നായകനൊപ്പം കൈയടി നേടിയ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രമായിരുന്നു പുഷ്പയിലെ പൊലീസ് ഭൻവർ സിംഗ് ശേഖാവത്. എന്നാൽ നായകനെക്കാൾ ഒരു പടി ഉയർന്നു നിൽക്കുന്ന വില്ലനായി മാമന്നനിലെ രത്നവേൽ മാറുമ്പോൾ ഫഹദ് ഫാസിൽ എന്ന ബ്രാൻഡിനെ ഇന്ത്യൻ സിനിമ ആഘോഷിക്കുകയാണ് എന്ന് തന്നെ പറയാം. താര പദവിയ്ക്ക് വേണ്ടി മത്സരിക്കാതെ തന്നിലെ നടനെ രാകിമിനുക്കുന്നതിൽ അയാൾ ശ്രദ്ധ കാണിച്ചതിന്റെ തെളിവാണ് തെന്നിന്ത്യ മുഴുവൻ ആഘോഷിക്കപ്പെടുന്ന വില്ലനായി മാമന്നനിലെ രത്നവേൽ മാറിയതിന്റെ കാരണം.
നായകനായി സിനിമയിലെത്തിയ ഫഹദ് ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തിയപ്പോൾ അയാളുടെ തിരഞ്ഞെടുപ്പുകൾ എല്ലാം കൃത്യമായിരുന്നു എന്നതിന്റെ ഏറ്റവും പുതിയ അടയാളമാണ് മാമന്നനിലെ രത്നവേൽ. 'നായകന് പ്രാധാന്യം നൽകേണ്ട ഒരു ചിത്രമാണ് ഒരുക്കുന്നതെങ്കിൽ വില്ലനായി ഫഹദിനെ കാസ്റ്റ് ചെയ്യരുത് " എന്ന തരത്തിലുള്ള കുറിപ്പുകളോടെ സമൂഹമാദ്ധ്യമങ്ങളിൽ ജാതി വെറിയനായ രത്നവേൽ എന്ന കഥാപാത്രം വൈറൽ ആകുമ്പോൾ ഫഹദ് എന്ന നടനിൽ ആ വേഷം അത്രമാത്രം ഭദ്രമായിരുന്നു എന്ന് നമുക്ക് മനസിലാക്കാം.
പലപ്പോഴും വില്ലനായി അരങ്ങിലെത്തുന്ന നടന്മാരുടെ അഭിനയ മികവുകൊണ്ട് അയാൾ പ്രതിനായകൻ ആണെന്ന ബോധത്തെ പോലും മറയ്ക്കും വിധം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടാറുണ്ട്. ആകാരഭംഗി കൊണ്ട് നായകനെക്കാൾ വില്ലനെ ആഘോഷിച്ചിരുന്ന കാലഘട്ടവും കടന്ന്, വില്ലനിലെ അതിസൂക്ഷ്മ ഭാവപ്രകടനങ്ങൾ പോലും നിരീക്ഷിക്കുന്ന ഒരു സമൂഹത്തിന് മുന്നിലേക്കാണ് രൂക്ഷമായ നോട്ടവും പ്രതികാരം ജ്വലിക്കുന്ന ചിരിയുമായി ഫഹദ് ഫാസിൽ എത്തുന്നത്. ജാതിബോധവും അധികാരവും തലയ്ക്കു പിടിച്ച വില്ലൻ കഥാപാത്രത്തെയാണല്ലോ ഫഹദ്, മാമന്നനിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ തമിഴ്നാട്ടിലെ മിക്കയിടങ്ങളിലും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാണ് രത്നവേൽ ആഘോഷിക്കപ്പെട്ടത്. ജാതിവെറിയ്ക്കെതിരെ മാരി സെൽവരാജ് ഒരുക്കിയ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന് കിട്ടിയതാകട്ടെ ഒരു ഹീറോ പരിവേഷവും.
രത്നവേലിന്റെ ദൗർബല്യവും മാമന്നനിൽ നമുക്ക്കാണാൻ കഴിയും. തനിക്കു മുന്നിൽ വാലാട്ടി നിൽക്കുന്ന നായകൾക്ക് ഒപ്പം കുളിക്കാനും അവർക്ക് ഭക്ഷണം കൊടുക്കാനും അയാൾക്ക് ഒരു മടിയുമില്ല. നായകളെ ഭയപ്പെടുത്തി അവയെ ആജ്ഞാനുവർത്തികളാക്കുന്ന രത്നവേൽ അതേ നയം തന്നെയാണ് തനിക്ക് കീഴിലുള്ളവരോടും എടുക്കാൻ ശ്രമിക്കുന്നത്. അതിന് അയാൾക്ക് ഒരു കാരണവും ഉണ്ട്. അച്ഛന്റെ മരണശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻതള്ളപ്പെടുമെന്ന് ഉറപ്പായതോടെ അയാൾ സ്വയം നേടിയെടുത്തതാണ് ആ അധികാരം. അത് വിട്ടുകൊടുക്കാൻ അയാൾ ഒരിക്കലും തയാറാകുന്നില്ല. അതിനായി ഗൂഢ തന്ത്രങ്ങൾ മെനയാനും അയാൾക്ക് മടിയില്ല. കുടുംബത്തോടുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയും ഒക്കെ ഇന്നുവരെ നാം കണ്ടിട്ടുള്ള മറ്റ് പ്രതിനായക വേഷങ്ങളിൽ നിന്നും അയാളെ തികച്ചും വ്യത്യസ്തനാക്കുന്നു. അധികാരത്തിന്റെ നിറവും അഹങ്കാരവും നിറഞ്ഞ ഭാവങ്ങളും അതിനൊത്ത ശബ്ദവും ശരീരഭാഷയും പേറുന്ന ഫഹദിന്റെ രത്നവേൽ ഇതുവരെ തമിഴകം കണ്ട വില്ലന്മാരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. വെള്ള ഉടുപ്പും മുണ്ടും അതിനുള്ളിലെ സ്വർണ്ണ മാലയും ഗൗണ്ടറെ ഓർമ്മിപ്പിക്കുന്ന മീശയും ഒക്കെ രത്നവേലിന്റെ ശരീരഭാഷയിലെ ജന്മിയുടെ ആഢ്യത്വം വിളിച്ചോതുന്നു. അധികാരസ്ഥാനങ്ങൾ തന്നിലേക്ക് വന്നപ്പോൾ രത്നവേലിനുണ്ടായ മാറ്റം ഫഹദ് കൃത്യമായി ചിത്രത്തിൽ അടയാളപ്പെടുത്തി. ഈയടുത്ത കാലത്ത് കണ്ട ഫഹദ് മാജിക് ഈ ചിത്രത്തിലും ആവർത്തിച്ചിരിക്കുകയാണ് എന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയാൻ സാധിക്കും.ഏത് കഥാപാത്രത്തിലേക്കും ഇഴുകി ചേരാൻ കഴിയുന്ന ഫഹദ് മാജിക് ഒന്നുകൊണ്ടു മാത്രമാണ് മാരി സെൽവരാജ്ചിത്രമായ മാമന്നനിലെ നായകനായ ഉദയ നിധി സ്റ്റാലിനെ പോലും പിന്തള്ളി, രത്നവേലിനെ ജനങ്ങൾ ഏറ്റെടുക്കാൻ കാരണം. സമർപ്പണവും അദ്ധ്വാനവും നിരീക്ഷണവും നടന വൈഭവവും കൊണ്ട് അക്ഷരാർത്ഥത്തിൽ പാൻ ഇന്ത്യൻ സിനിമയിൽ തന്നെ, ഫഹദിലെ നടനെ അടയാളപ്പെടുത്തുന്ന വില്ലനാണ് രത്നവേൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |