
തൃശൂർ: നിലവിലെ എൽഡിഎഫ് കൗൺസിലർ ബിജെപി പാളയത്തിൽ. ജനതാദൾ (എസ് ) അംഗം ഷീബ ബാബുവാണ് ഇടതുമുന്നണി വിട്ടത്. നിലവിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ്. ഷീബയെ കൃഷ്ണപുരം സീറ്റിലെ എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എൽഡിഎഫിലെ സീറ്റുതർക്കമാണ് ഷീബ ബാബു മുന്നണി വിടാൻ കാരണമെന്ന് റിപ്പോർട്ടുണ്ട്.
'മൂന്നുവട്ടവും തിരഞ്ഞെടുത്ത ജനങ്ങൾക്ക് ആവശ്യമായ വികസനം എത്തിക്കാൻ കഴിഞ്ഞില്ല. വികസനത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള ഗ്രൗണ്ട് തടയപ്പെട്ടു. ഫണ്ടുകൾ അനുവദിക്കുന്നതിൽ വലിയ തടസമാണ് ഉണ്ടായത്. എല്ലായിടത്തും പരാതിപ്പെട്ടു. ഫലം ഉണ്ടായില്ല. മുന്നണിക്കാര്യങ്ങൾ ഒന്നരവർഷമായി അറിയാറില്ല. സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ എൻഡിഎ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഭാവിയിൽ ബിജെപിയുടെ അംഗത്വമെടുക്കുമോ എന്നകാര്യം പിന്നീട് തീരുമാനിക്കും. എൻഡിഎയ്‌ക്കൊപ്പം നിന്നാൽ വിജയിക്കും എന്ന് ഉറച്ച വിശ്വാസമുണ്ട്. ജനതാദൾ (എസ് ) ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമാണ്'- ഷീബ ബാബു പറഞ്ഞു.
അതിനിടെ, പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ ഹരിയും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കെ ഹരിയുടെ ഭാര്യ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
ഡിസംബർ ഒമ്പത്, പതിനൊന്ന് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴുമുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ പോളിംഗ് നടത്തുക. തൃശൂർ മുതൽ കാസർകോടുവരെ രണ്ടാം ഘട്ടം. വോട്ടെണ്ണൽ ഡിസംബർ പതിമൂന്നിന് നടക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |