കൊച്ചി: നിയമവിരുദ്ധമായി ചെറുമീനുകളെ പിടിച്ചതുമൂലം കേരളത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് കഴിഞ്ഞവർഷം നഷ്ടമായത് 315 കോടി രൂപ. വളർച്ചയെത്താത്ത മത്തി, കിളിമീൻ എന്നിവയെയാണ് കൂടുതൽ പിടിച്ചതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്,ആർ.ഐ) കണ്ടെത്തി.
കഴിഞ്ഞവർഷം കേരളതീരത്ത് നിന്നു പിടിച്ച കിളിമീനിൽ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാൾ (എം.എൽ.എസ്) ചെറുതായിരുന്നു. കിളിമീനിൽ 178 കോടി രൂപയാണ് നഷ്ടം. മത്തിയുടെ കുഞ്ഞുങ്ങളെ പിടിച്ചതിലൂടെ 137 കോടി രൂപയും നഷ്ടമായി. വളം, തീറ്റ എന്നിവ നിർമ്മിക്കുന്നതിനാണ് ചെറുമീനുകളെ ഉപയോഗിക്കുന്നത്.
കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തിൽ നടന്ന ശില്പശാലയിലാണ് കണക്കുകൾ അവതരിപ്പിച്ചത്. ട്രോളിംഗ് നിരോധന കാലയളവിലാണ് മത്തി പോലുള്ളവയുടെ കുഞ്ഞുങ്ങളെ ധാരാളമായി പിടിക്കുന്നതെന്ന് സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.എം. നജ്മുദീൻ പറഞ്ഞു. നിയന്ത്രണം നടപ്പാക്കാൻ തുടങ്ങിയശേഷം ചെറുമീൻ മത്സ്യബന്ധനത്തിൽ മുൻകാലത്തേക്കാൾ കുറവ് വന്നിട്ടുണ്ട്.
നിയന്ത്രണം സമുദ്ര മത്സ്യമേഖലയിലുണ്ടായ സ്വാധീനം മനസിലാക്കാൻ നടത്തിയ പഠനത്തിൽ കിളിമീനുകളുടെ ഉത്പാദനത്തിലും മൊത്തലഭ്യതയിലും ഗണ്യമായ വർദ്ധനവ് കണ്ടെത്തി. കിളിമീൻ ഉത്പാദനത്തിൽ 41ഉം ലഭ്യതയിൽ 27ഉം ശതമാനം വർദ്ധനവുണ്ടായി. എണ്ണത്തിലെ വർദ്ധനവ് 64 ശതമാനമാണ്.
ഒരുടൺ ചെറുമത്തികൾ പിടിക്കുമ്പോൾ നഷ്ടമാകുന്നത് 4,54,000 രൂപയാണ്. ഇവയെ വളരാനനുവദിച്ചാൽ മത്സ്യമേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കും ഗുണമാകും. കുറഞ്ഞ വലിപ്പം സംബന്ധിച്ച നിയന്ത്രണങ്ങൾ കേരളവും കർണാടകയും മാത്രമാണ് നടപ്പാക്കിയത്.
ഡോ. എ. ഗോപാലകൃഷ്ണൻ
ഡയറക്ടർ
സി.എം.എഫ്.ആർ.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |