ആലപ്പുഴ: നിഖിൽ തോമസിന് വ്യാജ ബി കോം സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്ത എസ് എഫ് ഐ മുൻ നേതാവ് അബിൻ രാജിനായി ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്. അബിനായി ബ്ളൂ കോർണർ നോട്ടീസ് ഇറക്കും. മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് ഇന്റർപോളിന്റെ സഹായം തേടുന്നത്. എസ് എഫ് ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി അബിൻ രാജാണ് വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്തതെന്നാണ് നിഖിലിന്റെ മൊഴി. കേസിൽ അബിൻ രാജ് രണ്ടാം പ്രതിയാണ്.
നിഖിലിന്റെ സുഹൃത്തായ അബിൻരാജ് നേരത്തെ എഡ്യുക്കേഷൻ കൺസൾട്ടന്റായിരുന്നു. രണ്ട് ലക്ഷം രൂപ കൊടുത്താണ് അബിൻ രാജിൽ നിന്ന് കലിംഗ യൂണിവേഴ്സിറ്റിയുടെ ബി കോം സർട്ടിഫിക്കറ്റ് നിഖിൽ വാങ്ങിയത്. ഒറിജിനലാണെന്നും കേരള യൂണിവേഴ്സിറ്റി എം കോം പ്രവേശനത്തിന് തടസം ഉണ്ടാകില്ലെന്നും അബിൻ ഉറപ്പ് നൽകിയിരുന്നു.
എറണാകുളത്തെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയും ഇതിന് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കലിംഗ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കായംകുളം എം എസ് എം കോളേജിൽ നിഖിൽ ഹാജരാക്കിയ സമയത്ത്, ബാങ്ക് അക്കൗണ്ടിൽ നിന്ന് അബിന്റെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
കായംകുളത്ത് മാത്രം പത്തോളം പേർ അബിൻ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കോളേജുകളിൽ പ്രവേശനം നേടുകയും ജോലി സമ്പാദിക്കുകയും ചെയ്തതായി സൂചനയുണ്ട്. രണ്ട് മുതൽ നാല് ലക്ഷം രൂപ വരെയാണ് വ്യാജ സർട്ടിഫിക്കറ്റിനായി പലരും ചെലവഴിച്ചത്. എസ് എഫ് ഐ നേതാവായിരുന്നതിനാലാണ് നിഖിലിന് രണ്ട് ലക്ഷം രൂപയ്ക്ക് നൽകിയത്. മറ്റുള്ളവരിൽ നിന്ന് കൂടുതൽ തുക വാങ്ങിയിരുന്നു. ഉപരിപഠനത്തിനും നിയമപഠനത്തിനും ജോലിയ്ക്കുമായാണ് പലരും വ്യാജസർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയത്. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു സർട്ടിഫിക്കറ്റ് കച്ചവടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |