നെടുമങ്ങാട്: ടിക്കറ്റെടുക്കാൻ നൽകിയ രൂപയുടെ ബാക്കി കെ.എസ്.ആർ.ടി.സി കണ്ടക്ടർ നൽകാത്തതിനാൽ വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ. രണ്ടുതവണ ചോദിച്ചിട്ടും ബാലൻസ് തിരികെ നൽകാൻ തയ്യാറാകാത്ത കണ്ടക്ടർ ദേഷ്യപ്പെടുകയും, ഒടുവിൽ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടതായും പരാതിയിൽ പറയുന്നു. ചുള്ളിമാനൂർ ആട്ടുകാൽ മരമറുത്ത കോൺതടത്തരികത്ത് വീട്ടിൽ അഖിലേഷിന്റെ മകൾ ഒൻപതാം ക്ലാസുകാരിക്കാണ് ഈ ദുരനുഭവമുണ്ടായത്.
ഇക്കഴിഞ്ഞ 5ന് രാവിലെയാണ് സംഭവം. നെടുമങ്ങാട് സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ പെൺകുട്ടി ആട്ടുകാൽ ജംഗ്ഷനിൽ നിന്ന് രാവിലെ 6.45ന് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ആർ.എസ്.കെ 244 നമ്പർ ബസിൽ കയറി. ടിക്കറ്റെടുക്കുന്നതിനായി കൈയിൽ ആകെയുണ്ടായിരുന്ന 100 രൂപയുടെ നോട്ട് കൊടുത്തു.18 രൂപയുടെ ടിക്കറ്റ് കൊടുത്തശേഷം കണ്ടക്ടർ ബാക്കി പിന്നെ നൽകാമെന്നു പറഞ്ഞു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ വണ്ടിയെത്തുന്നതിനിടയിൽ രണ്ടുതവണ കുട്ടി ചോദിച്ചിട്ടും ബാലൻസ് നൽകിയില്ലെന്നു മാത്രമല്ല, മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് ദേഷ്യപ്പെടുകയും കുട്ടിയെ അപമാനിച്ചു ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തുവെന്ന് നെടുമങ്ങാട് പൊലീസിന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
തിരികെ വീട്ടിലേക്ക് പോകാൻ പൈസയില്ലാത്തതിനാൽ കുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുകയായിരുന്നു.
വൈകിട്ട് ഏറെ വൈകിയാണ് കുട്ടി വീട്ടിലെത്തിയത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് ഈ ബസ് വൈകിട്ട് ഇതുവഴി വന്നപ്പോൾ പിതാവ് കണ്ടക്ടറോട് കാര്യം തിരക്കിയപ്പോൾ വളരെ മോശമായാണത്രേ പിതാവിനോടും ഇയാൾ പെരുമാറിയത്. തുടർന്നാണ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്.
വിദ്യാർത്ഥിനിയോടും പിതാവിനോടും മോശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |