തെക്കേക്കര തറവാട്ടിൽനിന്ന് പറിച്ചോടി ജോലിക്ക് പോകുകയെന്ന സാഹസം ആദ്യമായി കാണിച്ച പ്രജ അച്ഛനായിരുന്നു. കൽക്കരി തിന്നും വെള്ളം മോന്തിയും കൂവിപ്പാഞ്ഞ തീവണ്ടിയിലാണ് പണിയുടെ പിടുത്തം കിട്ടിയത്.
കാലം ആളോഹരി വീതത്തിന് മുന്നേയായിരുന്നു. തറവാട്ടിലെ മൂത്ത ആൺ സന്തതിയുടെ കുത്സിത നടപടി കാരണം അന്നോളം കത്തിനിന്ന പ്രതാപം രായ്ക്കുരാമാനം ചാരം മൂടി പുഴുത്ത കൊടിച്ചികൾക്ക് കിടക്കയായി. ഇടവിളയായി വരാലും മുശിയും നെഗളിക്കുന്ന പുഞ്ചപ്പാടങ്ങളും കൊറ്റികൾ മത്സരപ്പറക്കൽ നടത്തി ക്ഷീണിക്കുന്ന മുണ്ടകനുകളും നിറകുലകൾ താങ്ങി നിൽക്കുന്ന തെങ്ങിൻതോപ്പുകളും ലോകാവസാനത്തോളം സ്വന്തമായുള്ള തെക്കേക്കരയിൽ നിന്നാണ് ചതിയനായ പുമാൻ നാണംകെട്ട പുറംജോലിക്ക് പോയൊളിച്ചത് എന്നോർക്കണം.
തറവാട് വഴി വന്ന കാറ്റിൽ പ്രദേശത്തെ ചില ഗുസ്തിക്കാർ, വിളിക്കാതെ വന്ന്, കാരണവരുമായി നടത്തിയ നർമ്മ സല്ലാപങ്ങൾ തനിക്ക് കിട്ടിയിരുന്നതായി അച്ഛൻ പറയുന്നുണ്ട്.
''അദ്ദേഹത്തെ ചെന്ന് കൊല്ലാം, അല്ലേൽ വരുത്തി കൊല്ലാം""
''പിടിച്ചുകെട്ടി ഇവിടുത്തെ തീ വെയിലത്തിടാം. തൊണ്ടപൊട്ടി ചാവും."" വയറ്റിലോട്ട് വല്ലോം കിട്ടിയെങ്കിൽ മപ്പടി നിർത്തി പോകാമെന്നായിരുന്നു കാരണവരുടെ കാലുഷ്യം കലർന്ന മറുപടി. എല്ലാം കേട്ടിരുന്ന തറവാട്ടിലെ ഇളയ സാത്വിക സന്തതിയാവട്ടെ അപ്പോൾ തോന്നിയ പദ്യം ചുമ്മാ ചൊല്ലിക്കളഞ്ഞു.
''അച്ഛാ നമ്മുടെ മാന്തോപ്പിൽ തിത്തെയ്യം തക മയിലാട്ടം.""
കലികൊണ്ട കാരണവരുടെ കൈ ഉയരുന്നതു കണ്ട് ബാലമയിൽ പറന്ന് തറവാട്ടുകുളത്തിൽ ആമയ്ക്കൊപ്പം നാട്ടുവർത്തമാനത്തിന് പോയി.
കാലത്തിന് മുന്നേയുള്ള പറക്കലിലാണ് താൻ റെയിൽവേയുടെ സ്വത്തായി പരിണമിച്ചത് എന്ന് അച്ഛന് ഉറപ്പായിരുന്നു. തറവാട്ടിലെ കണ്ണഞ്ചിപ്പിക്കുന്ന സ്വത്ത് പണ്ടേ പിടിത്തമല്ലായിരുന്നു. ചെപ്പും പന്തും കളിയിലെന്നപോലെ ഒക്കെയും മായയാൽ നശിച്ച് നാറാണക്കല്ലാകുമെന്നതും നിശ്ചയമായിരുന്നു. ജോലിയാണ് ജീവിത മധുരം, അത് തന്നെയാവും ജീവശ്വാസം എന്നൊക്കെ ആരൊക്കെയോ ചങ്കിലിരുന്ന് എന്നും കൊട്ടിപ്പാടുമായിരുന്നു.
നല്ലവീടായ തെക്കേക്കരയിലെ വിശേഷങ്ങൾ കൊറിച്ച് നടക്കുന്നത് നാട്ടിലെ നേരംപോക്കായതിനാൽ ചില ഊഹാപോഹങ്ങൾ ഉപ്പനെപ്പോലെ ഒച്ചയുണ്ടാക്കി.
''കാണാതായതാരാ, കോളേജിൽ പഠിച്ച കുഞ്ഞല്ലിയോ. ഒന്നുംരണ്ടും പറഞ്ഞ് കാരണവര് കൈവച്ചതാ. ഇല്ലിക്കാട്ടിൽ മണ്ണെളകി കെടപ്പൊണ്ട്. അവിടാ കുഴി.""
നല്ല തണ്ടും തടിയും തഞ്ചത്തിൽ ഓട്ടവുമുള്ള തീവണ്ടി എഞ്ചിനെയാണ് റെയിൽവേയിൽ അച്ഛന് ആദ്യമേ ബോധിച്ചത്. തീവണ്ടിയുടെ ഏറ്റവും പിറകിലുള്ള മുറിയിലായിരുന്നു അച്ഛന് ജോലി. കൈയിൽ രണ്ട് നിറത്തിൽ കൊടി, ചുണ്ടിമ്മേൽ വിസിൽ. വണ്ടിക്കൊപ്പം അതിന്റെ ചൂരും ചുണയും നുണഞ്ഞ് ഒക്കതിനും കാവൽക്കാരനായി, 'ദ ഗാർഡ്". ഇതിൽപ്പരമെന്തോന്നീ ഇഹലോകത്തിൽ എന്ന് അച്ഛൻ കവിത കുറിച്ചു.
''പിള്ളക്കെന്തോ പ്രശ്നമുണ്ട്, അല്ലിയോ""
ഓടാൻ ഒരുമ്പെട്ടു നിൽക്കെ എഞ്ചിൻ പ്രിയ കാവലാളോട് ചോദിച്ചു.
''ഒന്നുമില്ലന്നേ. ഒള്ളത് പറഞ്ഞാൽ ഇപ്പഴാ ഒന്ന് സ്വസ്ഥമായെ""
''ജോലി സുഖമാണേ""
''ഇതില്പരം സുഖമുണ്ടോ""
എന്നാൽ തർക്കമില്ല എന്ന മട്ടിൽ വണ്ടി കൽക്കരി ചവച്ച് മുന്നോട്ടെടുത്തു. സ്റ്റേഷനടുത്തെന്ന് ചിന്നംവിളി ഉയർന്നപ്പോൾ അച്ഛൻ ഗാർഡിന്റെ കൊടിച്ചുരുളുകൾ എടുത്തു. വരുന്നത് ഉമ്പിടി സ്റ്റേഷനാണ്. നിർത്താതെ ഗമയിൽ പായുകയാണ് വണ്ടി. പൊയ്ക്കോളു എന്ന് പച്ചക്കൊടി വീശി പഞ്ചപുച്ഛമടക്കി നിൽക്കുകയാണ് സ്റ്റേഷൻ മാസ്റ്റർ. സ്റ്റേഷനിലെ ജനവിഭാഗങ്ങൾക്കുംകൂടി ചേർത്ത് അച്ഛനും അനുകമ്പയോടെ കൊടി കാട്ടി. വരുംകാലത്ത് എന്നെങ്കിലും ഇവിടെയും വണ്ടി നിർത്താം.
തറവാട്ടു മഹിമയെ തരിമ്പും ബഹുമാനിക്കാതെപോയ നശ്ശൂലത്തിന് അച്ഛനും കാരണവരുമായ ദേഹം എന്താകും ശിക്ഷയായി ശീട്ടെഴുതി വച്ചിട്ടുള്ളതെന്ന് അച്ഛൻ ഇടക്കിടെ ഓർക്കുമായിരുന്നു. കൊച്ചിലേ കിട്ടിയൊരു പാരിതോഷികം നല്ല തിളക്കത്തിൽ സദാ മനസിലെത്തുകയും ചെയ്യും.
മുറംപോലെയുള്ള കരിമീൻ പൊരിച്ചത് തൂശനിലയിൽ വിളമ്പിക്കിട്ടാതെ കാരണവർക്ക് ഒരുകാലത്തും ചോറിറങ്ങിയിരുന്നില്ല. മീനിന്റെ മേൽഭാഗമേ കഴിക്കൂ. താഴ്ഭാഗത്ത് ഇലയിലെ വെള്ളം പറ്റുമെന്ന ശങ്കയിൽ തൊട്ടു നോവിക്കില്ല. അപൂർണമായ ഈ അഭ്യാസം കണ്ടു കൊതിക്കാനുള്ള ഭാഗ്യം തെക്കേക്കര കിടാങ്ങൾക്ക് സ്വന്തം. കേട്ടു കൊതിക്കാൻ നാടടങ്കം.
ഒരുനാൾ, കാരണവർ ഉണ്ടെഴുന്നേറ്റ നേരം. അങ്ങോട്ടെത്തുകയായി ചില അതിഥികൾ. ശീലപ്രകാരം പൈതങ്ങൾ അവർക്ക് സ്വാഗതമോതി.
''വന്നാട്ടെ, കേറി ഇരുന്നാട്ടെ"" സംപ്രീതരായവർ, വാത്സല്യത്തോടെ ചോദിച്ചു.
''വന്നാൽ, ഇരുന്നാൽ ഞങ്ങൾക്കെന്തോ തരും കുഞ്ഞുങ്ങളേ?""
നിഷ്കളങ്കരുടെ സംഘം ഉറക്കെ പറഞ്ഞു.
''അച്ഛന്റെ എച്ചിലു തരാം.""
വന്നവർ ചവിട്ടിക്കുതിച്ച് പോയശേഷം കാരണവരുടെ വിചാരണയായി.
''കൊച്ചാട്ടനും പറഞ്ഞാരുന്നു.""
സഹോദരർ സംഘം ചേർന്ന് ഒറ്റിയതോടെ ശിക്ഷ അച്ഛന് മാത്രം. ചാണകക്കുണ്ടിൽ പൂഴ്ത്തി വച്ചിരുന്ന ചുവന്ന ചൂരൽ കുത്തിയോട്ട ചുവട് വച്ചെത്തി.
തെക്കേക്കരക്കാരുടെയും വിളിക്കാതെ വരുന്ന ഗുസ്തിക്കാരുടെയും മറ്റ് പരിഷകളുടെയും നിഴലു വീഴാതെ തീവണ്ടി ഗതാഗതം കടന്നു പോവുകയാണ്. എഞ്ചിനുവേണ്ടി ദൂരെനിന്ന് ഒരു ചരക്കുവണ്ടി നിറയെ കൽക്കരിയെത്തി. ഇന്ധനം താഴെയിറക്കുന്നത് ചരിഞ്ഞുനോക്കിക്കൊണ്ട് എഞ്ചിൻ പഴയൊരു പാട്ടുമൂളി.
''രൊക്കമായ് വെള്ളി കൊടുത്തീ
കരിംചക്കര വാങ്ങിയതാരോ.""
എഞ്ചിനടുത്തെത്തുമ്പോഴൊക്കെ അച്ഛന് സന്ദേഹമായിരുന്നു. കാണുമ്പോൾ തൊട്ട് പിരിയും വരെ സംസാരിക്കുന്നത് റെയിൽ എഞ്ചിൻ മാത്രം. അകത്ത് ചില ആളനക്കങ്ങൾ കാണാം, ഉരിയാട്ടം മാത്രമില്ല.
''എന്താ പിള്ളേ വിഷാദം?""
വീട്ടുകാര്യം പറയാതെ വയ്യെന്നായി. എല്ലാംകേട്ട്, ഒരു പറവെള്ളം കുടിച്ച്, ചിന്തിച്ച് കൂവി എഞ്ചിൻ പറഞ്ഞു.
''മനസ് ഇളകരുത്. കൊള്ളാവുന്ന വീട്ടിലെ കൊച്ചുങ്ങൾക്ക് നൂറ്റിന് നൂറ് ചതി വരും.""
പ്രതി തെക്കേക്കരയിലോട്ട് ചെല്ലാത്തപക്ഷം വശീകരണത്തിനുള്ള ശ്രമമായിരുന്നു തറവാട്ടിൽ പിന്നെ നടന്നത്. ചുട്ടകോഴിയെ പറപ്പിക്കുന്ന കേമൻ മന്ത്രവാദി വന്നു. അത് കണ്ട് പൂവരശുമൂട്ടിൽ കൊത്തിപ്പറിച്ചുനിന്ന പൂവൻ പച്ചജീവനുംകൊണ്ടു പറപറന്നു.
കാരണവർ കാര്യം പറഞ്ഞു.
''മൂത്ത ചെക്കനായിരുന്നു. മിടുക്കനായിരുന്നു. ജോലിക്ക് പോണമെന്ന് വിചാരിച്ച് വിചാരിച്ച് തലതിരിഞ്ഞു. റെയിൽവേയിലാണെന്നാണ് കേൾവി. മന്ത്രംകൊണ്ട് തിരിച്ചു വരുത്താനാകുമോ?""
''കൊണ്ടുവരാമേ""
''എന്നാൽ കൊള്ളാം. ഇല്ലേൽ തനിക്കുള്ള ഒടുക്കത്തെ മന്ത്രം ഞാൻ ഇവിടിരുന്ന് ചൊല്ലിത്തീർക്കും.""
പേടിച്ച് തോട്ടിറമ്പ് വഴിയോടിയ മാന്ത്രികൻ ആദ്യം കണ്ട ഷാപ്പിൽ അഭയം പ്രാപിച്ചു. ശേഷം പരലോകം പൂകാൻ തറ്റുടുത്ത്, തെച്ചിപ്പൂ ചെവിയിൽവച്ച് അവിടെത്തന്നെ കിടന്നുറങ്ങി. സ്വപ്നത്തിൽ അടുത്ത ജന്മം തെക്കേക്കരയിൽ ജനിക്കുന്നതായി കണ്ടു ചിരിച്ചു. പത്തായം പെറും, ചക്കി കുത്തും, ഞാനുണ്ണും എന്നൊക്കെ ഉറക്കപ്പിച്ചു പറഞ്ഞു.
അടുത്ത നാൾ അച്ഛനൊരു റെയിൽവേ ലക്കോട്ടുവന്നു. ഗാർഡ് ജോലിയിൽ നിന്ന് മാറ്റം. വണ്ടി പിടിക്കാൻ ഇപ്പോൾ ആളധികമാണ്. സമയത്ത് ടിക്കറ്റ് കൊടുക്കണം. ഇനി അതിനാവട്ടെ ശ്രമം. പരിഭവമില്ലാതെ പരിശ്രമിക്കുക. നമ്മുടെ സ്വന്തം റെയിൽവേയെ സദാ സംരക്ഷിക്കുക.
വല്ലാത്ത സങ്കടം തോന്നിയെന്ന് അച്ഛനോർക്കുന്നു. എഞ്ചിനൊപ്പം കുതിക്കാനും ഒന്നുപറഞ്ഞ് രണ്ടുവട്ടം ചിരിക്കാനുമുള്ള യോഗം തീരുന്നു.
''എന്നെ വിട്ടിട്ടു പോവ്വാ അല്ലേ""
തീ തിന്നുകൊണ്ട് എഞ്ചിൻ പറഞ്ഞപ്പോൾ ഒട്ടും സഹിക്കാനുമായില്ല.
അടുത്ത നാളൊന്ന് വന്നപ്പോൾ പിടച്ചിലോടെ പിടിച്ചു നിൽക്കുകയായിരുന്നു. അപ്പോൾ എത്തിയത് തെക്കേക്കരയിൽ നിന്ന് പൊന്നുങ്കൊടത്തമ്മയുടെ രഹസ്യകുറിമാനം.
മോനറിയാൻ അമ്മ പറഞ്ഞെഴുതിക്കുന്നത്. നിന്നെ വകവരുത്തി സഞ്ചയനവും പതിനാറും കെങ്കേമമായി നടത്താൻ ഇവിടെ വഴിയേപോകുന്ന തിരുമാലികളുടെ സ്വന്തം തീരുമാനമായി. നിന്റെ കൂട്ടുകാരൻ എഞ്ചിനെ എറിഞ്ഞിടാനും കത്തിക്കാനുമാണ് പണ്ടാരവിശപ്പുമായി നടക്കുന്ന ഗുസ്തിക്കാരുടെ ശ്രമം. നിനക്ക് വേലയ്ക്ക് പോകാൻ കാശുതന്നത് ഞാനാണെന്ന് ഒരു കുശുകുശുപ്പ് തകൃതിയായുണ്ട്. അതു നന്നായെന്ന് അച്ഛൻ ഉറക്കെ പറഞ്ഞത് ഏതായാലും ആശ്വാസമായി. വേറെ വിശേഷമില്ല. ഷാപ്പിൽ നേരത്തോടുനേരം ബോധം കെട്ടുകിടന്ന ഒരു മന്ത്രവാദി മരിച്ചു. നമ്മുടെ പൊരേടത്തിൽ തന്നെ ഒത്ത കുഴിയെടുത്ത് കുഴിച്ചിട്ടു.
ടിക്കറ്റ് കീറൽ പണിക്ക് ചേരും മുൻപുളള ഇടവേളയിൽ സ്റ്റേഷനിൽ ഉലാത്തുമ്പോൾ വന്നുനിന്ന എഞ്ചിൻ കൂവി വിളിച്ചു. പിന്നെ ചിരിയോടെ മൊഴിഞ്ഞു.
''വന്ന വഴി നെഞ്ചത്തൊരു
കുളിര് കേറിയപോലെ.""
ആവതില്ലാത്ത ആരുടെയോ കല്ലും പന്തവും ചങ്കൂറ്റക്കാരൻ പരിഭാഷപ്പെടുത്തിയതെന്ന് ബോദ്ധ്യമായി. പിന്നെക്കാണാമെന്ന് പറഞ്ഞ് എഞ്ചിൻ വെക്കം പോയി.
തറവാട്ടുസ്വത്ത് കൊതിക്കാതെയും മെതിക്കാതെയും ഒരു ജോലിക്ക് നോക്കിയതിനെ തുടർന്നുള്ള പൊല്ലാപ്പോർത്ത്, പരവേശംകൊണ്ട് നെഞ്ചും തടവി നിൽക്കുമ്പോൾ ഇരുട്ടിൽ നിന്നുവന്ന് കൈകാലുകൾ ബന്ധിക്കുന്നവർ.
''അങ്ങുന്ന് വണ്ടീന്ന് നെലത്തെറങ്ങുന്നത് നോക്കി നില്ക്കുവാരുന്നു.""
തടിയന്മാരുടെ കരുത്തിൽ അന്തരീക്ഷത്തിൽ ആലോലം. റെയിൽപ്പാളത്തിൽ വിലങ്ങനെ കിടത്തി പോകും മുമ്പ് കാര്യമില്ലാത്ത കാര്യത്തിന് ഇറങ്ങിത്തിരിച്ചവർ കള്ളത്തൊണ്ടയിൽ തേങ്ങി.
''ഞങ്ങളെക്കൊണ്ട് ഇത് ചെയ്യിച്ചല്ലോ""
പാളത്തിലായി ഏറെനേരം കഴിഞ്ഞപ്പോൾ എഞ്ചിന്റെ കുതിപ്പെത്തുന്നു. അടുത്തുവന്ന് അമർത്തിയ ചിരിയോടെ ചോദിക്കുന്നു.
''എന്താ പിള്ളേ, ഇങ്ങിനൊരു കെടപ്പ്?""
നല്ല ബോധം വരുമ്പോൾ എഞ്ചിന്റെ പള്ളയിലാണ്. കൂവി ഉണർത്തി ചാരി ഇരുത്തിയിരിക്കയാണ്. അടുത്ത് കൽക്കരി കോരിക്കോരി ഇടുന്നവരുടെ കൈകാൽ അനക്കങ്ങൾ. അതിനൊത്ത് വണ്ടിക്ക് വേഗം.
''ഇത് എങ്ങോട്ടാ?""
''തെക്കേക്കരയ്ക്ക് പുര കത്തുമ്പോൾ വാഴവെട്ടാൻ നിൽക്കുന്ന സർവ്വതിന്റേയും കൊങ്ങായ്ക്ക് പിടിച്ച് അട്ടിയിട്ട് ചരക്കുവണ്ടിയായി തിരിച്ചു പോണം.""
''എങ്ങിനെയെത്തും. അങ്ങോട്ടു പാളമില്ലല്ലോ.""
''വേണമെങ്കിൽ പാളം പാടത്തും പറമ്പിലുമെത്തും. റെയിൽവേയോടാ കളി.""
പിന്നീട് സിഗ്നൽ വീണ കൃത്യം നേരത്ത് തെക്കേക്കരയ്ക്ക് മുകളിൽ ആകാശത്ത് എഞ്ചിന്റെ വെളിച്ചം ഒറ്റ നക്ഷത്രമായി കത്തി. ആളോഹരി വീതം ആഗതമാകുന്നതു വരെ അത് അതേപടി തുടർന്നു.
(ഫോൺ - 9496784086)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |