കോട്ടയം: ആലപ്പുഴയിൽ അനധികൃത റെന്റ് എ കാർ അപടകമുണ്ടാക്കി വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ സടകുടഞ്ഞെഴുന്നേറ്റ മോട്ടോർ വാഹനവകുപ്പ് വീണ്ടും ഉറക്കത്തിലായതോടെ കള്ളടാക്സികളും അനധികൃത റെന്റ് എ കാറുകളും നിരത്തിൽ പായുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പെർമിറ്റുള്ള ടാക്സികളേക്കാൾ കൂടുതൽ സ്വകാര്യ കാറുകൾ വാടക കുറച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായാണ് സർവീസ് നടത്തുന്നത്.നവരാത്രി പ്രമാണിച്ച് ടാക്സികൾക്ക് ക്ഷാമമായതോടെ വണ്ടിയുള്ളവരെല്ലാം അവരതാക്കി മാറ്റി.
സ്വകാര്യ വാഹനങ്ങൾ മഞ്ഞ ബോർഡിൽ കറുത്ത അക്കങ്ങളുള്ള ടാക്സി നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് സർവീസ് നടത്തുന്നത്. ആയിരം രൂപ വരെയാണ് വാടകയായി ഈടാക്കുന്നത്. ഹോട്ടലുകൾക്കും മറ്റും താത്ക്കാലികമായി ഉടമസ്ഥത കൈമാറിയതായി രേഖയുണ്ടാക്കിയാണ് പല സ്വകാര്യവാഹനങ്ങളും വാടകയ്ക്ക് ഓടുന്നത്. പരാതികൾ വർദ്ധിച്ചതോടെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിനോട് പരിശോധന കർശനമാക്കാൻ നിർദേശിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.
കാറുള്ളവർ റെന്റിന് കൊടുക്കുന്നു
രണ്ടോ മൂന്നോ വണ്ടിയുള്ളവരും റെന്റ് എ കാർ നടത്തുകയാണ്. രജിസ്ട്രേഷനില്ല. മറ്റ് നിയമം പാലിക്കുന്നുമില്ല. ദിവസം അഞ്ഞൂറ് മുതൽ ആയിരം രൂപയ്ക്ക് വരെയാണ് കാറുകൾ നൽകുന്നത്.
നിയമത്തിൽ പഴുത്
'സ്വകാര്യ കാറുകളും ഏഴ് സീറ്റ് വാഹനങ്ങളും സ്വകാര്യ സ്ഥാപനങ്ങൾക്ക് വില്പന നടത്തിയതായി രജിസ്റ്റർ ചെയ്യാം. 45 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറിയാൽ മതി. ഈ നിയമത്തിന്റെ പഴുതിലാണ് ഈ രീതിയിൽ കൈമാറ്റം കാണിച്ച വാഹനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ എന്നിവയ്ക്കായി ടാക്സി പെർമിറ്റില്ലാതെ മാസവാടകയ്ക്ക് നൽകി സർവീസ് നടത്തുന്നത്.
റെന്റ് കൊടുക്കണമെങ്കിൽ
നമ്പർ പ്ലേറ്റ് കറുത്ത ബോർഡിൽ മഞ്ഞ നിറത്തിൽ
പ്രത്യേക ലൈസൻസും സർട്ടിഫിക്കറ്റുമുള്ള സ്ഥാപനം വേണം
സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നത് കള്ള ടാക്സികൾക്ക് സമം
കള്ളടാക്സി പിടിച്ചാൽ
പിഴ 15,000 രൂപ
15 ദിവസം കസ്റ്റഡിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |