കണ്ണിൽ നോക്കിയാൽ ഉള്ളറിയാമെന്നു പറയുന്നതു കേട്ടിട്ടില്ലേ? ഇവിടെയാണ് നേത്രസമ്പർക്കത്തിന്റെ പ്രസക്തി. വ്യക്തികൾ തമ്മിൽ നേരിട്ടുള്ള സംഭാഷണത്തിൽ അനിവാര്യമായ ഒരു സംഗതിയാണ് നേത്രസമ്പർക്കം. അല്ലെങ്കിൽ തന്നെ, സംഭാഷണം ഫലവത്താകണമെങ്കിൽ നേരിട്ടുള്ളതാകുന്നതാണ് നല്ലത്. പണ്ടൊക്കെ അത്യാവശ്യ വിവരങ്ങൾ പറയാൻ മാത്രമേ ഫോൺ ഉപയോഗിക്കുമായിരുന്നുള്ളൂ. മൊബൈൽ ഫോണിന്റെ ആവിർഭാവത്തോടെയാണ് നമ്മുടെ പഴയ പല പതിവുകളും തെറ്റിയത്. വ്യക്തിബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന കാര്യത്തിൽ മൊബൈൽ സംഭാഷണങ്ങൾ കാരണമാകുന്നുണ്ട് എന്ന സത്യം പ്രത്യേകം ഗവേഷണം കൂടാതെ തന്നെ സ്വീകരിക്കാമെന്നു തോന്നുന്നു. കാരണം നമ്മുടെ മൊബൈൽ സംഭാഷണങ്ങളിൽ നേത്രസമ്പർക്കമില്ല എന്നതുതന്നെ. അതിനാൽ അത്തരം സംഭാഷണങ്ങളിൽ തെറ്റിദ്ധാരണക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഏറെ അടുപ്പമുള്ളവർ തമ്മിലാകുമ്പോൾ. അതേസമയം നേരിട്ടുള്ള സംഭാഷണത്തിൽ നേത്രസമ്പർക്കം മൂലം തെറ്റിദ്ധാരണകൾ ഒഴിവാക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. കണ്ണിൽ നോക്കാതെയുള്ള സംഭാഷണങ്ങളിൽ കള്ളത്തരമുണ്ടെന്നുതന്നെയാണ് വിലയിരുത്തൽ. ഒരു സെക്കന്റിൽ ഒരു ചെറുവേളയെന്ന കണക്കിൽ സംഭാഷണങ്ങളിൽ നേത്രസമ്പർക്കം നിലനിറുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. വ്യക്തിബന്ധങ്ങളിലത് നല്ല ഉൗഷ്മളത നിലനിറുത്തും - നമ്മൾ പറയുന്ന കാര്യങ്ങളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ.
(സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് പഞ്ചാപകേശൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |