ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 2000 കോടി ഡോളറായി ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. നിക്ഷേപം, പ്രതിരോധ, സുരക്ഷ, ആരോഗ്യ, ഔഷധങ്ങൾ, ബഹിരാകാശ, പുനരുപയോഗ ഊർജ്ജ, കൃഷി, ഭക്ഷ്യ സംസ്കരണ, ഡിജിറ്റൽ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ഇരുവരുടെയും സാന്നിധ്യത്തിൽ ആറ് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു.
ഇന്ത്യാ-ബ്രസീൽ വ്യാപാര, വാണിജ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിതല സംവിധാനം സ്ഥാപിക്കും.അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ വികസനം, യു.പി.ഐ, പരമ്പരാഗത വൈദ്യശാസ്ത്രം, യോഗ, കായികമേഖല എന്നിവയിലും സഹകരണം വിപുലീകരിക്കും.ഭീകരത വിരുദ്ധ നിലപാടിൽ ഇരുരാജ്യങ്ങളും പ്രതിബദ്ധത ഉറപ്പിച്ചു. പഹൽഗാം പോലെ മനുഷ്യത്വരഹിതമായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നവരെ ശക്തമായി നേരിടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ ചെറുക്കാനും പരാജയപ്പെടുത്താനും ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് ലുല പറഞ്ഞു.സുരക്ഷാ വിവര കൈമാറ്റം, കാർഷിക ഗവേഷണം, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ സഹകരണം എന്നീ മേഖലകളിലെ ആറ് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്‌ചയ്‌ക്കെത്തിയ പ്രധാനമന്ത്രിക്ക് വർണ്ണാഭമായ സ്വീകരണം നൽകി.
പ്രധാനമന്ത്രിക്ക് ബ്രസീൽ
പരമോന്നത പുരസ്‌കാരം
ബ്രസീലിന്റെ പരമോന്നത ദേശീയ ബഹുമതിയായ 'ദി ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് ' പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ബഹുമതി 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി, ബ്രസീൽ ജനതയ്ക്കും സർക്കാരിനും നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |