SignIn
Kerala Kaumudi Online
Sunday, 15 June 2025 11.28 PM IST

അവിശ്വാസം ; പരാജയവും വിജയവും

Increase Font Size Decrease Font Size Print Page

photo

ലോക്‌സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം സാങ്കേതികാർത്ഥത്തിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം നടക്കുമ്പോൾത്തന്നെ പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം ഇറങ്ങിപ്പോയി. അതുകൊണ്ട് വോട്ടെടുപ്പ് വേണ്ടിവന്നില്ല.

ശബ്ദവോട്ടോടെ പ്രമേയം തള്ളിയതായി സ്പീക്കർ പ്രഖ്യാപിച്ചു. ഭരണകക്ഷിയംഗങ്ങൾ ഡെസ്‌ക്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. സത്യത്തിൽ നരേന്ദ്രമോദിയെ താഴെയിറക്കാം എന്നു വ്യാമോഹിച്ചല്ല പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഒമ്പത് വർഷം പിന്നിട്ട സർക്കാരിന്റെ ഭരണപരാജയവും കെടുകാര്യസ്ഥതയും പാർലമെന്റിലും തദ്വാരാ ജനമദ്ധ്യത്തിലും ചർച്ചയാക്കുക; അതിലുപരി മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം അവസാനിപ്പിക്കുക എന്നിങ്ങനെ പരിമിതമായ ലക്ഷ്യങ്ങളേ അവർക്കുണ്ടായിരുന്നുള്ളൂ. അക്കാര്യത്തിൽ ഒരു പരിധിവരെ അവർ വിജയിക്കുകയും ചെയ്തു. പ്രതിപക്ഷ അംഗങ്ങൾ സർക്കാരിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ രാഹുൽഗാന്ധിയടക്കം പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായും ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനും ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നല്കി. പ്രധാനമന്ത്രിയുടെ പ്രസംഗം അദ്ദേഹത്തിന്റെ പതിവുശൈലിയിൽ രൂക്ഷ വിമർശനവും പരിഹാസവും അടങ്ങിയതായിരുന്നു. അവിശ്വാസപ്രമേയം കൊണ്ടൊന്നും ഒരു ഫലവുമില്ല, 2024ലും ഞങ്ങൾ തന്നെ വിജയിക്കും; 2028ലും നിങ്ങൾക്ക് ഇതുപോലൊരു പ്രമേയം അവതരിപ്പിക്കാൻ അവസരം ലഭിക്കും എന്നുവരെ പറഞ്ഞുവച്ചു. കൂട്ടത്തിൽ മണിപ്പൂരിലെ ജനങ്ങളോട് സംയമനം പാലിക്കാൻ അഭ്യർത്ഥിച്ചു; സമാധാനത്തിന്റെ സൂര്യൻ വൈകാതെ അവിടെയും ഉദിക്കും. വികസനത്തിന്റെ പാതയിലേയ്ക്ക് ആ സംസ്ഥാനം വീണ്ടുമെത്തും എന്ന് ഉറപ്പുനല്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ദക്ഷിണേഷ്യയുടെ വികസനത്തിന്റെ കേന്ദ്രബിന്ദുവാകും. ഇതു വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ കർത്തവ്യമാണെന്ന് ഉറപ്പിച്ചുപറഞ്ഞു.

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ലോക്‌സഭയിൽ അവതരിപ്പിച്ച മിക്കവാറും അവിശ്വാസ പ്രമേയങ്ങളും സർക്കാരിനെ താഴെയിറക്കാൻ വേണ്ടിയല്ലാതെ ഭരിക്കുന്നവരുടെ വീഴ്ചകൾ ചർച്ചാവിഷയമാക്കാൻ വേണ്ടിമാത്രം അവതരിപ്പിക്കപ്പെട്ടവയാണ്. 1963ൽ നെഹ്‌റു സർക്കാരിനെതിരെ ആചാര്യ കൃപലാനി അവതരിപ്പിച്ച ആദ്യത്തെ അവിശ്വാസപ്രമേയം മുതൽക്കിങ്ങോട്ട് അതാണ് സാമാന്യ നിയമം. 1979ൽ പ്രതിപക്ഷ നേതാവ് വൈ.ബി. ചവാൻ അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുമെന്ന ഘട്ടത്തിൽ മൊറാർജി ദേശായി രാജിവച്ചതും അതിനുപിന്നാലെ വിശ്വാസപ്രമേയം അവതരിപ്പിക്കാൻ കഴിയാതെ ചരൺസിംഗ് രാജിവച്ചതും 1990ൽ വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് വി.പി. സിംഗ് രാജിവച്ചതും അതേസാഹചര്യത്തിൽ 1997ൽ ദേവഗൗഡയുടെയും 1999ൽ വാജ്‌പേയിയുടെയും സർക്കാരുകൾ തകർന്നതുമാണ് മറിച്ചുള്ള ഉദാഹരണങ്ങൾ. അവ സാമാന്യനിയമത്തെ സാധൂകരിക്കുന്ന അപവാദങ്ങൾ മാത്രമാണ്. പ്രതിപക്ഷത്തിന്റെ അനൈക്യവും കുറിക്കുകൊള്ളുന്ന വാദമുന്നയിക്കുന്നതിൽ നേതാക്കൾക്കു സംഭവിക്കുന്ന വീഴ്ചയുംകൊണ്ട് ചിലപ്പോഴൊക്കെ അവിശ്വാസപ്രമേയം വൃഥാ വ്യായാമമായി പരിണമിക്കാറുണ്ട്. അപൂർവ സന്ദർഭങ്ങളിൽ അതു ഭരണപക്ഷത്തിനു ഗുണകരമായി ഭവിക്കാറുണ്ട്. 1999 ഏപ്രിൽ മാസത്തിൽ കേവലം ഒരുവോട്ട് വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെട്ട വാജ്‌പേയിക്ക് അനുകൂലമായി രാജ്യവ്യാപകമായി സഹതാപതരംഗം രൂപപ്പെട്ടതും ആറുമാസത്തിനുശേഷം അദ്ദേഹം കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയതും ദൃഷ്ടാന്തമാണ്.

അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് അംഗത്വം നഷ്ടമായ രാഹുൽഗാന്ധി വലിയ നിയമയുദ്ധത്തിനുശേഷം ലോക്‌സഭയിൽ തിരിച്ചെത്തിയ ദിവസമാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്കുവന്നത്. അത് പ്രതിപക്ഷത്തിന് പൊതുവേയും കോൺഗ്രസിന് പ്രത്യേകിച്ചും ഊർജം പകർന്നു. ബി.ജെ.പി എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും തങ്ങളുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങുമെന്നു തെളിയിക്കാൻ ഇതിലൂടെ അവർക്കു സാധിച്ചു. മണിപ്പൂർ കലാപം തടയുന്നതിലും ക്രമസമാധാനം പാലിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച പ്രതിപക്ഷം തുറന്നുകാണിച്ചു. മാസങ്ങൾ പലതുകഴിഞ്ഞിട്ടും പ്രധാനമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിച്ചതിനെ അവർ നിശിതമായി വിമർശിച്ചു. അങ്ങനെ മണിപ്പൂരിനെ അവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാക്കി നിലനിറുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാണെന്ന് ബോദ്ധ്യപ്പെടുത്താനും സാധിച്ചു. മറ്റേതെങ്കിലും വിഷയത്തെച്ചൊല്ലിയായിരുന്നു അവിശ്വാസപ്രമേയമെങ്കിൽ അതിന് ഇത്രയും പ്രാധാന്യം ലഭിക്കുമായിരുന്നില്ല. ഐ.എൻ.ഡി.ഐ.എ (ഇന്ത്യ) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന് കരുത്ത് തെളിയിക്കാൻ ലഭിച്ച ആദ്യത്തെ അവസരവുമായി അവിശ്വാസപ്രമേയ ചർച്ച. കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും അവരോട് ഐക്യപ്പെട്ട പ്രാദേശിക കക്ഷികളും തികഞ്ഞ ഒത്തൊരുമയോടെ ലോക്‌സഭയിൽ പ്രവർത്തിച്ചു. വരുംകാലങ്ങളിൽ തങ്ങൾക്ക് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനും ഭൂരിപക്ഷം കിട്ടുമെങ്കിൽ സർക്കാരുണ്ടാക്കാനും കഴിയുമെന്നുള്ള വ്യക്തമായ സൂചന നല്കാൻ അവർക്കു കഴിഞ്ഞു. നരേന്ദ്രമോദിയും ബി.ജെ.പിയും അവിശ്വാസപ്രമേയത്തെ പേടിച്ചില്ലെങ്കിലും പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരുമെന്നർത്ഥം.

രാഹുൽഗാന്ധിയുടെ പുനരാഗമനവും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. ഭാരതമാതാവിനെ കൊലപ്പെടുത്തി എന്ന രാഹുലിന്റെ പരാമർശത്തിന് കടുത്ത വാക്കുകളിലാണ് മോദി മറുപടി പറഞ്ഞത്. ഭാരതമാതാവിന്റെ മരണം സങ്കല്പിക്കുന്നതിലും വലിയ ദൗർഭാഗ്യമില്ല; ഇന്ത്യയെ മൂന്നാക്കി വിഭജിച്ച് ഭാരതമാതാവിന്റെ ഇരുകൈകളും വെട്ടിമാറ്റിയവരുടെ പിൻമുറക്കാരാണ് ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നെഹ്‌റുവും ഇന്ദിരയുമൊക്കെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അവഗണിച്ചെന്നും ഈ സർക്കാരാണ് ആ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറ്റിയതെന്നും മോദി അവകാശപ്പെട്ടു. ഇന്ത്യ മുന്നണിയെയും പേരെടുത്തു പറയാതെ രാഹുൽഗാന്ധിയെയും രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, പ്രതിപക്ഷമാകാനെങ്കിലും യോഗ്യരാണെന്നു ജനങ്ങൾക്കു മുന്നിൽ തെളിയിക്കാൻ അവരെ വെല്ലുവിളിച്ചു.
അവിശ്വാസപ്രമേയം സഭയിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയമായി വിജയിച്ചു എന്നുവേണം മനസിലാക്കാൻ. ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ പ്രസക്തിയും പ്രാധാന്യവും പ്രധാനമന്ത്രിക്ക് മനസിലായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ തന്റെ ഭരണം 2024ൽ അവസാനിക്കുമെന്ന് അദ്ദേഹത്തിനറിയാം. ഇക്കാര്യം പ്രതിപക്ഷനേതാക്കൾ കൂടി തിരിച്ചറിഞ്ഞാൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിമാറും.

TAGS: MOTION OF NO CONFIDENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.