തിരുവനന്തപുരം: സി.എസ്.ഐ സഭാ മോഡറേറ്ററായി തിരുവനന്തപുരം ബിഷപ്പ് ധർമരാജിനെ തിരഞ്ഞെടുത്തത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വൈദികരുടെയും ബിഷപ്പുമാരുടെയും വിരമിക്കൽ പ്രായം 67ൽ നിന്ന് 70 ആക്കിയ ഭരണഘടനാഭേദഗതിയും റദ്ദാക്കി. നാല് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി വിധിയിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നിരീക്ഷകനായി റിട്ട. ജഡ്ജിയെ നിയോഗിക്കും.
ശരിരായി തിരഞ്ഞെടുപ്പു നടത്താതെ നിയമഭേദഗതി കൊണ്ടുവന്നെന്നാരോപിച്ച് ദക്ഷിണ കേരള മഹാ ഇടവക മുൻ സെക്രട്ടറി ഡി. ലോറൻസാണ് കോടതിയെ സമീപിച്ചത്. സഭയുടെ ആസ്ഥാനം (സിനഡ്) ചെന്നൈ ആയതിനാലാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിനഡ് ചേർന്ന് ഭരണഘടനാ ഭേദഗതി വരുത്തിയാണ് സഭാ മോഡറേറ്ററുടെ പ്രായപരിധി 70 ആക്കിയത്. സഭയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ അവകാശം മോഡറേറ്ററിൽ നിക്ഷിപ്തമാക്കാനുള്ള ഭേദഗതിയും കൊണ്ടുവന്നു. കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇവയുടെ അവകാശം സി.എസ്.ഐ ട്രസ്റ്റിനായിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 24 മഹാഇടവകകളിലെ (ഡയോസിസ്) പ്രതിനിധികളാണ് സിനഡിൽ പങ്കെടുക്കുന്നത്. ഇതിൽ മൂന്നിൽ രണ്ട് മഹാഇടവകകളുടെ പിന്തുണയുണ്ടെങ്കിലേ നിയമഭേദഗതിക്ക് പ്രാബല്യമുള്ളൂ.
അപ്പീൽ നൽകുമെന്ന് നേതൃത്വം
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ദക്ഷിണകേരള മഹാഇടവക നേതൃത്വം പറഞ്ഞു. ബിഷപ്പുമാരുടെയും വൈദികരുടെയും പ്രായപരിധി 70 ആക്കാനുള്ള ഭേദഗതി സിനഡ് അംഗീകരിച്ചതാണ്. 24 മഹാഇടവകകളിൽ 16 എണ്ണത്തിന്റെ പിന്തുണ ഇതിനുണ്ടായിരുന്നു. എന്നാൽ ബംഗളൂരു ഡയോസിസിലെ തിരഞ്ഞെടുപ്പ് അവിടുത്തെ കോടതി റദ്ദാക്കി. അതോടെ സിനഡിലെ ഭൂരിപക്ഷം കുഞ്ഞു. ഇത് കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വിവിധ ഇടവകകളിലായി 550 വൈദികർ 67 കഴിഞ്ഞവരാണ്. അവരും കോടതിയെ സമീപിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |