തിരുവനന്തപുരം: ചെറിയ പിഴവുകൾ പോലും ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത
എസ്.എഫ്.ഐ നേതൃത്വത്തിൽ നിന്നുണ്ടാകണമെന്ന് സി.പി.എം നിർദ്ദേശം. എസ്.എഫ്.ഐയെ തകർക്കാനുള്ള നീക്കം വലതുപക്ഷ ശക്തികളിൽ നിന്നുണ്ടാകുന്നുവെന്ന് നിരീക്ഷിച്ച പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് , മുമ്പുണ്ടായ ചെറിയ വീഴ്ചകൾ പോലും അവർ ആഘോഷിക്കുകയാണെന്ന് വിലയിരുത്തി.
എറണാകുളം മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടുയർന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നിർദ്ദേശം.വ്യാജ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. എന്നാൽ ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖ ചമച്ചെന്ന ആക്ഷേപത്തിൽ പ്രതിക്കൂട്ടിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തിൽ കേസ് അതിന്റെ വഴിക്ക് നീങ്ങട്ടെ. തന്റെ കൈയിൽ ഒരു രേഖയുമില്ലെന്ന് വിദ്യ വിശദീകരിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കേസന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കട്ടെ. വിദ്യക്ക് വ്യാജരേഖ ലഭിച്ചതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണത്തിൽ കണ്ടെത്തട്ടെ.
തനിക്കെതിരായ ആരോപണത്തിന് പിന്നിൽ പകപോക്കലാണെന്ന് ആർഷോ ഉന്നയിച്ച സംശയം സി.പി.എമ്മും സാധൂകരിക്കുന്നു. കോളേജിൽ കെ.എസ്.യു പ്രവർത്തകയായ വിദ്യാർത്ഥിനിയുടെ പുനർമൂല്യനിർണയുമായി ബന്ധപ്പെട്ട് പരാതി ഉയർന്നപ്പോൾ അതിലിടപെട്ടയാളാണ് ആർഷോ. 6 മാർക്കിന് പരാജയപ്പെട്ട കുട്ടിയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചത്. ഒരദ്ധ്യാപകൻ ഇടപെട്ട് പിന്നീട് 12 മാർക്ക് നൽകി. ഇതിലാണ് പരാതി ഉയർന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |