SignIn
Kerala Kaumudi Online
Saturday, 27 April 2024 9.10 AM IST

എന്നാലും എന്റെ സമസ്തേ

samastha

കഴിഞ്ഞ കുറച്ചുമാസങ്ങളായി പുകയുന്ന സമസ്ത - സി.ഐ.സി പ്രശ്നം രമ്യമായി പരിഹരിച്ചു എന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. സി.ഐ.സി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് ചേർന്ന സി.ഐ.സി സെനറ്റ് യോഗം സമസ്തയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചതിനൊപ്പം സി.ഐ.സി പ്രവർത്തക സമിതിയിൽ നിന്ന് 119 പേർ രാജിവച്ച തീരുമാനം റദ്ദാക്കുകയും ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി അംഗീകരിക്കുകയും ചെയ്തു. പിന്നാലെ പാണക്കാട്ടെ തങ്ങളും ജിഫ്രി തങ്ങളും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ഇരുസംഘടനകളുടെയും പ്രവർത്തകരുടെ സ്റ്റാറ്റസുകളിൽ നിറഞ്ഞു. സമസ്തയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടതോടെ പ്രശ്നങ്ങൾ അവസാനിച്ചെന്ന പ്രതീതിയും ഉയർത്തി.

സമസ്ത-സി.ഐ.സി പ്രശ്നം സംഘർഷങ്ങളിലേക്കും സമസ്ത-ലീഗ് തർക്കത്തിലേക്കും വഴിമാറിയതോടെയാണ് ലീഗ് നേതൃത്വം സമസ്തയുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറായത്. വളാഞ്ചേരി മർക്കസിലെത്തിയ സമസ്ത ഉന്നതനേതാക്കളെ വാഫി,​ വഫിയ്യ വിദ്യാർത്ഥിനികൾ അടക്കമുള്ളവർ വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെ പൊലീസെത്തി വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്തു നീക്കി. സമസ്തയുടെ പിളർപ്പിന് ശേഷം ഉന്നതനേതൃത്വത്തെ വഴിയിൽ തടഞ്ഞ് ചോദ്യം ചെയ്ത സംഭവം തന്നെ ഉണ്ടായിട്ടില്ല. സമസ്ത നേതാക്കളെ തടഞ്ഞതിന് പിന്നിൽ ലീഗിന്റെ ഇടപെടലുണ്ടെന്ന പ്രചാരണം സോഷ്യൽ മീഡിയയിലും കനത്തു. തർക്കം കൈവിടുന്നെന്ന ഘട്ടമെത്തിയപ്പോഴാണ് മുതിർന്ന നേതാക്കളുടെ ഇടപെടലിൽ മുൻനിലപാടിൽ നിന്ന് ലീഗ് പിന്നാക്കം പോയത്.

ജൂൺ ഒന്നിന് കോഴിക്കോട് ലീഗ്-സമസ്ത ഉന്നത നേതൃത്വങ്ങൾ യോഗം ചേ‌ർന്ന് പ്രശ്നപരിഹാരത്തിന് ഫോർമുല തയ്യാറാക്കി. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി.അബ്ദുള്ള മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, സി.ഐ.സി പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ,​ എം.സി.മായിൻ ഹാജി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

സി.​ഐ.​സി സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും സ​മ​സ്ത​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ വരും​വി​ധം ഭരണഘടന മാറ്റിയെഴുതുക, നിലവിലെ സിലബസിൽ മാറ്റം വരുത്തുക, സമസ്ത മുശാവറ അംഗങ്ങളെ കൂടി സി.ഐ.സി സെനറ്റിൽ ഉൾപ്പെടുത്തുക, ഹക്കീം ഫൈസിയെ പൂർണ്ണമായും സ്ഥാനത്ത് നിന്ന് മാറ്റുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സമസ്ത ഉന്നയിച്ചത്. ഇക്കാര്യം സി.ഐ.സി സെനറ്റ് യോഗത്തിൽ അവതരിപ്പിച്ച് അനുകൂല തീരുമാനം ഉണ്ടാക്കുമെന്ന് സാദിഖലി തങ്ങളും അറിയിച്ചു. ഇരുകൂട്ടരും തമ്മിലെ പ്രശ്നങ്ങൾ തീരാൻ സെനറ്റ് യോഗം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന പ്രതീതിയും സൃഷ്ടിച്ചു. പാണക്കാട് ചേർന്ന സി.ഐ.സി സെനറ്റ് യോഗത്തിന് ശേഷം പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ചെന്ന സാദിഖലി തങ്ങളുടെ പ്രഖ്യാപനവും വന്നു. പിന്നാലെ സി.ഐ.സിയുടെ സോഷ്യൽ മീഡിയ പേജിൽ സെനറ്റ് യോഗത്തിൽ അവതരിപ്പിച്ചെന്ന് പറയപ്പെടുന്ന മൂന്ന് പ്രമേയങ്ങൾ പോസ്റ്റ് ചെയ്തു. ഫലത്തിൽ, അന്തിയാകും വരെ വെള്ളം കോരി അന്തിക്ക് കുടം ഉടച്ചു എന്നത് പോലെയായി.

സമസ്തയ്ക്കും ലീഗിനും ഇടയിലെ മഞ്ഞുരുക്കം തടഞ്ഞ വിവാദ പ്രമേയങ്ങൾ ഇങ്ങനെ;

പ്രമേയം: ഒന്ന്

കാൽനൂറ്റാണ്ട് കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാഭ്യാസ ഏജൻസിയാണ് സി.ഐ.സി. നാളിത് വരെയുള്ള അതിന്റെ പ്രവർത്തനങ്ങൾ വിശുദ്ധവും സത്യസന്ധവുമാണ്. സി.ഐ.സിയുടെ അസ്തിത്വ വിശുദ്ധിക്കും അതിന്റെ ശില്പി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ ആദർശ പ്രതിബദ്ധതയ്ക്കും ഇസ്ലാമിക വിശ്വാസത്തിനും തിരുനബിയോടുള്ള ബഹുമാനാദരവിനും എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ ഈ യോഗം നിരാകരിക്കുന്നു.

പ്രമേയം: രണ്ട്

സമന്വയ വിദ്യാഭ്യാസ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സി.ഐ.സിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് വിദ്യാഭ്യാസ രംഗത്ത് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളിലുള്ള വിശ്വാസം ഹനിക്കുന്നതും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുവേ വിദ്യാഭ്യാസത്തിൽ നിന്നും വിശിഷ്യാ ഇസ്ലാമിക വിദ്യാഭ്യാസരംഗത്ത് നിന്നും പിന്തിരിപ്പിക്കാൻ ഇടയാക്കുന്നതാണ്. കരാർ പ്രകാരം അവർ തിരഞ്ഞെടുത്ത കോഴ്സുകൾ പഠിക്കുമെന്ന് വിദ്യാർത്ഥികളും കാലാവധി പൂർത്തിയാക്കി പഠിക്കുന്നതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കുമെന്ന് സ്ഥാപനങ്ങളും കരാർ ചെയ്യുന്ന രീതിയാണ് സി.ഐ.സിയും അഫിലിയേറ്റഡ് സ്ഥാപനങ്ങളും സ്വീകരിച്ചു വരുന്നത്. ഇതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അപലപനീയമാണ്. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ അല്ലാതെയോ ഇത്തരം പ്രവർത്തനങ്ങൾ ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണെന്ന് ഈ യോഗം സ്ഥാപനങ്ങളെ ശക്തിയായി ആഹ്വാനം ചെയ്യുന്നു.

പ്രമേയം : മൂന്ന്

പരിശുദ്ധ അഹ്‌ള സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന വാഫി,​ വഫിയ്യ സിലബസുകളിൽ ബിദഈ ആശയങ്ങളുണ്ട് എന്ന വാദം ഈ യോഗം നിരാകരിക്കുന്നതിതോടൊപ്പം നിജസ്ഥിതി ബോദ്ധ്യപ്പെട്ട ശേഷവും ആരോപണം ഉന്നയിക്കുന്നതിനെ അപലപിക്കുകയും ചെയ്യുന്നു.

പ്രമേയത്തിൽ

മുറിവേറ്റ് സമസ്ത

സുന്നി ആശയത്തിൽ നിന്നുള്ള വ്യതിയാനം ആരോപിച്ച് സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ഹക്കീം ഫൈസി ആദൃശ്ശേരി. സലഫി ആദർശം ഹക്കീം ഫൈസിയെ സ്വാധീനിച്ചിട്ടുണ്ടെന്നും സി.ഐ.സി സിലബസിൽ കൂടി ഇതുൾപ്പെടുത്തി എന്നുമാണ് സമസ്തയുടെ പ്രധാന ആരോപണം. സി.ഐ.സിയെ സമസ്തയുടെ നിയന്ത്രണത്തിൽ നിന്ന് മുസ്‌ലിം ലീഗിന്റെ കൈകളിലേക്ക് അടുപ്പിച്ചതിന്റെ ബുദ്ധികേന്ദ്രവും ഹക്കീം ഫൈസിയാണെന്ന വികാരം സമസ്തയ്ക്കുണ്ട്. നേതൃത്വത്തിനെതിരെ പരസ്യ നിലപാടുകളെടുക്കുന്ന ഹക്കീം ഫൈസിക്ക് അനുകൂലമായി ചെറുശബ്ദം പോലും ഉയരുന്നത് സമസ്ത നേതൃത്വം ഇഷ്ടപ്പെടുന്നില്ല. സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസിയെ പുറത്താക്കണമെന്ന ആവശ്യം ഏറെ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് സാദിഖലി തങ്ങൾ അംഗീകരിച്ചത്. ഹക്കീം ഫൈസിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ സി.ഐ.സി സെനറ്റ് യോഗം നിരാകരിച്ചത് സമസ്ത നേതൃത്വത്തെ പ്രകോപിപ്പിച്ചു. സി.ഐ.സിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന ആരോപണം സമസ്തയ്ക്ക് നേരെയുള്ള വിരൽചൂണ്ടലായി.

മൂന്ന് പ്രമേയങ്ങളും മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ സമസ്ത നേതൃത്വം തങ്ങളുടെ അമർഷം മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് വിവാദ പോസ്റ്റ് നീക്കം ചെയ്തു. കോ​ഴി​ക്കോ​ട്​ ന​ട​ന്ന മു​സ്​​ലിം ലീ​ഗ്​-​സ​മ​സ്ത ച​ർ​ച്ച​യി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ വി​ഷ​യ​ങ്ങളാണ് ച​ർ​ച്ച ​ചെയ്യുകയെന്ന് അറിയിച്ചശേഷം ഇതിൽനിന്ന് വ്യതിചലിച്ചത് സമസ്ത നേതൃത്വത്തെ അസ്വസ്ഥതപ്പെടുത്തി. സമസ്തയും സി.ഐ.സിയും തമ്മിലെ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളെ പിന്താങ്ങിയുള്ള സെനറ്റിന്റെ പ്രമേയം സമസ്തയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമായി നേതാക്കൾ വിലയിരുത്തി. രാത്രിയോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രമേയങ്ങളെ തള്ളി രംഗത്തെത്തി. വ്യാജപ്രചാരണമാണെന്നും അത്തരം പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചിട്ടില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

പിന്നാലെ,​ വാഫി വഫിയ്യ സംവിധാനം പൂർണ്ണമായും സമസ്തയുടെ ഉപദേശ നിർദ്ദേശങ്ങൾക്ക് വിധേയമായി നടത്തുമെന്നും അക്കാഡമിക വിഷയങ്ങളിൽ സമസ്തയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്നും കാണിച്ച് സാദിഖലി തങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടു. സമസ്ത നിയോഗിക്കുന്ന സമിതിയുമായി വാഫി, വഫിയ്യ സ്ഥാപനങ്ങൾ സഹകരിക്കണം. ഇതിന് വിരുദ്ധമായവ സി.ഐ.സിയുടെ നിയമാവലിയിലുണ്ടാവരുത്. ഇക്കാര്യങ്ങൾ സെനറ്റ് അംഗീകരിച്ച് രേഖാമൂലം സമസ്തയെ അറിയിച്ചിട്ടുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇതൊന്നും സമസ്ത നേതൃത്വത്തെ തണുപ്പിച്ചിട്ടില്ല. സി.ഐ.സി സെനറ്റ് യോഗത്തിന് പിന്നാലെ കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗം പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഉയർത്തിയിട്ടുള്ളത്. സമവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്ത സി.ഐ.സിയുടെ ജനറൽ ബോഡിയിൽ തന്നെ സമസ്തയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സമസ്ത നേതൃത്വം. ഇതിൽ എന്ത് തീരുമാനം എടുക്കുമെന്നതാണ് ലീഗിന് മുന്നിലുള്ള വെല്ലുവിളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAMASTHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.