ലണ്ടൻ : വിവിധ തരത്തിലെ ഫുഡ് ചലഞ്ചുകളും ഫുഡ് കോംബറ്റീഷനുകളും ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. റെക്കാഡ് സമയത്തിനുള്ളിൽ ഭക്ഷണം കഴിച്ചുതീർക്കുന്ന മത്സരങ്ങൾ കാണാൻ പലർക്കും താത്പര്യമേറെയാണ്. അടുത്തിടെ, യു.എസിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരു ഹോട്ട്ഡോഗ് ഈറ്റിംഗ് കോംബറ്റീഷൻ നടത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് റെസ്റ്റോറന്റ് തുടക്കമിട്ട ഒരു ബ്രേക്ക്ഫാസ്റ്റ് ചലഞ്ച് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ' ഡെവിൾസ് ബ്രേക്ക്ഫാസ്റ്റ് ചലഞ്ച്' അല്ലെങ്കിൽ ' 666 ബ്രേക്ക്ഫാസ്റ്റ് ' എന്നാണ് ഇതിന്റെ പേര്. ലെസ്റ്റഷറിലെ എല്ലിസ്ടൗണിലുള്ള കോപ്പർ കെറ്റിൽ എന്ന റെസ്റ്റോറന്റാണ് ചലഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. വളരെ ഗംഭീരമായ മെനുവാണ് ഈ ചലഞ്ചിലൂടെ അവതരിപ്പിക്കുന്നത്. ഏകദേശം 2,334 രൂപയാണ് ഈ ബ്രേക്ക്ഫാസ്റ്റിന്റെ വില. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇത് കഴിച്ചു തീർത്താൽ പൈസ കൊടുക്കേണ്ട. മാത്രമല്ല ഒരു ടി - ഷർട്ട് സമ്മാനമായി ലഭിക്കും. ഒപ്പം വിജയിയുടെ ചിത്രം റെസ്റ്റോറന്റിന്റെ ചുവരിൽ പതിപ്പിക്കുകയും ചെയ്യും. ' 6 ' എന്ന സംഖ്യയും ഈ ചലഞ്ചുമായി ചില ബന്ധങ്ങളുണ്ട്. ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ ഐറ്റവും ആറെണ്ണം വീതമാണുള്ളത്. അതായത്, ബേക്കൺ, സോസേജ്, മുട്ട, ഹാഷ് ബ്രൗൺസ്, പുഡ്ഡിംഗ്, തക്കാളി, മഷ്റൂം എന്നിവയെല്ലാം ആറെണ്ണം വീതമാണ്. ബ്രെഡ്, ബട്ടർ, ഫ്രൈഡ് / ടോസ്റ്റ് ബ്രെഡ് എന്നിവ ഓപ്ഷനായി തിരഞ്ഞെടുക്കാം. ചായയും കോഫിയും ഇഷ്ടാനുസരണം ലഭിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നൂറിലേറെ പേർ ഈ ചലഞ്ച് പരീക്ഷിച്ചിതായി റെസ്റ്റോറന്റിന്റെ ഉടമകൾ പറയുന്നു. ഈ നൂറുപേരിൽ വെറും രണ്ട് പേർക്ക് മാത്രമാണ് ഈ ചലഞ്ച് ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |