തൃക്കരിപ്പൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ അയിലയടക്കം മറ്റു മത്സ്യങ്ങൾ ലഭ്യമായിരുന്നുവെങ്കിലും മത്തി കണി കാണാൻ പോലുമില്ലെന്ന പരാതിയായിരുന്നു പരക്കെ. പക്ഷേ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മത്തി കിലോക്ക് 20- 25 രൂപക്കാണ് ലഭിക്കുന്നത്. ചെറിയ മത്തിയാണെങ്കിലും അടുത്ത കാലത്തൊന്നും ഇത്ര കുറഞ്ഞ വിലയിൽ മത്തി ലഭിച്ചത് ആർക്കും ഓർമ്മയില്ല.
അതോടൊപ്പം മത്തി കൂട്ടമായി തിരയോടൊപ്പം കരയിലടിയുന്നതും പല കടപ്പുറത്തുമുണ്ടായി. മത്സ്യബന്ധന ബോട്ടുകൾ തീരത്തോട് ചേർന്ന് സഞ്ചരിക്കുമ്പോഴും മറ്റും തിരയിൽപ്പെടുന്ന മത്തിക്കൂട്ടമാണ് കരയിലെത്തുന്നതെന്നാണ് പറയപ്പെടുന്നത്. വലിയപറമ്പ പഞ്ചായത്തിലെ മാവിലാകടപ്പുറം, വെളുത്ത പൊയ്യ, പന്ത്രണ്ടിൽ തുടങ്ങിയ ഇടങ്ങളിൽ ഇന്നലെയും മിനിഞ്ഞാന്നു മടക്കം ഒരാഴ്ചയോളമായി ഈ പ്രതിഭാസം തുടരുകയാണ്.
പ്രദേശവാസികൾ ചട്ടിയിലും കൊട്ടയിലും ബക്കറ്റുകളിലും സഞ്ചികളിലുമൊക്കെയായി മണൽപ്പരപ്പിൽക്കിടന്ന് പിടക്കുന്ന മത്തിയെ മത്സരബുദ്ധിയോടെ വാരിയെടുക്കുന്നു. ദിവസങ്ങളോളം ഈ മത്തി കയറ്റം തുടരുന്ന സ്ഥിതിയിൽ പുലരുമ്പോഴേക്കും വിദൂരങ്ങളിൽ നിന്ന് പോലും നിരവധി പേർ ഇവിടത്തെ തീരങ്ങളിലെത്തുന്നുണ്ട്.
കുഞ്ഞൻമത്തിയുടെ നിയമ പരിരക്ഷ
പത്തു സെന്റീമീറ്റർ വലുപ്പമില്ലാത്ത മത്തി പിടികൂടുന്നതും വിൽപ്പന ചെയ്യുന്നതും നിയമവിരുദ്ധമാണെങ്കിലും മാർക്കറ്റുകളിൽ ഇത്തരത്തിലുള്ള കുഞ്ഞൻമത്തി സുലഭമാണ്. ബോട്ടുകൾ പിടിച്ചെടുത്ത് പിഴ ഈടാക്കുന്ന നടപടികൾ അധികൃതർ സ്വീകരിക്കാറുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലായെന്ന് തെളിയിക്കുന്നതാണ് മാർക്കറ്റുകളിൽ കുഞ്ഞൻ മത്തിയുടെ സാന്നിദ്ധ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |