തിരുവനന്തപുരം:ഇന്നലെ വിക്ഷേപിച്ച ചന്ദ്രയാൻ 3 വിജയം വരിക്കുന്നത് കാണാൻ ആഗസ്റ്റ് 23വരെ കാത്തിരിക്കണം. സങ്കീർണ്ണമായ ബഹിരാകാശ വഴികളിലൂടെയാണ് ഇൗ ആറാഴ്‌ച ചന്ദ്രയാൻ 3 സഞ്ചരിക്കുക.
ഭൂമിയോട് 170കിലോമീറ്റർ അടുത്തും 36500കിലോമീറ്റർ അകന്നും വരുന്ന ദീർഘവൃത്ത ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ 3 ഇപ്പോഴുള്ളത്. അടുത്ത ആറുദിവസങ്ങളിലും ഇത് ഭൂമിയെ ചുറ്റികൊണ്ടിരിക്കും. ഒാരോ ചുറ്റലിലും ഭ്രമണപഥത്തിന്റെ വലിപ്പം കൂട്ടും. ഭൂമിയിൽ നിന്ന് 3.84ലക്ഷം കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ. അവിടെ എത്താൻ ആദ്യം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തണം. അതിനായി ആദ്യം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ മാറണം. ഏഴാമത്തെ ദിവസം ( ജൂലായ് 21) ആവും ചന്ദ്രയാന്റെ ഇൗ വഴിമാറ്റം. ചന്ദ്രൻ ഭൂമിയോട് കുറേക്കൂടി അടുത്ത്, 3.63ലക്ഷം കിലോമീറ്ററിൽ എത്തുമ്പോൾ ചന്ദ്രയാൻ ഭൂമിയെ വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചാടും. പിന്നെ ചന്ദ്രനെ വലംവെച്ചുകൊണ്ടിരിക്കും. ഒാരോ ചുറ്റലിലും ഭ്രമണപഥത്തിന്റെ വലിപ്പം കുറച്ച് ചന്ദ്രന്റെ 100കിലോമീറ്റർ അടുത്ത് എത്തും. ഇതിന് നാലാഴ്ച വേണ്ടിവരും.
ചന്ദ്രന്റെ അടുത്തെത്തിയാൽ ഇറങ്ങാനുള്ള സ്ഥലം നോക്കിതുടങ്ങും. ചന്ദ്രനിൽ പകൽ തുടങ്ങുന്ന സമയവും നോക്കും. ചന്ദ്രനിൽ എത്തുന്നത് അവിടത്തെ രാത്രിയിലാണെങ്കിൽ നിരീക്ഷണവും പഠനവുമൊന്നും നടക്കില്ല. ലാൻഡറിലെ സോളാർ പാനലുകളിലൂടെ വൈദ്യുതിയുണ്ടാക്കാനും കഴിയില്ല. ഇറങ്ങുന്നത് കുഴിയും കുന്നുമില്ലാത്ത നിരപ്പായ സ്ഥലത്തായിരിക്കണം.ഇതെല്ലാം ഉറപ്പാക്കിയാണ് ആഗസ്റ്റ് 23ന് ഇറങ്ങാൻ ശ്രമിക്കുക. ഭൂമിയിലെ 14ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ. അടുത്ത ചാന്ദ്രപകൽ ഇന്ത്യയുടെ പ്രതീക്ഷാദിനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |