കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡി(സി.എസ്.എൽ)ന് ലഭിച്ചു. എറ്റവും കുറഞ്ഞ തുകയ്ക്ക് നാവികസേനയുടെ കപ്പൽ നവീകരണം നടത്താനുള്ള കരാറാണ് രാജ്യത്തെ മറ്റ് ഷിപ്പ്‌യാർഡുകളെ മറികടന്ന് കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചത്. 24 മാസത്തിനകം കപ്പലിന്റെ അറ്റകുറ്റപ്പണി നടത്തി കൈമാറുന്നതിനുള്ള എൽ-വൺ/ ലീസ്റ്റ് ബിഡ്ഡർ കരാറാണ് സ്വന്തമാക്കിയത്.
സാങ്കേതിക വിദ്യ മാറ്റം
നാവികസേനാ കപ്പലിന്റെ കാര്യക്ഷമത കൂട്ടി ആയുസ് ദീർഘിപ്പിക്കുന്ന നടപടിയാണ് ചെയ്യേണ്ടത്. നിലവിലുള്ള പഴയ സാങ്കേതികവിദ്യ പൂർണമായി മാറ്റി പുതിയത് നൽകുന്നത് ഉൾപ്പെടെയുള്ളതാണ് പ്രവർത്തനം.
മാർച്ചിൽ 10,000 കോടി
നാവികസേനയ്ക്കുവേണ്ടി ന്യൂ ജനറേഷൻ മിസൈൽ വെസ്സൽ നിർമ്മിക്കാനുള്ള 10,000 കോടി രൂപയുടെ കരാർ കഴിഞ്ഞ മാർച്ചിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ നോർവയിൽ നിന്ന് 550 കോടി രൂപയുടെ കയറ്റുമതി ഓർഡറും കൊച്ചിൻ ഷിപ്പ്‌യാർഡ് സ്വന്തമാക്കിയിരുന്നു. ലോകത്തെ ആദ്യ സീറോ എമിഷൻ കണ്ടെയ്‌നർ വെസ്സൽ നിർമ്മിക്കാനുള്ള കരാറാണിത്.
കുറഞ്ഞ ചെലവിൽ, ലോകോത്തര നിലവാരത്തിൽ കപ്പൽ അറ്റകുറ്റപ്പണി-നിർമ്മാണം നടത്താനുള്ള വൈദഗ്ദ്ധ്യം കൊച്ചി കപ്പൽശാലയ്ക്കുണ്ട്. കൂടാതെ ഉന്നത നിലവാരം, വൈദഗ്ദ്ധ്യം, മികച്ച അടിസ്ഥാനസൗകര്യം തുടങ്ങിയ ഘടകങ്ങളും കരാർ കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിക്കുന്നതിന് കാരണമായി. ഹരിത ഇന്ധനോപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നടത്തുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കരാർ ലഭിച്ചത് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി അടുത്ത വ്യാപാര ദിനത്തിൽ ഉയരാൻ ഇടയാക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 540.3 രൂപയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |