തിരുവനന്തപുരം: സംസ്ഥാനത്താദ്യമായി നാലു വർഷ ആർട്സ് ആൻഡ് സയൻസ് ബിരുദ കോഴ്സുകൾ തുടങ്ങാൻ സജ്ജമായി കേരള സർവകലാശാല. കാര്യവട്ടം കാമ്പസിൽ
നാല് കോഴ്സുകളാണ് ഇക്കൊല്ലം തുടങ്ങുന്നത്.24ന് ചേരുന്ന യോഗത്തിൽ കോഴ്സുകളും,സിലബസും തീരുമാനിക്കുമെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ 'കേരളകൗമുദി'യോട് പറഞ്ഞു.
ബിഎ ഹോണേഴ്‌സിൽ ലാംഗ്വേജ് ആൻഡ് കമ്മ്യൂണിക്കേഷൻസ്, പൊളിറ്റിക്‌സ് ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ബിഎസ്സിയിൽ ലൈഫ് സയൻസ്, ബികോം ബിരുദത്തിനൊപ്പം പ്രൊഫഷണൽ ബികോം എന്നിവയാണ് പരിഗണനയിൽ. എന്നാൽ ലൈഫ് സയൻസിനായി പ്രത്യേക ലാബ് സജ്ജീകരിക്കുന്നതടക്കം ചില പ്രശ്നങ്ങളുമുണ്ട്. വകുപ്പു മേധാവികളും സെന്റർ ഡയറക്ടർമാരുമടങ്ങിയ സമിതിയാണ് സിലബസ് തയ്യാറാക്കുന്നത്. ഇത് ബോർഡ് ഓഫ് സ്റ്റഡീസുകളും അക്കാഡമിക് കൗൺസിലും അംഗീകരിക്കണം.
ദേശീയ തലത്തിൽ പ്രവേശനത്തിന് വിജ്ഞാപനമിറക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികൾ പഠനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴ്സുകളുടെ നടത്തിപ്പിന് ഡയറക്ടറേറ്റ് രൂപീകരിക്കും. സീനിയർ പ്രൊഫസർ വൈസ്ചെയർമാനായ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ വിഭാഗത്തിനാണ് അദ്ധ്യയനം, പരീക്ഷ നടത്തിപ്പ് എന്നിവയുടെ ചുമതല. നാലു വർഷ ബിരുദ കോഴ്സ് തുടങ്ങാനുള്ള നിയമങ്ങളടങ്ങിയ റഗുലേഷൻ ഉടൻ നിലവിൽ വരും.
.
അടുത്ത വർഷം മുതൽ
എല്ലായിടത്തും
അടുത്ത വർഷം മുതൽ സംസ്ഥാനത്തെ എല്ലാ വാഴ്സിറ്റികളിലും കോളേജുകളിലും നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. കോളേജുകൾക്ക് സ്കീമും സിലബസും വാഴ്സിറ്റി നൽകും. നാലാം വർഷ കോഴ്സ് നടത്തിപ്പിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ വേണ്ടിവരും. 22, 23, 24 തീയതികളിൽ കോളേജുകൾക്കായി നാലു വർഷ കോഴ്സിന്റെ ശിൽപ്പശാല നടത്തും.
പി.ജി കോഴ്സുകളിൽ
ലാറ്ററൽ എൻട്രി
ഓണേഴ്‌സ് ബിരുദം നേടുന്നവർക്ക് പിജി കോഴ്‌സുകളിൽ ലാറ്ററൽ എൻട്രി അനുവദിക്കും. അവർക്ക് ഒരു വർഷം പിജി ചെയ്താൽ മതിയാകും.
ബിഎ ഹോണേഴ്‌സിൽ പ്രധാന ഡിഗ്രിക്ക് ഒപ്പം വിദ്യാർത്ഥിക്ക് താത്പര്യമുള്ള മറ്റൊരു വിഷയത്തിൽ മൈനർ ഡിഗ്രിയും നേടാനാകും.
കോഴ്സുകളെയെല്ലാം തൊഴിൽ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, അവയ്ക്ക് വേണ്ട നൈപുണ്യം ആർജ്ജിക്കാനാവും.
മികവു കാട്ടുന്നവർക്ക് പരിശീലന കാലത്തു തന്നെ ജോലി ഉറപ്പിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |