ചെങ്ങന്നൂർ: ഭാര്യയെ വെട്ടിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് പിടികൂടി. മുളക്കുഴ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേക്കര വീട്ടിൽ അമ്മിണി ബാബു (70) വിനാണ് വെട്ടേറ്റത്. ഭർത്താവ് എം.റ്റി ബാബു (72) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം.
വീട്ടിൽ പാചകം ചെയ്തു കൊണ്ടിരുന്ന അമ്മിണിയെ ബാബു പിന്നിൽ നിന്ന് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടത് കൈയ്ക്കും പുരികത്തിനുമാണ് വെട്ടേറ്റത്. തലയ്ക്ക് അടിയും ഏറ്റിട്ടുണ്ട്. അമ്മിണി പുറത്തേക്കിറങ്ങി ഓടിയതിനാൽ കൂടുതൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. അയൽവാസികളാണ് അമ്മിണിയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാബു മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. നാല് മാസം മുൻപ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അറിയുന്നു. ഇവരുടെ മകൻ നേരത്തെ മരിച്ചിരുന്നു. മകൾ വിദേശത്താണ് . അമ്മിണിയും ഭർത്താവ് ബാബുവും മാത്രമായിരുന്നു വീട്ടിൽ താമസം. ചെങ്ങന്നൂർ എസ്.ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |