ഇംഫാൽ: വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. ഈ മാസം 15 വരെയാണ് നിരോധനം. മേയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു, വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം .
അതേസമയം രണ്ടുദിവസത്തെ ശാന്തതയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമായി . ഇന്നലെ കാങ്പോക്പിക്കിനും ഇംഫാൽ വെസ്റ്റ് ജില്ലയ്ക്കും ഇടയിലെ ഖോകെൻ ഗ്രാമത്തിൽ സൈനിക വേഷത്തിലെത്തിയ അക്രമികൾ മൂന്ന് പേരെ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുമുണ്ട്. ഒറ്റ നോട്ടത്തിൽ സൈന്യത്തിന്റേതെന്ന് തോന്നിക്കുന്ന വാഹനത്തിലാണ് തീവ്രവാദികൾ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പുലർച്ചെ ഗ്രാമത്തിലെത്തിയ ഇവർ ഓട്ടോമെറ്റിക് തോക്ക് ഉപയോഗിച്ച് ഗ്രാമീണർക്ക് നേരെ വെടി വയ്ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടു പേർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു,
കേന്ദ്രമന്ത്രി അമിത്ഷായുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂർ ശാന്തതയിലേക്ക് തിരികെ വരുന്നതിനിടെയാണ് വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ഒരു മാസത്തിനിപ്പുറവും പൊലീസ് ആസ്ഥാനങ്ങളിൽ നിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങളുടെ 82 ശതമാനവും തിരിച്ചെത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മെയ്തി വിഭാഗത്തിന്റെ പട്ടികവർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |