സ്വന്തം അമ്മയ്ക്ക് തുല്യം സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന, അമ്മയുടെ പ്രിയപ്പെട്ട ആത്മസുഹൃത്തിനെ കാണാനെത്തി നടൻ മോഹൻലാൽ. പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ പി. കേശവദേവിന്റെ ഭാര്യ സീതാലക്ഷ്‌മി കേശവദേവിനെ കാണാൻ ഏറെനാളുകൾക്കുശേഷം മോഹൻലാൽ എത്തിയതിന്റെ ചിത്രങ്ങൾ മകനും പ്രമേഹരോഗ വിദഗ്ദനുമായ ജ്യോതിദേവ് കേശവദേവ് പങ്കുവച്ചത് ഏറെ ശ്രദ്ധനേടുകയാണ്.
'പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോൾ...വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം'- എന്ന കുറിപ്പോടെയാണ് ജ്യോതിദേവ് ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചത്.
മൂന്നാമത്തെ വയസിൽ മാതാപിതാക്കളായ വിശ്വനാഥൻ നായർക്കും ശാന്തകുമാരിയ്ക്കും ഒപ്പം തിരുവനന്തപുരത്തെ മുടവൻമുകളിൽ താമസത്തിനെത്തുമ്പോൾ കേശവദേവും കുടുംബവുമായിരുന്നു മോഹൻലാലിന്റെ ഏക അയൽക്കാർ. കേശദേവിന്റെ ഭാര്യയായ സീതാലക്ഷ്‌മിയെ മോഹൻലാലിന്റെ അമ്മ ചെന്ന് പരിചയപ്പെടുകയായിരുന്നു.
അധികം വൈകാതെ തന്നെ പരിചയം വളർന്ന് സീതാലക്ഷ്‌മിയും ശാന്തകുമാരിയും അടുത്ത സുഹൃത്തുക്കളായി മാറി. അമ്മമാരുടെ സൗഹൃദം ഇരുകുടുംബങ്ങൾക്കുമിടയിൽ ശക്തമായ ആത്മബന്ധത്തിന് അടിത്തറയിട്ടു. തിരുവനന്തപുരത്തെ വീട്ടിലെത്തുമ്പോഴെല്ലാം മാതൃതുല്യയായ സീതാലക്ഷ്‌മിയെ കാണാൻ മോഹൻലാൽ ഓടിയെത്താറുണ്ട്.
ഡോ. ജ്യോതിദേവിനും മോഹൻലാലിന്റെ അമ്മ സ്വന്തം അമ്മയെ പോലെയാണ്. ഏറെകാലം ജ്യോതിദേവിന്റെ പേഷ്യന്റായിരുന്നു ശാന്തകുമാരി. ഇന്നും ശാന്തകുമാരിയമ്മയെ കാണാൻ ജ്യോതിദേവും കുടുംബവും കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിലെത്താറുണ്ട്. മോഹൻലാലും ജ്യോതിദേവും സഹോദരതുല്യമായ അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. കേശവദേവ് ട്രസ്റ്റും ജ്യോതിദേവും നേതൃത്വം നൽകുന്ന പ്രമേഹരോഗ ബോധവത്‌കരണ പരിപാടികളിൽ പലപ്പോഴും മോഹൻലാൽ ഭാഗമാകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |