തിരുവനന്തപുരം: കേരള കോൺഗ്രസിന് (ബി ) നൽകിയ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) ചെയർമാൻ സ്ഥാനം സി പി എം തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു. കേരള കോൺഗ്രസ് (ബി) പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് നടപടി.
കേരള കോൺഗ്രസ് (ബി) നേതാവും എം എൽ എയുമായ കെ ബി ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായും സി പി എം സംസ്ഥാന സെക്രട്ടറിയുമായും എൽ ഡി എഫ് കൺവീനറുമായും സംസാരിച്ചതിന് പിന്നാലെയാണ് നടപടി മരവിപ്പിച്ചത്. പുതിയ ഉത്തരവ് ഉടൻതന്നെ പുറത്തിറങ്ങും. സാങ്കേതിക പിഴവിനെ തുടർന്നാണ് ചെയർമാൻ സ്ഥാനം തിരിച്ചെടുത്തതായി കാട്ടിയുള്ള ഉത്തരവിറങ്ങിയതെന്ന് ഗണേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പ്രേംജിത്തിനെ നീക്കി സി പി എം നോമിനി എം രാജഗോപാലൻ നായരെ ചെയർമാനായി നിയമിച്ചാണ് പൊതുഭരണ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. മാറ്റിയ വിവരം അറിയില്ലെന്നും ഉത്തരവ് കണ്ടില്ലെന്നുമായിരുന്നു പ്രേംജിത്തിന്റെ പ്രതികരണം. പാർട്ടിയുമായി കൂടിയാലോചന നടത്താതെ സി പി എം ഏകപക്ഷീയമായി ചെയർമാൻ സ്ഥാനം തിരിച്ചെടുത്തതിൽ കടുത്ത അമർഷത്തിലായിരുന്നു നേതാക്കൾ.
രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം തികയ്‌ക്കുമ്പോൾ കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ഈ ഉറപ്പ് പാലിക്കുമോ എന്ന കാര്യത്തിൽ തീരുമാനം പോലും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു ഉണ്ടായിരുന്ന പദവി കാലാവധി പകുതിയെത്തിയപ്പോൾ തിരിച്ചെടുത്തത്. കേരള കോൺഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോൾ ആർ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവിയുൾപ്പെടെ നൽകിയാണ് മുന്നാക്ക കോർപ്പറേഷൻ ചെയർമാനാക്കിയത്.
സി പി എം അനുഭാവിയായ രാജഗോപാലൻ നായർ മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് ചെയർമാനുമായിരുന്നു. മുതിർന്ന അഭിഭാഷകനുമാണ്. കോർപ്പറേഷൻ ഭരണ സമിതിയാകെ കഴിഞ്ഞദിവസം പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |