ഹൈദരാബാദ്: അമ്മയുടെ സഹോദരിയെ കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയില്‍. അപകടമരണമെന്ന് കരുതിയ സംഭവത്തിലാണ് അപ്രതീക്ഷിത ട്വിസ്റ്റും പിന്നാലെ അറസ്റ്റും ഉണ്ടായിരിക്കുന്നത്. തെലങ്കാനയിലെ സിദ്ദിപ്പേട്ടിലെ കൊലപാതകത്തില്‍ വെങ്കിടേഷ് (32) എന്ന യുവാവാണ് അറസ്റ്റിലായത്. ദൃശ്യം എന്ന സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ കൊലപാതകം മറച്ചുവച്ചതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
റോഡപകടത്തില്‍ മരണപ്പെട്ടുവെന്ന് വരുത്തിതീര്‍ത്ത ശേഷം മാതൃസഹോദരിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. ഇക്കൊല്ലം മാര്‍ച്ചില്‍ വെങ്കിടേഷ് തന്റെ അമ്മയുടെ സഹോദരി രേവമ്മ(50)യുടെ പേരില്‍ പോസ്റ്റ് ഓഫീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയിടങ്ങളില്‍ നിരവധി ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുത്തതായി സിദ്ദിപേട്ട് പൊലീസ് കമ്മീഷണര്‍ ബി അനുരാധ പറഞ്ഞു.
ഈ മാസം ഏഴിന് രേവമ്മയെ തന്നോടൊപ്പം അടുത്തുള്ള ഒരു കൃഷിയിടത്തിലേക്ക് ജോലിക്ക് എന്ന് പറഞ്ഞ് ഇയാള്‍ വിളിച്ച് കൊണ്ട് പോയി. ഇവരെ പാതയോരത്ത് നിന്ന ഇവരെ ഒരു ജീപ്പ് ഇടിച്ചു. പിന്നീട് വെങ്കിടേഷ് പൊലീസില്‍ അപകടം നടന്നതായി അറിയിക്കുകയും ചെയ്തു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇടിച്ച ഥാര്‍ ജീപ്പിന്റെ നമ്പര്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെങ്കടേഷിന്റെ സഹോദരനാണ് ജീപ്പ് വാടകയ്ക്ക് എടുത്തതെന്നും കണ്ടെത്തി.
സഹോദരന്‍മാര്‍ രണ്ട് പേരും ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിത ശ്രമമായിരുന്നു ഇതെന്ന് പൊലീസ് കണ്ടുപിടിച്ചത്. രേവമ്മയുടെ മരണം അപകടമരണമാകുമ്പോള്‍ അതിലൂടെ 55 ലക്ഷം രൂപ ഇന്‍ഷ്വറന്‍സായി ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇയാള്‍. തന്റെ കടബാദ്ധ്യത തീര്‍ക്കാനുള്ള എളുപ്പവഴിയെന്ന നിലയിലാണ് കൊലപാതകം ആസൂത്രമം ചെയ്ത് നടപ്പിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |