തിങ്കളാഴ്ച സൂര്യനുദിക്കുന്നതിന് മുമ്പ് പുലർച്ചെ 2.51 ന് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ യാനം യാത്ര തുടങ്ങും. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ പേടകം ജി.എസ്.എൽ.വി. മാർക്ക് ത്രീ എം. വൺ റോക്കറ്റിൽ കുതിച്ചുയരുമ്പോൾ നെഞ്ചിടിപ്പോടെ അതിന്റെ അമരക്കാരായി നിൽക്കുന്നത് രണ്ട് വനിതകളായിരിക്കും. ഉത്തരേന്ത്യക്കാരി റിതു കൃതാലും ദക്ഷിണേന്ത്യക്കാരി മുത്തയ്യ വനിതയും. ഒരാൾ മിഷൻ ഡയറക്ടറും മറ്റേയാൾ വെഹിക്കിൾ ഡയറക്ടറുമാണ്. ലോകത്ത് തന്നെ ആദ്യമായാണ് ഒരു നിർണായക ബഹിരാകാശപദ്ധതിയുടെ അമരത്തെ രണ്ട് സുപ്രധാന പദവികളും വനിതകളെ ഏൽപിക്കുന്നത്. 978 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്.
ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റ് ചന്ദ്രയാനെ ബഹിരാകാശത്തെത്തിക്കും. പിന്നീടങ്ങോട്ട് ചന്ദ്രയാനിന്റെ തനിച്ചുള്ള ഗ്രഹാന്തര യാത്രയാണ്. പതിമൂന്നോളം ഉപകരണങ്ങളും വഹിച്ചുള്ള ആ യാത്രയെ ഇന്ത്യയിലിരുന്ന് ശാസ്ത്രജ്ഞർ നിയന്ത്രിക്കും. പതിനാറ് ദിവസം ഭൂമിയെ വലംവച്ച് പിന്നെ ഒന്നു കുതിച്ച് തെന്നിമാറി പിന്നീടുള്ള 32 ദിവസം ചന്ദ്രനെ വലംവെച്ച് പിന്നെ തക്കം നോക്കി അടുത്ത് ചെന്ന് ലക്ഷ്യം കണക്കാക്കി ചന്ദ്രന്റെ തെക്കേ ധ്രുവചരവിൽ പതിഞ്ഞിറങ്ങുന്നതാണ് ചന്ദ്രയാനിന്റെ യാത്രാപദ്ധതി. ഇന്ത്യയ്ക്ക് മുമ്പ് ചന്ദ്രനിലേക്ക് പുറപ്പെട്ട റഷ്യയും അമേരിക്കയും ചൈനയും ചന്ദ്രനെ തൊട്ടത് മദ്ധ്യഭാഗത്താണ്. വെള്ളവും ഇരുട്ടും നിറഞ്ഞ തെക്കേ ധ്രുവത്തിൽ ആദ്യമായി തൊടുന്നത് ഇന്ത്യയായിരിക്കും. അതുതന്നെയാണ് ചന്ദ്രയാൻ 2 ന്റെ കൗതുകവും അതോടൊപ്പം വെല്ലുവിളിയും. ഇതേ വെല്ലുവിളിയും കൗതുകവും ചന്ദ്രയാനിന്റെ ഒരുക്കങ്ങളിലുമുണ്ട്. അമരത്ത് രണ്ട് സുപ്രധാനപദവികളിൽ സ്ത്രീകളുള്ളത് പോലെ അണിയറയിൽ പ്രധാനസ്ഥാനങ്ങളിൽ മലയാളികളാണ്. ചന്ദ്രയാനിനെ കൊണ്ടുപോകുന്ന റോക്കറ്റ് മുതൽ സോഫ്ട്വെയർ, വാർത്താവിനിമയം, ഡിജിറ്റൽ സംവിധാനങ്ങൾ, ഇന്ധനം തുടങ്ങി സുപ്രധാന കാര്യങ്ങളെല്ലാം നിർവഹിച്ചത് വി.എസ്.എസ്.സി ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ നാല് ഐ.എസ്.ആർ.ഒ യൂണിറ്റുകളിലാണ്.
റിതു എന്ന റോക്കറ്റ് വനിത
ലക്നോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ബിരുദവും ബാംഗ്ളൂർ ഐ.എസ്. എസ്.സിയിൽ നിന്ന് എയ്റോസ്പെയ്സ് എൻജിനിയറിംഗിൽ ഉപരിപഠനവും നടത്തിയ റിതു ചെറുപ്പം മുതലേ ബഹിരാകാശയാത്രയുടെ കൗതുകം ഉള്ളിൽ കൊണ്ടുനടക്കുന്ന ശാസ്ത്രജ്ഞയാണെന്നാണ് ചന്ദ്രയാൻ1 ന്റെ മിഷൻ ഡയറക്ടറായിരുന്ന ഡോ.എം. അണ്ണാദുരെ പറയുന്നത്. റിതുവിനെയും വനിതയെയും നിർണായക പദവി ഏൽപിക്കുന്നതിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ. ശിവനൊപ്പം പങ്ക് വഹിച്ച മുതിർന്ന ശാസ്ത്രജ്ഞനാണ് അണ്ണാദുരെ. ലക്നോവിലെ ഇടത്തരം കുടുംബത്തിൽ നിന്നുളള റിതു അഭിനിവേശം ഒന്നുകൊണ്ടുമാത്രമാണ് ഗ്രഹാന്തരയാത്രാ ദൗത്യങ്ങളിലെത്തിയത്. 2013 ലെ മംഗൾയാൻ പദ്ധതിയായിരുന്നു ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരയാത്ര. അതിൽ ഡെപ്യൂട്ടി ഒാപറേഷൻ ഡയറക്ടറായിരുന്നു റിതു. പിന്നീട് റോക്കറ്റ് വനിതയെന്ന ഒാമനപേരിൽ അറിയപ്പെട്ട റിതുവിന് സാക്ഷാൽ റോക്കറ്റ് മനുഷ്യനായ എ.പി.ജെ. അബ്ദുൽകലാം മികച്ച യുവശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരവും നേരിട്ട് സമ്മാനിച്ചിട്ടുണ്ട്. മംഗൾയാനിലെ അനുഭവമാണ് റിതുവിനെ ചന്ദ്രയാൻ രണ്ടിലെത്തിച്ചത്.ചെയർമാൻ ഡോ. ശിവന്റെ ഭാഷയിൽ പറഞ്ഞാൽ ആശയവും ആവിഷ്കാരവുമാണ് മിഷൻ ഡയറക്ടറുടെ ചുമതല. അത് പദ്ധതിയുടെ തലച്ചോറാണ്. എപ്പോൾ, എവിടെ എങ്ങനെ ഒാരോന്നും വേർപെടണമെന്നത് നിശ്ചയിച്ച് നടപ്പാക്കുകയാണ് ചുമതല. ഒരു സോഫ്റ്റ് വെയർ പോലെ കൃത്യതയാർന്ന നിർവഹണമാണത്. മംഗൾയാനിൽ പങ്കാളിയായ റിതുവിന് അത് അനായാസമായി ചെയ്യാനാകും."
റിതുവിന് അഭിനിവേശമാണെങ്കിൽ മുത്തയ്യ വനിതയെന്ന തമിഴ്നാട്ടുകാരിക്ക് അത് വൈദഗ്ദ്ധ്യമാണ്. ഐ.എസ്.ആർ.ഒ.യിലെ ആദ്യ വനിതാ വെഹിക്കിൾ ഡയറക്ടറാണ് വനിത. ചന്ദ്രയാൻ വെഹിക്കിൾ ഡയറക്ടറായി നിർദ്ദേശിച്ചപ്പോൾ വനിതയ്ക്ക് ഭയമായിരുന്നുവെന്ന് ഡോ. അണ്ണാദുരെ പുഞ്ചിരിയോടെ പറഞ്ഞു. എന്നാൽ ഐ.എസ്.ആർ.ഒയിലെ മികച്ച ടെലിമെട്രി, ടെലി കമ്മ്യൂണിക്കേഷൻ, ഡാറ്റാ ഹാൻഡിലിംഗ് എന്നിവയിൽ അത്ഭുതകരമായ കഴിവാണ് വനിതയ്ക്കുള്ളത്. അതുകൊണ്ടു തന്നെയാണ് വെഹിക്കിൾ ഡയറക്ടറായി വനിതയെത്തന്നെ നിയോഗിച്ചത്. ചുമതലയേറ്റതുമുതൽ ദിവസവും പതിനെട്ട് മണിക്കൂറോളമാണ് വനിത ജോലി ചെയ്യുന്നതെന്ന് ഡോ. അണ്ണാദുരെ പറഞ്ഞു.
അണിയറയിൽ മലയാളികൾ
ചന്ദ്രയാൻ 2 പേടകവും വഹിച്ച് ബഹിരാകാശത്തേക്ക് പായുന്നത് ജി.എസ്.എൽ.വി. മാർക്ക് 3 എം 1 റോക്കറ്റാണ്. ഇത് നിർമ്മിച്ചത് തിരുവനന്തപുരത്തെ വി.എസ്.എസ്.സി.യിലാണ്. വി.എസ്.എസ്. സി. ഡയറക്ടർ എസ്..സോമനാഥാണ് ഇതിന്റെ മേൽനോട്ടം പൂർണ്ണമായും വഹിച്ചത്. കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ സ്വർണ്ണമെഡലോടെ പഠനം പൂർത്തിയാക്കി 1985 ൽ ഐ.എസ്.ആർ.ഒ.യിലെത്തിയ സോമനാഥ് ബാംഗ്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പെയ്സ് എൻജിനിയറിംഗിൽ റോക്കറ്റിന്റെ ഘടനയിലും രൂപകൽപനയിലും ഡൈനാമിക്സിലും സ്പെഷ്യലൈസേഷനും നേടി. രാജ്യത്തെ അറിയപ്പെടുന്ന റോക്കറ്റ് സാങ്കേതിക വിദഗ്ധനായ സോമനാഥാണ് ജി.എസ്.എൽ.വി. റോക്കറ്റ് തദ്ദേശീയമായി വികസിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത്. 2014 ൽ ജി.എസ്.എൽ.വി.യുടെ ആദ്യപരീക്ഷണം വരെ അതിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ചന്ദ്രയാൻ പദ്ധതിക്കായി ജി.എസ്.എൽ.വി. യുടെ പരിഷ്ക്കരിച്ച ശക്തിയേറിയ പതിപ്പ് ഒരുക്കുമ്പോൾ അദ്ദേഹം വി.എസ്.എസ്.സി.യുടെ തന്നെ ഡയറക്ടറായി മുന്നിലുണ്ടായിരുന്നു. മദ്രാസ് എം.ഐ.ടി പഠിച്ചിറിങ്ങിയ കൊല്ലം സ്വദേശിയായ ജെ.. ജയപ്രകാശാണ് ജി.എസ്.എൽ.വി.യുടെ മിഷൻ ഡയറക്ടർ. പത്തനംതിട്ട സ്വദേശിയും ഖരഗ്പൂർ ഐ.ഐ.ടി.യിൽ നിന്ന് പഠിച്ചിറങ്ങിയ കെ. സി. രഘുനാഥപിള്ളയാണ് ജി.എസ്.എൽ.വി.യുടെ വെഹിക്കിൾ ഡയറക്ടർ.തിരുവനന്തപുരം സി.ഇ.ടി.യിൽ നിന്നുള്ള മല്ലപ്പള്ളി സ്വദേശിയായ പി.എം. എബ്രഹാമാണ് അസോസിയേറ്റ് വെഹിക്കിൾ ഡയറക്ടർ. ഇവർക്കെല്ലാം പുറമെ തിരുവനന്തപുരം സി.ഇ.ടി.യിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശിയായ ജി.നാരായണൻ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറായി ചന്ദ്രയാൻ 2 മിഷനിലുണ്ട്. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം മുൻ ഡയറക്ടറും ഇപ്പോൾ ഐ. എസ്. ആർ.ഒ.യുടെ സാറ്റലൈറ്റ് സെന്റർ ഡയറക്ടറുമായ പയ്യന്നൂർ സ്വദേശി കുഞ്ഞികൃഷ്ണനാണ് ചന്ദ്രയാൻ 2 പേടകത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. ഇവരുടെയെല്ലാം ടീമിൽ നിരവധി മലയാളിശാസ്ത്രജ്ഞരും എൻജിനിയർമാരും ചന്ദ്രയാന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെയെല്ലാം കഠിനാധ്വാനത്തിന്റെ ആകെതുകയാണ് തിങ്കളാഴ്ച രാജ്യത്തിന് അഭിമാനമായി വൻ കുതിപ്പിനൊരുങ്ങുന്നത്.(തുടരും)
(തുടരും)
നാളെ: ബാഹുബലിയുടെ കരുത്തിൽ ചന്ദ്രയാൻ 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |