കൊച്ചി: അദ്ധ്യാപകനെതിരായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് എക്‌സാമിനേഷൻ കമ്മിറ്റി റിപ്പോർട്ട്. കെ എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അദ്ധ്യാപകനായ വിനോദ്‌കുമാർ ഇടപെട്ടെന്നായിരുന്നു ആർഷോയുടെ പരാതി.എക്‌സാമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പ്രിൻസിപ്പലിന് കെെമാറി. പുനർ മൂല്യനിർണയത്തിൽ 12മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയ്ക്ക് പങ്കില്ലെന്നും സാങ്കേതിക തകരാറാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്നലെ പറഞ്ഞിരുന്നു. ആർഷോയ്ക്ക് പങ്കില്ലാത്ത കാര്യത്തിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തരുതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവിട്ടതായും മന്ത്രി അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയായിരുന്ന ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.
സംഭവത്തിൽ തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കാണിച്ച് ആർഷോ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. ആർഷോയുടെ മാർക്ക് ലിസ്റ്റിൽ വിഷയങ്ങളും മാർക്കും രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ വിജയികളുടെ പട്ടികയിൽ ഇയാളുടെ പേര് രേഖപ്പെടുത്തിയിരുന്നു. ഇതാണ് വിവാദമായത്. തുടർന്ന് ആർഷോ ജയിച്ചെന്ന പട്ടിക മഹാരാജാസ് കോളേജ് തിരുത്തി. ആർഷോ തോറ്റതായി വെബ്‌സൈറ്റിൽ രേഖപ്പെടുത്തി.
എം എ ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താൻ എഴുതിയിട്ടില്ലെന്ന് പരീക്ഷ നടക്കുന്ന ദിവസം താൻ എറണാകുളം ജില്ലയിൽ പോലും ഉണ്ടായിരുന്നില്ലെന്നും ആർഷോ വ്യക്തമാക്കിയിരുന്നു. ഇയാൾ നിരപരാധിയാണെന്നാണ് പ്രിൻസിപ്പലിന്റെയും വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |