ഇന്ദിരാ ഗാന്ധിയുടെ മകനും മുൻ കോൺഗ്രസ് എം.പിയുമായിരുന്ന സഞ്ജയ് ഗാന്ധിയുടെ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തി മുതിർന്ന മാദ്ധ്യമപ്രവർത്തക അനിതാ പ്രതാപ്. 1975 കാലഘട്ടത്തിൽ തന്റെ അച്ഛന് സഞ്ജയ് ഗാന്ധിയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് അനിതയുടെ വെളിപ്പെടുത്തൽ. സഫാരി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറയുന്നത്.
അനിതയുടെ വാക്കുകൾ-
''എന്റെ ഫാദർ ടാറ്റ സ്റ്റീൽ കമ്പനിയിലാണ് ജോലി ചെയ‌്തത്. തുടക്കം മുതൽ അവസാനം വരെ ഒറ്റ കമ്പനിയിലേ അദ്ദേഹം ജോലി ചെയ‌്തിട്ടുള്ളൂ. ഇത്രയും നല്ലൊരു കമ്പനി ഞാൻ കണ്ടിട്ടില്ല. എല്ലാ സ്ഥലത്തും നല്ല ഒന്നാന്തരം ഫെസിലിറ്റീസ് ആണ് കമ്പനി കൊടുക്കുന്നത്. ടാറ്റയിൽ കയറിയാൽ എംപ്ളോയിസ് പോകത്തില്ല. അതുപോലെ സ്നേഹത്തോടെയാണ് അവർ എംപ്ലോയിസിനെ ട്രീറ്റ് ചെയ്യുന്നത്.
അക്കാലത്തും ടാറ്റ സ്‌റ്റീൽ കേമപ്പെട്ട കമ്പനിയാണ്. സ്റ്റീലിന് ഭയങ്കര ക്ഷാമമുള്ള സമയമായിരുന്നു അത്. പലതും ബ്ളാക്കിലാണ് വിൽക്കുന്നത്. സ്‌റ്റീൽ കിട്ടണമെങ്കിൽ ഫാദറിന്റെ സിഗ്നേച്ചർ ആവശ്യമായിരുന്നു. സ്‌റ്റീലിന്റെ കുറിച്ചുള്ള തീരുമാനം എടുക്കുന്നതിന് സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ഹെഡ് ഫാദർ ആയിരുന്നു. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സ്റ്റീൽ സാംഗ്ഷൻ ചെയ്യാൻ കഴിയില്ല.
ഒരുദിവസം സഞ്ജയ് ഗാന്ധി ഓഫീസിലെത്തി അച്ഛനെ കണ്ടു. ഇത്ര ടൺ സ്‌റ്റീൽ വേണമെന്നായിരുന്നു ആവശ്യം. തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. പിറ്റേദിവസം മുതൽ വിരട്ടാൻ തുടങ്ങി. ഗുണ്ടകൾ വീട്ടിലെത്തിയായിരുന്നു ഭീഷണി. നിങ്ങളുടെ കൊച്ചിന്റെ തല പാഴ്‌സലിൽ വരുമെന്നായിരുന്നു അച്ഛനോട് അവർ പറഞ്ഞത്. മാനേജ്മെന്റ് കൂടെ നിന്നത് ധൈര്യം പകർന്നു. പിന്നീട് എമർജൻസി തുടങ്ങിയതോടെ കൂടുതൽ അപകടമാകുമെന്ന് കരുതി കൊൽക്കത്തയിലേക്ക് തിരികെവരികയായിരുന്നു''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |