SignIn
Kerala Kaumudi Online
Saturday, 27 April 2024 4.24 AM IST

രായ്ക്കുരാമാനം ഒരു കാടുകടത്തൽ

arikomban

ഹർത്താലോ സമരങ്ങളോ ഉണ്ടായില്ല, ആനക്കലിക്ക് ഇരയായ കുടുംബങ്ങളുടെ കണ്ണീരും വേണ്ടിവന്നില്ല അധികൃതരുടെ കണ്ണ് തുറക്കാൻ... ജനവാസമേഖലയിലിറങ്ങി നാശം വിതച്ച് 10 ദിവസത്തിനകം അരിക്കൊമ്പനെ രായ്ക്കുരാമാനം പിടികൂടി തമിഴ്നാട് വനംവകുപ്പ് കാടുകടത്തി. തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ രണ്ടാം തവണയിറങ്ങിയപ്പോഴാണ് അരിക്കൊമ്പനെ ഒറ്റരാത്രി കൊണ്ട് തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്.

എന്നാൽ കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞ് നോക്കൂ. ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തിലെ ജനവാസ മേഖലയിലിറങ്ങി പതിവായി പ്രശ്‌നങ്ങൾ സൃഷ്ടിച്ചുതുടങ്ങിയതോടെ അരിക്കൊമ്പൻ വാർത്തകളിലിടം പിടിച്ചു. നിരവധി മനുഷ്യജീവനുകൾ ഹോമിക്കപ്പെട്ടതോടെ അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി സമരങ്ങളാണ് സംഘടിപ്പിച്ചത്. ഗത്യന്തരമില്ലാതെ ആനയെ പിടികൂടി കൂട്ടിലാക്കാൻ തന്നെ സർക്കാർ തീരുമാനിച്ചു. പാലക്കാട് നിന്ന് പിടികൂടിയ പി.ടി7 പോലെ കുങ്കിയാനയാക്കുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെ 2023 ഫെബ്രുവരി 21ന് അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ അനുവാദം നൽകി വനംവകുപ്പ് ഉത്തരവിറക്കി. ഇതോടെയാണ് മിഷൻ അരിക്കൊമ്പന് തുടക്കമാകുന്നത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യ സംഘവും കുങ്കിയാനകളും എത്തി. എന്നാൽ ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനകൾ രംഗത്തെത്തി. മാർച്ച് 29ന് ഹൈക്കോടതി അരിക്കൊമ്പനെ പിടിയ്ക്കുന്നത് തടഞ്ഞു. അരിക്കൊമ്പനെ പിടുകൂടേണ്ടതില്ല, റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് മാറ്റിയാൽ മതിയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പ്രശ്‌നം പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. ഇതോടെ ചാനലുകളിലും സാമൂഹ്യമാദ്ധ്യമങ്ങളിലുമെല്ലാം ആഴ്ചകളോളം നിറഞ്ഞു നിന്നത് അരിക്കൊമ്പനെ എന്തു ചെയ്യണമെന്ന ചർച്ചയായിരുന്നു. ആനയെ അറിയാവുന്നവരും അറിയാത്തവരും ഒരിക്കൽ പോലും കാട് കണ്ടിട്ടില്ലാത്തവരും പോലും തനിക്ക് തോന്നിയ അഭിപ്രായങ്ങൾ പറഞ്ഞു. പുട്ടിന് പീരയെന്ന പോലെ ആനയുടെ വേദനയും ഒറ്റപ്പെടലും ചേർത്ത് മസാലക്കഥയുണ്ടാക്കി ചാനലുകൾ പ്രേക്ഷകർക്ക് നൽകിക്കൊണ്ടേയിരുന്നു. അങ്ങനെ അരിക്കൊമ്പന് ഫാൻസുമുണ്ടായി. അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി 10 പഞ്ചായത്തുകളിൽ ഹർത്താലും നടത്തി. ഏപ്രിൽ അഞ്ചിന് വിദഗ്ദ്ധ സമിതി റിപ്പോർട്ട് പരിഗണിച്ച കോടതി ആനയെ റേഡിയോ കോളർ ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ പറമ്പിക്കുളത്തെ എം.എൽ.എയടക്കമുള്ള നാട്ടുകാർ ഇതിനെതിരെ ശബ്ദമുയർത്തിയപ്പോൾ തീരുമാനം മാറ്റി. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം പറമ്പിക്കുളത്തിന് പകരം കണ്ടെത്തിയ സ്ഥലങ്ങളുടെ ലിസ്റ്ര് മുദ്രവെച്ച കവറിൽ രഹസ്യമായി വിദഗ്ദ്ധ സമിതിക്ക് സർക്കാർ കൈമാറി. ഇതിലൊന്ന് തീരുമാനിച്ച് വിദഗ്ദ്ധ സമിതി അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലം ഏതെന്ന് മുദ്രവെച്ച കവറിൽ സർക്കാരിനെ അറിയിച്ചു. പിന്നാലെ ദൗത്യസംഘം അവസാനഘട്ട ഒരുക്കങ്ങളും യോഗവും മോക്ക് ഡ്രില്ലും നടത്തി. ഏപ്രിൽ 28ന് അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ വേണ്ടി അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലെത്തി. ആനയെ കണ്ടെത്താനാകാത്തതിനാൽ ഒമ്പതു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ആദ്യ ദിനത്തെ ദൗത്യം അവസാനിപ്പിച്ചു. ഏപ്രിൽ 29ന് 12 മണിയോടടുത്ത് ദൗത്യ സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചു. രണ്ട് ദിവസവും തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് പോലെ രാവിലെ മുതൽ വൈകിട്ട് വരെ തത്സമയം സംപ്രേക്ഷണം ചെയ്ത് ചാനലുകൾ ആഘോഷമാക്കി. നൂറിലേറെ ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നതെങ്കിൽ അത്രതന്നെ മാദ്ധ്യമ പ്രവർത്തകരും ആനയെ പിടികൂടുന്ന വാർത്ത റിപ്പോർട്ട് ചെയ്യാനുണ്ടായിരുന്നു. ബൂസ്റ്റർ ഡോസടക്കം ആറ് മയക്കുവെടിയേറ്റ ആനയെ പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനത്തേക്കായിരുന്നു കൊണ്ടുപോയി വിട്ടത്. ആനയെ ലോറിയിൽ കൊണ്ടുപോയ റോഡ് വരെ അന്ന് കേരളത്തിൽ ചർച്ചയായി. കാട്ടിലെത്തിയ അരിക്കൊമ്പൻ ഇവിടെ നിന്ന് മേഘമലയിലേക്കെത്തി. ഇവിടെയും അരിക്കൊമ്പൻ പ്രദേശവാസികളിൽ ഭീതി പരത്തി. പിന്നീട് കൊട്ടാരക്കര- ദിണ്ഡിക്കൽ ദേശീയ പാത കടന്ന് ആന തമിഴ്‌നാട്ടിലേക്ക് കടന്നു.

മണിക്കൂറുകൾക്കകം പിടിക്കാൻ ഉത്തരവ്

മേയ് 27ന് കമ്പത്തെ ജനവാസ മേഖലയിലെത്തി ടൗണിൽ വലിയ തോതിൽ ആന പരിഭ്രാന്തി സൃഷ്ടിച്ചു. ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ പിന്നീട് മരിക്കുകയും ചെയ്തു. നിരവധി വാഹനങ്ങൾക്ക് തകരാറും സംഭവിച്ചിരുന്നു. അന്ന് മണിക്കൂറുകൾക്കകം തന്നെ ആനയെ പിടികൂടി കാടുകയറ്റാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കുകയും അടുത്ത ദിവസം ഉച്ചയോടെ സന്നാഹമൊരുക്കുകയും ചെയ്തു. എന്നാൽ ഈ സമയത്തിനുള്ളിൽ കാടുകയറിയ അരിക്കൊമ്പൻ ഒരാഴ്ചയോളമായി ഷൺമുഖ നദി അണക്കെട്ട് പരിസരത്ത് തുടരുകയായിരുന്നു. ഞായറാഴ്ച രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് ജനവാസ മേഖലയിലിറങ്ങിയതോടെയാണ് തമിഴ്‌നാട് മയക്കുവെടി വച്ചത്. കേരളം അന്ന് പറഞ്ഞിരുന്നത് രാത്രി മയക്കുവെടി വയ്ക്കാൻ കഴിയില്ലെന്നായിരുന്നു. വെറും രണ്ട് ഡോസ് മയക്കുവെടിയിൽ ആന മയങ്ങുകയും ചെയ്തു. ഈ സമയങ്ങളിലൊന്നും ഒരു തത്സമയ സംപ്രേക്ഷണവും ഉണ്ടായില്ല. സംഭവം പുറംലോകം അറിഞ്ഞപ്പോഴേക്കും ആനയെ വാഹനത്തിൽ കയറ്റിയിരുന്നു. മയക്കുവെടി വച്ച ഡോക്ടറെക്കുറിച്ചുള്ള വീരകഥകളും ആരും പറഞ്ഞില്ല. ഇതാണ് തമിഴ്നാടും കേരളവും തമ്മിലുള്ള വ്യത്യാസം.

ആറ് വർഷം,​

മൂന്ന് തവണ

മയക്കുവെടി

ഇത്രയധികം മയക്കുവെടിയേറ്റ ആന അരിക്കൊമ്പനല്ലാതെ മറ്റൊന്നില്ല. ആറ് വർഷത്തിനിടെ മൂന്ന് തവണ മയക്കുവെടിയേറ്റു അരിക്കൊമ്പന്. ഇതിൽ അവസാന രണ്ട് വട്ടം മയക്കുവെടിയേറ്റത് 40 ദിവസത്തിനുള്ളിൽ. ആദ്യ രണ്ട് തവണ കേരളത്തിലെയും ഇപ്പോൾ തമിഴ്‌നാട്ടിലെയും വനംവകുപ്പ് അധികൃതരാണ് മയക്കുവെടിവച്ചത്. ആദ്യമായി 2017 ജൂലായ് 25, 26 തീയതികളിലായി ഡോ. അരുൺ സക്കറിയയും ഡോ. അബ്ദുൾ ഫത്തേഹും അഞ്ച് തവണയാണ് അരിക്കൊമ്പനെ മയക്കു വെടിവച്ചത്. എന്നാൽ കലീം, വെങ്കിടേഷ് എന്നീ കുങ്കിയാനകൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാതിമയക്കത്തിലും അരിക്കൊമ്പൻ ശക്തമായി ചെറുത്തതോടെ കുങ്കികൾ തളർന്നു. ഇതോടെ ദൗത്യം ഉപേക്ഷിച്ചു.

ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ ആക്രമണങ്ങൾ രൂക്ഷമായതോടെ 2023 ഫെബ്രുവരി 21നാണ് അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവയ്ക്കാൻ അനുവാദം നൽകി വനംവകുപ്പ് ഉത്തരവിറക്കുന്നത്. അതാണ് മാസങ്ങളുടെ തയ്യാറെടുപ്പിന് ശേഷം ഏപ്രിൽ 29ന് നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം തമിഴ്നാട് വനംവകുപ്പിന്റെ വകയായിരുന്നു അരിക്കൊമ്പന്റെ മൂന്നാമത് മയക്കുവെടി. ഇത്രയധികം മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ആശങ്കകളും ഉയരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIKOMBAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.