുകൻ സാഹിൽ ശുക്ലയ്ക്കൊപ്പം ഭർത്താവ് സൗരഭ് രാജ്പുത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കി നീല ഡ്രമ്മിലിട്ട് സിമന്റിട്ട് അടച്ചു. ഇതേ രീതിയിൽ പിന്നീട് എത്രയോ കൊലപാതകങ്ങൾ. ഭാര്യയുടെ 'ഡ്രമ്മും സിമന്റും" കമന്റ് കണ്ട ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശിയായ രാജ്കുമാറിന്റെ മനസിലൂടെ ഈ സംഭവങ്ങളെല്ലാം കടന്നുപോയി.
ഭാര്യ തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് കരുതിയ രാജ്‌കുമാർ ഭാര്യയെ കാമുകനൊപ്പം പറഞ്ഞയച്ചു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് രാജ്കുമാറിന് സംശയമുണ്ടായിരുന്നു. പലപ്പോഴും ഇതിന്റെ പേരിൽ ഇരുവരും വഴക്കിട്ടു. ഇതിനിടെ തന്നെ നീല ഡ്രമ്മിലാക്കുമെന്ന് പലപ്പോഴും ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോൾ തെളിവുണ്ടോയെന്ന് മറുചോദ്യം ഉന്നയിച്ചിരുന്നെന്നും രാജ്‌കുമാർ പറയുന്നു. കഴിഞ്ഞ ജൂലായിൽ തന്നെയും ആറുമാസംപ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഭാര്യ വീടുവിട്ടുപോയി. ഒരുമാസത്തോളം കാമുകനൊപ്പമാണ് ജീവിച്ചതെന്നും രാജ്കുമാർ ആരോപിച്ചു.
ഒരിക്കൽ ഭാര്യ കാമുകനുമായി സംസാരിക്കുന്നതിനിടെ രാജ്കുമാർ ഫോൺ തട്ടിപ്പറിച്ചു. പരിശോധനയിൽ അവരുടെ ചില സ്വകാര്യചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവച്ച കൊലപാതക വാർത്തകളും കണ്ടു. സിമന്റ് അല്ലെങ്കിൽ ഡ്രം എന്ന വാചകത്തോടൊപ്പമാണ് ഈ വാർത്തകൾ പങ്കുവച്ചിരുന്നത്. ഇതോടൊപ്പം നീല ഡ്രമ്മും സിമന്റും എന്ന അടിക്കുറിപ്പോടെ രാജ്കുമാറിന്റെ ഫോട്ടോയുമുണ്ടായിരുന്നു. ഇതോടെ ഭാര്യ തന്നെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി രാജ്‌കുമാർ ഭയന്നു.
തന്നെയും മൂന്നുസഹോദരങ്ങളെയും കൊല്ലുമെന്ന് ഭാര്യ ഭീഷണി മുഴക്കിയതോടെ പൊലീസിനെ സമീപിച്ചെന്നും രാജ്‌കുമാർ പറയുന്നു.
പൊലീസ് സ്‌റ്റേഷനിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയിൽ കാമുകനൊപ്പം പോകാനാണ് ആഗ്രഹമെന്ന് ഭാര്യ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ കാമുകനെ രാജ്കുമാർ നേരിട്ടുകണ്ട് സംസാരിച്ചു. ഭാര്യയെ അയാൾക്കൊപ്പം പോകാൻ അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |