ന്യൂഡൽഹി : ഇന്ത്യ - ചൈന ബന്ധം വീണ്ടും ഉലച്ച് ഭൂപട വിവാദം കത്തിനിൽക്കുമ്പോൾ ജി 20 ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് എത്തില്ലെന്ന് റിപ്പോർട്ടുകൾ.
ഡൽഹിയിൽ ഈ മാസം 9നും 10നും നടക്കുന്ന ഉച്ചകോടിയിൽ ഷീ ജിൻ പിംഗ് പങ്കെടുക്കുമോയെന്ന് ചൈന സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സൂചന. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ഖിയാങ് എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
ബെയ്ജിംഗിലെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ, ഇപ്പോഴൊന്നും പറയാനാകില്ലെന്നാണ് ചൈനീസ് വിദേശമന്ത്രാലയം വക്താവ് വാങ് വെൻബിൻ അറിയിച്ചത്.
ചൈനയുടെ ഭൂപടത്തിൽ അരുണാചൽ പ്രദേശും കിഴക്കൻ ലഡാക്കിലെ ഭാഗങ്ങളും ഉൾപ്പെടുത്തിയതിനോട് ഇന്ത്യ അതിരൂക്ഷമായി പ്രതികരിക്കുകയും, പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ഷീ ജിൻ പിംഗും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച് ജി 20 ഉച്ചകോടിയിൽ ഉണ്ടാകുമോയെന്നതും അനിശ്ചിതത്വത്തിലായി. 2022ൽ ബാലിയിലെ ജി 20 ഉച്ചകോടിയിലാണ് ലോകശക്തികൾ ഒടുവിൽ തമ്മിൽ കണ്ടത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉച്ചകോടിക്ക് എത്തില്ലെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. പകരം, റഷ്യൻ വിദേശ മന്ത്രി സെർഗെയ് ലാവ്റോവ് എത്തും.
ഡൽഹിക്ക് വരുന്ന നേതാക്കൾ
1. ജോ ബൈഡൻ - യു.എസ് പ്രസിഡന്റ്
2. ഇമ്മാനുവൽ മാക്രോൺ - ഫ്രഞ്ച് പ്രസിഡന്റ്
3. അന്തോണി അൽബനീസ് - ഓസ്ട്രേലിയൻ പ്രധാനമന്ത്രി
4. ഋഷി സുനക് - യു.കെ പ്രധാനമന്ത്രി
ഡൽഹി എൻ.എസ്.ജി വലയത്തിൽ
ജി 20 ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാൻ അടക്കം നിർണായക കേന്ദ്രങ്ങളുടെ സുരക്ഷയ്‌ക്ക് എൻ.എസ്.ജിയെ (നാഷണൽ സെക്യൂരിറ്റി ഗാർഡ്) നിയോഗിക്കും. ഡ്രോൺ ആക്രമണ ഭീഷണി നേരിടാൻ ആന്റി ഡ്രോൺ സംഘങ്ങളെ വിന്യസിക്കും. ബഹുനില മന്ദിരങ്ങളിലെ നിരീക്ഷണം ഇവരുടെ ചുമതലയായിരിക്കും. ഡൽഹി പൊലീസിനെയും, മറ്റ് സുരക്ഷാ സേനകളെയും എൻ.എസ്.ജി ഏകോപിപ്പിക്കും. ഏത് ഭീകരാക്രമണത്തെയും നേരിടാനുള്ള സന്നാഹമുണ്ടാകും. രാസ, ജൈവ, ന്യൂക്ലിയർ ആക്രമണങ്ങൾ നേരിടാനും സജ്ജമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |