അച്ഛൻ കോരനൊപ്പം ചായക്കടയിലിരിക്കുന്നതായിരുന്നു കുഞ്ഞ് ശ്രീധരന്റെ ഒഴിവു സമയത്തെ ഇഷ്ടം. ചായകുടിക്കാൻ വരുന്നവർക്ക് ബാക്കി നൽകിയും ഭക്ഷണത്തിന്റെ എണ്ണമെടുത്തുമൊക്കെ ശ്രീധരൻ കണക്കുമായി കുട്ടിക്കാലം മുതൽ കൂട്ടായി. എല്ലാവരും വെറുക്കുന്ന കണക്കിനെ ശ്രീധരൻ കെട്ടിപ്പിടിച്ചു, ഉറ്റതോഴനാക്കി. പിന്നീട് മലയാള ഭാഷയിൽ ഏറ്റവും കൂടുതൽ ഗണിത പുസ്തകങ്ങൾ രചിച്ചയാൾ എന്ന റെക്കോഡും ശ്രീധരനെന്ന പള്ളിയറ ശ്രീധരൻ സ്വന്തമാക്കി. കണക്കിൽ മുൻപിലായതുകൊണ്ടു തന്നെ പഠിച്ച സ്കൂളുകളിൽ അദ്ധ്യാപകരുടെ പ്രിയ ശിഷ്യനുമായി. പിന്നീട് ഗണിത അദ്ധ്യാപകനുമായി. ഭൂഗോളത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണെന്നാണ് ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൂടിയായ പള്ളിയറ ശ്രീധരന്റെ ആപ്തവാക്യം. നമുക്ക് ചുറ്റിലും നൂറു കണക്കിന് ഭാഷകളുണ്ട്. എന്നാൽ, കണക്കിന് ഒരൊറ്റ ഭാഷയേയുള്ളൂ. അത് സാർവലൗകികമാണെന്നും പള്ളിയറ ശ്രീധരൻ പറയുന്നു.
ഗണിതമെന്ന ഒറ്റവിഷയത്തെ മുൻനിറുത്തി 140ലധികം പുസ്തകങ്ങൾ രചിച്ചു. എന്നാൽ, ശ്രീധരൻ പറയുന്നത് അതെല്ലാം നോവലും കഥയും നാടകങ്ങളും ഒക്കെയാണെന്നാണ്. ഗണിതത്തോടൊപ്പം പഠനകാലത്ത് കിട്ടിയതാണ് മലയാള ഭാഷയോടുള്ള ഇഷ്ടം. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതൽ എഴുതുമായിരുന്നു. അതാണ് ശ്രീധരനിലെ എഴുത്തുകാരനെ ഇന്നത്തെ നിലയിലെത്തിച്ചത്.
കവിത, കഥ, നാടകം, ജീവചരിത്രം, സർവവിജ്ഞാനകോശം, നോവൽ തുടങ്ങി ഒരു ഭാഷയിലെ സാഹിത്യശാഖയിലെ എല്ലാ വിഭാഗങ്ങളെയും കണക്കുമായി ചേർത്തയാളാണ് പള്ളിയറ ശ്രീധരൻ. കണക്ക് എന്ന് കേൾക്കുന്നത് ഇഷ്ടമില്ലാത്തവർ പോലും അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ആസ്വാദകരാണ്. ലളിതമായ രീതിയിൽ കണക്കിലെ ഏത് വമ്പൻ തിയറിയേയും അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ആ രീതിയിൽ തന്നെയാണ് തന്റെ മുന്നിലെത്തിയ കുട്ടികളെ അദ്ദേഹം ഗണിതം പഠിപ്പിച്ചതും. കണക്ക് വെറുമൊരു പഠനവിഷയം മാത്രമല്ല, നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉറപ്പിക്കുകയായിരുന്നു അദ്ദേഹത്തിലെ അദ്ധ്യാപകന്റെ ദൗത്യം.
അത്ഭുതപ്പെടുത്തിയ മുസ്തഫ
കൂടാളി ഗവ. ഹൈസ്കൂളിൽ ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു മുസ്തഫ. അവൻ എല്ലാ വിഷയത്തിനും കൂടി വാങ്ങുന്നത് നൂറു മാർക്കാണ്. അതിൽ 60 മാർക്കും കണക്കിലായിരുന്നുവെന്നത് പള്ളിയറ ശ്രീധരനെന്ന ഗണിത അദ്ധ്യാപകനുള്ള ബഹുമതിയായിരുന്നു. എന്നാൽ, മുസ്തഫ തന്നെ അത്ഭുതപ്പെടുത്തിയ വിദ്യാർത്ഥിയാണെന്ന് പറയുമ്പോഴും ആ കണ്ണിൽ തെളിയുന്നത് അദ്ധ്യാപകന്റെ അഭിമാനത്തിളക്കമാണ്. വിരമിക്കാൻ ആറു വർഷം മാത്രം ബാക്കി നിൽക്കെ 1999ൽ അദ്ധ്യാപനവൃത്തിയിൽ നിന്ന് രാജിവച്ചിറങ്ങിയത് കൂടുതൽ എഴുതുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു.
വൃത്തത്തിലെ കണക്കും ഒ.എൻ.വിയും
മലയാളത്തിൽ കണക്കിന് സ്ഥാനമില്ലെന്ന് കവി ഒ.എൻ.വി ഒരിക്കൽ പറഞ്ഞത് പള്ളിയറ ശ്രീധരൻ തിരുത്തി. വൃത്തം ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അത് ശ്രീധരന്റെ വൃത്തമല്ല എന്ന് ഒ.എൻ.വി മറുപടി നൽകി. എന്നാൽ,
'മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറുഗണങ്ങൾ പാദം
രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ
ഗണത്തിലും
നടുക്കു യതി പാദാദിപ്പൊരുത്തമിതു
കേകയാം"
എന്നല്ലേ കേകവൃത്തം. ഇതു മുഴുവൻ കണക്കല്ലേ എന്ന് ശ്രീധരൻ മറുപടി നൽകിയപ്പോൾ ഒ.എൻ.വി അഭിനന്ദിച്ചത് പുരസ്കാര തുല്യമായാണ് ശ്രീധരൻ കണക്കാക്കുന്നത്.
കുട്ടികൾക്ക് വേണം കരുതൽ
നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകങ്ങളെപ്പറ്റി നല്ല അഭിപ്രായവുമായി വരാറുണ്ട്. ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേൽക്കാനുള്ള നിർദ്ദേശം വന്നപ്പോഴും കുട്ടികളായിരുന്നു ധൈര്യം. ഡയറക്ടറായി ചുമതലയേറ്റിട്ട് ഏഴ് കൊല്ലമാകുന്നു. കുട്ടികൾക്കായി നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്ന ഉറപ്പ് മനസിനുണ്ട്. പലരും പല തരം വിമർശനങ്ങളുമായി വന്നിട്ടുണ്ട്. അത്തരം വിമർശനങ്ങൾ വരുന്നത് നല്ലതു തന്നെയാണ്. പക്ഷേ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ മാത്രമേ നമ്മൾ അത്തരം വിഷയങ്ങളിൽ വിശദീകരണങ്ങൾ നൽകേണ്ട കാര്യമുള്ളൂ. കാരണം, കുഞ്ഞുങ്ങൾക്ക് നേർവഴി കാട്ടിക്കൊടുത്തിരുന്ന അദ്ധ്യാപകനാണ്. അവരെ അടുത്തറിയുന്ന അദ്ധ്യാപകൻ. അതുകൊണ്ടു തന്നെ അവർക്ക് നല്ലതെന്താണെന്നും ഇപ്പോൾ നടപ്പാക്കുന്ന കാര്യങ്ങൾ ഭാവിയിൽ എങ്ങനെ ഉപകാരപ്പെടുമെന്നും നമുക്കറിയാം.
ഇനിയുമേറെ എഴുതാനുണ്ട്
ജോലിത്തിരക്കുകൾക്കിടയിൽ എഴുത്തിനായി പ്രത്യേക സമയമൊന്നും നീക്കി വയ്ക്കാറില്ല. എന്നാൽ, എഴുതാൻ ഒരുപാട് വിഷയങ്ങൾ മനസിലുണ്ട്. അതെല്ലാം വൈകാതെ തന്നെ പകർത്തിയേ മതിയാകൂ. അതെ, പള്ളിയറ ശ്രീധരൻ തന്റെ എഴുത്തിന്റെയും ഗണിതത്തിന്റെയും ലോകത്ത് തിരക്കിലാണ്.
പള്ളിയറ ശ്രീധരൻ
കണ്ണൂർ എടയന്നൂരിൽ 1950 ജനുവരി 17 ന് ജനനം. മുട്ടന്നൂർ എൽ. പി. സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശിരാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി. എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകൻ. 1999ൽ സ്വയം വിരമിച്ചു. ചെറുകഥകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ചു. നൂറോളം കഥകൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1978ൽ ആദ്യഗ്രന്ഥം 'പ്രകൃതിയിലെ ഗണിതം" പ്രസിദ്ധീകരിച്ചു. ഭാര്യ സംഘമിത്ര. മകൻ അഭിലാഷ് കണ്ണൂർ കിൻഫ്രയിൽ ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |