മുംബയ്: ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതിയിന്മേൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യഹർജിയിൽ മുംബയ് ഡിൻഡോഷി സെഷൻസ് കോടതി നാളെ വിധി പറയും. അതുവരെ ബിനോയിയെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ഇന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ ചില വാദങ്ങൾ എഴുതി നൽകിയിരുന്നു. ഇതിന് മറുപടി പറയുന്നതിന് ബിനോയിയുടെ അഭിഭാഷകന് അവസരം നൽകുന്നതിനാണ് വിധി നാളത്തേക്ക് മാറ്റിയത്.
വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി പീഡന പരാതി നൽകി ഒരാഴ്ച കഴിഞ്ഞ് ജൂൺ 20നാണ് ബിനോയ് മുംബയ് ഡിൻഡോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നാണ് ബിനോയുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ഇതിന് മറുപടിയായി ചില തെളിവുകൾ പ്രത്യേക അഭിഭാഷകൻ വഴി യുവതി കോടതിയിൽ ഹാജരാക്കി. യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ തെളിവുകൾ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |