
ബീജിംഗ്: ആദ്യ കാഴ്‌ചയിൽ കാമുകിയുടെ മാതാപിതാക്കളിൽ മതിപ്പുണ്ടാക്കുന്നതിനായി ശരീരഭാരം കുറയ്‌ക്കാൻ ഗ്യാസ്‌ട്രിക് ബൈപ്പാസ് സർജറിക്ക് വിധേയനായ 36കാരൻ മരിച്ചു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സിൻസിയാംഗ് സ്വദേശിയായ ലി ജിയാംഗ് ആണ് മരിച്ചത്. 174 സെന്റിമീറ്റർ ഉയരമുള്ള ലി ജിയാംഗിന് 130 കിലോഗ്രാമിൽ കൂടുതൽ ശരീരഭാരമുണ്ടായിരുന്നു.
വർഷങ്ങളായി അമിതവണ്ണത്തിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാൻ ഇയാൾക്കായില്ല. ലി അടുത്തിടെയാണ് പ്രണയത്തിലായത്. ഇരു കുടുംബങ്ങളും തമ്മിൽ നേരിൽ കാണാൻ തീരുമാനിച്ചിരുന്നുവെന്നും ലിയുടെ മൂത്ത സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനാൽ കാമുകിയുടെ മാതാപിതാക്കളെ ആദ്യമായി കാണുന്നതിന് മുമ്പ് ശരീരഭാരം കുറയ്‌ക്കണമെന്ന് ലി ആഗ്രഹിച്ചു. അതിനാലാണ് ഗ്യാസ്‌ട്രിക് ബൈപ്പാസ് സർജറി ചെയ്‌തതെന്നും സഹോദരൻ വ്യക്തമാക്കി.
സെപ്‌തംബർ 30നാണ് സർജറിക്കായി ലിയെ ഷെംഗ്‌ഷൗവിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്‌ടോബർ രണ്ടിന് ശസ്‌ത്രക്രിയ നടത്തി. ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെട്ടത്. ശേഷം ജനറൽ വാർഡിലേക്ക് മാറ്റുന്നതിന് മുമ്പ് നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ, ഒക്‌ടോബർ നാലിന് അദ്ദേഹത്തിന്റെ നില വഷളായി. രാവിലെ അദ്ദേഹത്തിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായി. വൈദ്യസഹായം നൽകിയിട്ടും ഒക്‌ടോബർ അഞ്ചിന് അദ്ദേഹം മരിച്ചു.
കഴിഞ്ഞ ഒരു വർഷമായാണ് ലിയ്‌ക്ക് ശരീരഭാരം ക്രമാതീതമായി വർദ്ധിച്ചിരുന്നതെന്നും ഉറക്കത്തിൽ ഉച്ചത്തിൽ കൂർക്കംവലിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മെഡിക്കൽ രേഖകളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് മെറ്റബോളിക് സിൻഡ്രോം ഉണ്ടെന്നും രക്താതിമർദ്ദവും ഫാറ്റി ലിവറും ഉണ്ടായിരുന്നു. ഇത് ശസ്‌ത്രക്രിയയും തിരിച്ചുവരവും സങ്കീർണമാക്കി. ശസ്‌ത്രക്രിയയ്‌ക്ക് മുമ്പ് വ്യക്തമായ പരിശോധനകൾ ആശുപത്രി അധികൃതർ നടത്തിയിട്ടില്ലെന്ന് ലിയുടെ ബന്ധുക്കൾ ആരോപിച്ചു. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം നടത്താൻ ലിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |