കൊച്ചി: കടൽപായലിൽ നിന്ന് പുതിയ ഉത്പന്നവുമായി സി.എം.എഫ്.ആർ.ഐ. കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്ട് എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഉത്പന്നം കൊവിഡാനന്തര ആരോഗ്യപ്രശ്‌നമുള്ളവരിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. സാർസ് കോവി 2,ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറൽ ഗുണങ്ങളും കടൽമീനുണ്ട്. കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത്. പാർശ്വഫലങ്ങളില്ലെന്നത് വിശദമായ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ. കാജൽ ചക്രവർത്തി പറഞ്ഞു. വൈറസ്ബാധയുടെ വ്യാപ്തി കുറയ്ക്കാനും അമിത അളവിലുള്ള സൈറ്റോകൈൻ ഉത്പാദനം നിയന്ത്രിച്ച് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഈ ഉത്പന്നം സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.
10ന്റെ തിളക്കം
സി.എം.എഫ്.ആർ.ഐ വികസിപ്പിക്കുന്ന പത്താമത്തെ ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നമാണിത്. നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമർദം, തൈറോയിഡ്, ഫാറ്റിലിവർ എന്നീ രോഗങ്ങളെ ചെറുക്കുന്നതിന് സി.എം.എഫ്.ആർ.ഐ കടൽപായലിൽ നിന്നും ഉത്പന്നങ്ങൾ വികസിപ്പിച്ചിരുന്നു. പുതിയ ഉത്പന്നം വ്യാവസായികമായി നിർമിക്കുന്നതിന്, മരുന്ന് നിർമാണരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |