തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം തിരുവനന്തപുരത്ത് നടത്താനും അതിലേയ്ക്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മറ്റ് പാർട്ടി നേതാക്കളെ ക്ഷണിക്കാനും തീരുമാനിച്ചത് കോൺഗ്രസ് നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതിർന്ന നേതാക്കളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. ഇതിൽ വിവാദത്തിന്റെ ആവശ്യമില്ല. എല്ലാവരെയും ഒന്നിച്ച് നിർത്താനാണ് നേതൃത്വം ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയുടെ രീതിയും അതായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രതികരണത്തിൽ കെ പി സി സി പ്രസിഡന്റ് വ്യക്തത വരുത്തിയിട്ടുണ്ട്. തെറ്റിദ്ധാരണയിൽ നിന്നുണ്ടായ വാർത്തയാണത്. ഉപതിരഞ്ഞെടുപ്പ് മൂന്നോ നാലോ മാസം കഴിഞ്ഞാണ്. സ്ഥാനാർത്ഥിയെക്കുറിച്ച് കെ പി സി സി ചർച്ച നടത്തി നിർദേശം അറിയിക്കുമ്പോൾ കോൺഗ്രസ് അദ്ധ്യക്ഷനാണ് പ്രഖ്യാപനം നടത്തുക. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശം പാർട്ടിയ്ക്ക് വീട്ടു നൽകണമെന്നും വി ഡി സതീശൻ അഭ്യർത്ഥിച്ചു.
പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥിത്വം കൂട്ടായ തീരുമാനമാണ്. അത് കൃത്യമായ സമയത്ത് ഉണ്ടാകും. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചർച്ചകൾ എല്ലാ നേതാക്കളും അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് കോൺഗ്രസ് തീരുമാനമെടുത്താൽ അത് യുഡിഎഫ് നേതൃത്വത്തെ അറിയിച്ച് അവരുടെ കൂടി സമ്മതത്തോടെയാണ് പ്രഖ്യാപനം നടത്തുന്നത്. ഇതുവരെ പാർട്ടിയിൽ സ്ഥാനാർത്ഥി ചർച്ച ആരംഭിച്ചിട്ടില്ല. ഉടനെ ആരംഭിക്കുകയുമില്ല. തിരഞ്ഞെടുപ്പിനെ പാർട്ടി ശക്തമായി നേരിടും.
കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ശ്രുതി തരംഗം പദ്ധതി സർക്കാർ അടിയന്തരമായി ശ്രദ്ധ ചെലുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. കൂടാതെ ഓണ സമയത്തെ വില പിടിച്ചു നിർത്താൻ സപ്ലെെക്കോയ്ക്ക് കഴിയില്ല. വലിയ ബാദ്ധ്യതയിലാണ് സപ്ലെെക്കോ. കെ എസ് ആർ ടി സിയ്ക്ക് സംഭവിച്ചതാണ് സപ്ലെെക്കോയ്ക്ക് സംഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |